Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Monday, July 16, 2007

ഡ്രൈവിംഗ് പരീക്ഷണങ്ങള്‍ ഒന്നാം ഭാഗം അഥവാ സൈക്കിള്‍ യജ്ഞം

പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങിയപ്പോള്‍ മുതല്‍ ഈയുള്ളവന്റെ ആഗ്രഹമായിരുന്നു സൈക്കിളോടിക്കാന്‍ പഠിക്കുക എന്നത്. അതെങ്ങനാ? സൈക്കിള്‍ വാടകയ്‌ക്ക് കിട്ടണമെങ്കില്‍ മൂന്നുകിലോമീറ്റര്‍ നടന്നുപോയി ഒരു കടയിലെത്തണം. ഇനി പോകാമെന്നുവെച്ചാല്‍ തന്നെ, ആര് പഠിപ്പിക്കും? ഇനി പഠിപ്പിക്കാന്‍ ആരെയെങ്കിലും കിട്ടിയെന്നും വെക്കുക, സ്‌ക്കൂളിലേക്കുള്ള ബസ്സുകാശ് തന്നെ രാഹുകാലം നോക്കി അമ്മ വഴി അച്ഛനോട് പറഞ്ഞാല്‍ മാത്രം കിട്ടിയിരുന്ന കാലത്ത്, സൈക്കിള്‍ വാടകയ്‌ക്കെടുക്കാനാണെന്നും പറഞ്ഞാല്‍ ചിലപ്പോള്‍ ഭാവിയില്‍ വല്ല ജയ്പ്പൂര്‍ കാലും വെച്ച് സൈക്കിള്‍ ചവിട്ടേണ്ടിവരും. കാരണം, ആവശ്യമില്ലാത്ത പണിക്ക് പോയാല്‍ മുട്ടുകാലുതല്ലിയൊടുക്കുമെന്ന് അച്ഛന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അച്ഛനെ നല്ല പേടിയുണ്ടായിരുന്നതുകൊണ്ടും ഈ സൈക്കിള്‍ പഠനം എന്ന എന്റെ ആവശ്യം ഒരു അനാവശ്യമായി അമ്മയ്‌ക്ക് തോന്നിയിരുന്നതുകൊണ്ടും എനിക്കുവേണ്ടി സൈക്കിളിന്റെ കാര്യത്തില്‍ വക്കാലത്ത് പറയാന്‍ അമ്മയും വന്നില്ല. അങ്ങനെ സൈക്കിള്‍ ഓടിക്കുവാന്‍ പഠിക്കുക എന്നത് ഒരു സ്വപ്നമായി ഞാന്‍ കുറെ നാള്‍ കൊണ്ടുനടന്നു.

ഒടുവില്‍ ആറാം ക്ലാസിലെത്തിയപ്പോഴാണ് എനിക്ക് പഠിക്കുവാനായി ഒരു സൈക്കിള്‍ അച്ഛന്റെ സുഹൃത്തായ കുഞ്ഞപ്പന്‍ ചേട്ടന്‍ വശം ദൈവം തമ്പുരാന്‍ കൊടുത്തയച്ചത്. കുഞ്ഞപ്പന്‍ ചേട്ടന് അക്കാലത്ത് അങ്ങാടിയില്‍ ഒരു *ആല ഉണ്ടായിരുന്നു. അവിടെ പോകുവാനായി സ്വന്തമായി അസംബിള്‍ ചെയ്‌തെടുത്തതാണ് ആ സൈക്കിള്‍. ഒട്ടും ആഢംബരപ്രിയനല്ലാത്തതുകൊണ്ട് ബെല്ല്, ബ്രേയ്‌ക്ക്, മഡ്‌ഗാര്‍ഡ്, സ്റ്റാന്‍ഡ് ഇത്യാദിയൊന്നുമില്ലാതെയും, ത്രികോണാകൃതിയില്‍ വെട്ടിയുണ്ടാക്കിയ ഒരു മരക്കഷണം സീറ്റായി ഉപയോഗിച്ചുമായിരുന്നു കുഞ്ഞപ്പന്‍ ചേട്ടന്‍ സ്വന്തം ശകടത്തെ കൊണ്ടുനടന്നിരുന്നത്. പിറകിലത്തെ ചക്രത്തിന്റെ ബ്രേയ്‌ക്കില്‍ നിന്നും സൈക്കിളിന്റെ ഹാന്‍ഡിലിലേക്കെത്തുന്ന ഒരു കമ്പിക്കഷണം, അതില്‍ എഴുന്നേറ്റ് നിന്ന് ചവിട്ടി കൃത്യമായി ബ്രേയ്‌ക്ക് നിയന്ത്രിക്കുവാനും അങ്ങേര്‍ക്കറിയാമായിരുന്നു. എന്തായാലും ഇറക്കത്ത് പെഡല്‍ ചവിട്ടേണ്ട കാര്യമില്ല, പിന്നെ ആ കാലുകൊണ്ട് ബ്രേയ്‌ക്ക് ചവിട്ടുന്നതുകൊണ്ട് എന്താണ് കുഴപ്പം? മോട്ടോര്‍ സൈക്കിള്‍ മോഡലില്‍ കാ‍ലുകൊണ്ട് ബ്രേയ്‌ക്ക് ചവിട്ടാവുന്ന ഇങ്ങനെയൊരു സൈക്കിള്‍ ആ നാട്ടില്‍ കുഞ്ഞപ്പന്‍ ചേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതിന്റെ അഹങ്കാരമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. മഴക്കാലമായാല്‍ കുഞ്ഞപ്പന്‍ ചേട്ടന്റെ വീട്ടിലേക്ക് സൈക്കിളിലുള്ള പോക്ക് അസാദ്ധ്യമായതിനാല്‍ എന്റെ വീടിന്റെ അരമതിലില്‍ ചാരിയായിരുന്നു ആ സൈക്കിള്‍ അക്കാലത്ത് ഉറങ്ങിയിരുന്നത്. സൈക്കിളെന്നല്ല, നടന്നുതന്നെ പോകുവാന്‍ വളരെ ബുദ്ധിമുട്ടുള്ള രീതിയില്‍ മുട്ടൊപ്പം ചെളി നിറഞ്ഞതായിരുന്നു അങ്ങോട്ടുള്ള അക്കാലത്തെ വഴി.

സ്വന്തം വീടിനുമുന്നില്‍ സ്ഥിരമായി ഒരു സൈക്കിള്‍ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ എനിക്കൊരാഗ്രഹം. എന്തുകൊണ്ട് എനിക്ക് തനിയെ ഇതുകൊണ്ട് സൈക്കിളോടിക്കാന്‍ പഠിച്ചുകൂടാ ? എന്തായാലും വൈകുന്നേരം മുതല്‍ രാവിലെ വരെ ആ സൈക്കിള്‍ അവിടെ ചുമ്മാ ഇരിക്കുകയാണ്. പ്രത്യേകിച്ച് പെട്രോളോ ഡീസലോ ഒന്നും ഒഴിക്കണ്ട താനും. അച്ഛന്‍ പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. ഈ രണ്ട് രണ്ടര മണിക്കൂര്‍ സൈക്കിള്‍ പഠനത്തിനായി വിനിയോഗിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അന്നു് രാത്രി കൈവിട്ട് സൈക്കിളോടിക്കുന്നതും സൈക്കിളില്‍ അനിയനെ പിറകിലിരുത്തി ഡബിള്‍സടിക്കുന്നതും ഞാന്‍ സ്വപ്‌നം കണ്ടു.

പിറ്റേന്ന് വൈകിട്ട് ഗണപതിയെ ധ്യാനിച്ച് സൈക്കിളിലെ ഹാന്‍ഡിലില്‍ തൊട്ട് കൈ നെഞ്ചോട് ചേര്‍ത്ത് ഒരു മിനിറ്റ് പ്രാര്‍ത്ഥിച്ച് പഠനം തുടങ്ങി. അപ്പോഴാണ് വേറൊരു പ്രശ്‌നം. സൈക്കിളിന്റെ സീറ്റിലിരിക്കാന്‍ കാലെത്തില്ല. *ഇടങ്കാലിട്ടുചവിട്ടാന്‍ അറിയത്തില്ല താനും. എന്റെ വിഷമാവസ്ഥ മുന്‍‌കൂട്ടി അറിഞ്ഞിരുന്ന ദൈവം, സീറ്റില്ലെങ്കിലും പണിയായുധങ്ങള്‍ വെക്കുവാനായി കാരിയര്‍ പോലൊരു സംഭവം ആ സൈക്കിളിന്റെ പിറകില്‍ വെച്ചുപിടിപ്പിക്കുവാന്‍ കുഞ്ഞപ്പന്‍ ചേട്ടനെക്കൊണ്ട് തോന്നിപ്പിക്കുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും ചെയ്‌തിരുന്നു. ആ കാരിയറില്‍ ഇരുന്നാല്‍ കഷ്‌ടിച്ച് പെരുവിരല്‍ നിലത്തുമുട്ടും. ഇത്രേം മതി. ഞാനുറപ്പിച്ചു. എന്റെ വീട് ഒരു ഇറക്കത്തിലായിരുന്നതുകൊണ്ട് പതിയെ ഈ സാധനവും ഉന്തിക്കോണ്ട് ഞാന്‍ കയറ്റം കയറി.

അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ഞാന്‍ സൈക്കിളിന്റെ കാരിയറിലിരുന്നു. ഏന്തിവലിഞ്ഞാല്‍ ഹാന്‍ഡിലില്‍ പിടിക്കാം. അങ്ങനെയിരുന്ന് കാലൊന്ന് പൊന്തിച്ചുനോക്കി. സൈക്കിള്‍ ആദ്യം പതിയെ, പിന്നെ വേഗത്തില്‍ സൈക്കിള്‍ താഴെക്കുരുണ്ടുതുടങ്ങി. ഇടയ്‌ക്ക് ചെരിയുമ്പോള്‍ ഞാന്‍ കാലുകുത്തി ഒരു തരത്തില്‍ അഡ്‌ജസ്റ്റ് ചെയ്‌തുകൊണ്ടിരുന്നു. സൈക്കിളിന്റെയൊപ്പം പിറകിലത്തെ സീറ്റിലിരുന്നോടി വലിയ കുഴപ്പമൊന്നുമില്ലാതെ ആദ്യവട്ടം പൂര്‍ത്തിയാക്കി. ആവേശത്തില്‍ ഞാന്‍ പിന്നെയും സൈക്കിളുന്തി കയറ്റം കയറി. ഇത്തവണ നേരത്തേതിലും നന്നായി താഴെയെത്തി. ആറേഴുവട്ടമായപ്പോള്‍ കാലുകുത്താതെ തന്നെ താഴെയെത്താം എന്ന അവസ്ഥയിലായി. ങ്ഹും...! എന്നോടാ കളി..! ലോകത്ത് ആദ്യമായി തനിയെ സൈക്കിളോടിക്കാന്‍ പഠിക്കുന്നവന്‍ എന്ന അഹങ്കാരം, അന്നറിയാവുന്ന ഏതോ സിനിമാപ്പാട്ടിന്റെ രൂപത്തില്‍ പുറത്തുവന്നു. വീണ്ടും ഞാന്‍ സൈക്കിള്‍ ഉന്തിക്കയറ്റി മുകളിലെത്തി. അതിരുകവിഞ്ഞ ആത്മവിശ്വാസം ഇപ്രാവശ്യം എന്തായാലും കാലുകുത്തുന്നില്ല എന്ന കടുത്ത തീരുമാനമെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഇത്തവണയും കാരിയറിലിരിക്കുന്ന എന്നെയും വഹിച്ച് പൂര്‍വ്വാധികം ഭംഗിയായി സൈക്കിള്‍ താഴേക്കുരുണ്ടു. പകുതി വഴിയായപ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് സൈക്കിളിനൊരു ശങ്ക... ഹാന്‍ഡിലിലും അതിനുതാഴെ ഉണ്ടായിരുന്ന ചെറിയ കമ്പിയിലും മുറുകിപ്പിടിച്ചത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. പിന്നെ, ഭൂമി കീഴ്‌മേല്‍ മറിയുന്നതുപോലൊരു തോന്നലും അതോടൊപ്പം ഏതോ ഗുഹയില്‍ നിന്നെന്ന പോലെ “പ്‌ധും“ എന്നൊരു ശബ്‌ദവും ഒരുമിച്ചായിരുന്നു. വിഷുക്കാലമല്ലാഞ്ഞിട്ടും പട്ടാപ്പകലായിരുന്നിട്ടും ചക്രവും മത്താപ്പുമൊക്കെ കണ്മുന്നില്‍ കത്തിക്കറങ്ങി. കണ്ണുതുറന്ന് നോക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. സൈക്കിളെങ്ങോട്ടുപോയി ? അല്ല, ഞാനെവിടാ ഈ കിടക്കുന്നത് ? ഭാഗ്യത്തിന് വഴിയരികിലെ ഒരു കയ്യാലക്കുഴിയില്‍ ഉണക്കത്തേക്കില പൊഴിഞ്ഞുകിടക്കുന്നതിനുമുകളിലേക്ക് കൃത്യമായായിരുന്നു ഞാന്‍ പറന്നുവീണത്. സൈക്കിള്‍ കേടുപാടൊന്നുമില്ലാതെ കുറെ മാറി റെസ്റ്റെടുക്കുന്നു..! എഴുന്നേല്‍ക്കാന്‍ നോക്കി, കൈക്കും കാലിനുമൊക്കെ ഒരു വേദന. ഒരു വിധത്തില്‍ സൈക്കിളെടുത്തുനിവര്‍ത്തി. ഹാന്‍ഡിലും മുമ്പിലത്തെ ചക്രവും തമ്മില്‍ ഏതാണ്ട് നാല്‍പ്പത്തഞ്ച് ഡിഗ്രി ചെരിഞ്ഞിരിക്കുന്നു..! നിവര്‍ത്താന്‍ നോക്കിയിട്ട് നിവരുന്നുമില്ല. അങ്ങനെ തന്നെ ഉന്തിക്കൊണ്ട് വീട്ടിലെ അരമതിലില്‍ തന്നെ സൈക്കിള്‍ ചാരിവെച്ചു. ഇത്തവണ സൈക്കിളിന്റെ മുന്‍‌വശം പിറകോട്ടാ‍ക്കിയായിരുന്നു ചാരി വെച്ചത്.

രാവിലെ കുഞ്ഞപ്പന്‍ ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ തലേന്ന് രാത്രി ആലോചിച്ചുകൂട്ടിയ ഐഡിയ പുറത്തെടുത്തു.

“കുഞ്ഞപ്പന്‍ ചേട്ടാ, ഇന്നലെ എന്റെ കൈ തട്ടി സൈക്കിള്‍ മറിഞ്ഞുവീണു, അതിന്റെ ഹാന്‍ഡില്‍ തിരിഞ്ഞുപോയി എന്നുതോന്നുന്നു..!”
“അത്രേയൊള്ളോ..! അത് സാരോല്ല..!”

എന്നു പറഞ്ഞ് അദ്ദേഹം സൈക്കിളിന്റെ മുന്‍‌ചക്രം കാലിന്റെയിടയിലാക്കി പിടിച്ച് ഹാന്‍ഡില്‍ ഒറ്റത്തിരിക്കല്‍..! ദാ ഇപ്പോ സൈക്കിള്‍ പഴയപടി ആയിരിക്കുന്നു..! അതുമോടിച്ചോണ്ട് അങ്ങേര്‍ ആലയിലേക്ക് പോകുന്നത് ഞാന്‍ ആരാധനയോടെ കണ്ടുനിന്നു.

ആ സംഭവത്തോടെ ഞാനൊരു കാര്യം മനസ്സിലാക്കി. ഈ സൈക്കിളിനൊക്കെ രണ്ടുതരം ബ്രേയ്‌ക്കുണ്ട്. ഫ്രണ്ട് ബ്രേയ്‌ക്കും ബാക്ക് ബ്രേയ്‌ക്കും. വലതുവശത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന് താഴെ കാണുന്ന ചെറിയ കമ്പിക്കഷണമാണ് ഫ്രണ്ട് ബ്രേയ്‌ക്ക്. നല്ല വേഗത്തില്‍ പോവുമ്പോള്‍ ഇത് ഹാന്‍‌ഡിലിനോട് ചേറ്ത്ത് പിടിച്ചാല്‍, പ്രത്യേകിച്ചും ഇറക്കത്തിലാണെങ്കില്‍ തലയും കുത്തി താഴെ വീഴുമെന്നത് നൂറുതരം..! അത് സീറ്റിലെന്നല്ല, കാരിയറില്‍ ഇരുന്നാല്‍ പോലും..! അതോടൊപ്പം കുഞ്ഞപ്പന്‍ ചേട്ടന്റെ സൈക്കിളിന് ബെല്ലും ബ്രേയ്‌ക്കുമില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തിരിച്ചിങ്ങനെ പറയുന്നതും പതിവാക്കി.

“ങ്ഹും..! ബ്രേയ്‌ക്കില്ലാന്നോ..? നിനക്കറിയാമ്പാടില്ലാഞ്ഞിട്ടാ...! വേറൊരു സൈക്കിളിനും ഉണ്ടാകില്ല അത്രേം ബ്രേയ്‌ക്ക്..!”


*ആല - കൊല്ലന്മാര്‍ പണിയെടുക്കുവാനായി കെട്ടിയുണ്ടാക്കുന്ന ഷെഡ്ഡ്. വര്‍ക്ക്‍ഷോപ്പിന്റെ പഴയ രൂപം.
*ഇടങ്കാലിട്ടു് ചവിട്ടുക - നിന്നുകൊണ്ട്, ഒരു കാല്‍ സൈക്കിളിന്റെ ക്രോസ് ബാറിനുതാഴെക്കൂടെ നീട്ടി അപ്പുറത്തെ പെഡലില്‍ ചവിട്ടി, പെഡല്‍ അര്‍ദ്ധവൃത്താകൃതിയില്‍ മുമ്പോട്ടും പിറകോട്ടും കറക്കിക്കൊണ്ട് സൈക്കിളോടിക്കുന്നത്. സൈക്കിളില്‍ കാലെത്താത്ത കാലത്തൊക്കെ ഇങ്ങനെ കുട്ടികള്‍ ഓടിക്കുന്നത് കാണാം.

Monday, July 9, 2007

എന്നാലുമെന്റെ ജിന്‍സേ ...

അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പണിപഠിച്ചും പണികൊടുത്തും നടന്നിരുന്ന സമയത്താണ് ഞാനീ പറയുന്ന സംഭവം നടക്കുന്നത്. സഹപ്രവര്‍ത്തകനായ, ഞങ്ങളെല്ലാം തൊമ്മന്‍ എന്നുവിളിക്കുന്ന (മറ്റുപലതും വിളിക്കുമെങ്കിലും എല്ലാം ഇവിടെ എഴുതാനൊക്കില്ലല്ലോ..!) തോമസ് എന്ന കൂട്ടുകാരന്റെ വീട്ടില്‍ ഈസ്റ്റര്‍ ഘോഷിക്കുവാനായി എന്നെ വിളിക്കുന്നു. ഇതിനുമുമ്പ് പലപ്പോഴും മൂപ്പര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടും പോകാതിരുന്നതിലെ പരാതിയും പരിഭവവുമൊക്കെ ചേര്‍ത്താണ് ഇത്തവണത്തെ വിളി. (ആ വിളി ഒരു ഒന്നൊന്നര വിളിയായിരുന്നുവെന്ന് ചുരുക്കം) അന്ന് ഈ പറയുന്ന തൊമ്മനോ എനിക്കോ മൊബൈല്‍ ഫോണൊന്നും സ്വന്തമായില്ലാത്തതുകൊണ്ട് കക്ഷിയുടെ വീട്ടിലെ നമ്പര്‍ ഒരു കടലാസുകഷണത്തില്‍ കുറിച്ചെടുത്ത് പിറ്റേന്ന് അങ്ങെത്തിയേക്കാമെന്നും പറഞ്ഞ് ഈസ്റ്ററിന്റെ തലേന്ന് കക്ഷിയെ ഒരു വിധത്തില്‍ സമാധാനപ്പെടുത്തി കമ്പനിയില്‍ നിന്ന് യാത്രയാക്കി. ‘നിനക്കൊക്കുമെങ്കില്‍ വാ’ എന്ന ഒഴുക്കന്‍ ഡയലോഗാണ് അവന്‍ അവസാനം പറഞ്ഞതെങ്കിലും ‘ഇത്തവണയും വന്നില്ലെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ എന്റെ വായിലിരിക്കുന്നത് നീ കേള്‍ക്കും’ എന്നാണ് അവനുദ്ദ്യേശിച്ചതെന്ന് എനിക്ക് വളരെ നന്നായി മനസ്സിലാ‍യതുകൊണ്ട് എന്തായാലും വേണ്ടില്ല, പോയേക്കാമെന്ന് ഞാനും തീരുമാനിച്ചു.

പിറ്റേന്ന്, ഏതാണ്ട് പത്തുമണിയോടെ കിടക്കപ്പായയില്‍ നിന്നെണീറ്റുനോക്കിയപ്പോള്‍ സഹമുറിയന്‍ വിനേഷ് റൂമൊക്കെ വൃത്തിയാക്കിവെച്ചിരിക്കുന്നു..! ഇവിടെ ഈ പതിവില്ലാത്തതാണല്ലോ? മൂന്നുനാലുമാസമായി ഒരിക്കല്‍ പോലും ചൂലിന്റെ ഒരു പടം പോലും കണ്ടിട്ടില്ലാത്ത റൂമാണ് ദാ, പൊടിപോലുമില്ലാതെ വൃത്തിയാക്കിവെച്ചിരിക്കുന്നത്...!

“കൊള്ളാമല്ലോഡേയ്, ഇന്നെന്തുപറ്റി?” - ഞാന്‍
“ഓ, ഇന്ന് അമ്മാവന്‍ ഇങ്ങട് വരൂന്ന് പറഞ്ഞിട്ടൊണ്ടടെയ്‌ക്കാ.. അതോണ്ടാ..!”- അവന്‍
“വെറുതെയല്ല..! ഞാനോര്‍ക്കുവേം ചെയ്‌തു..!” - ഞാന്‍

ഊണിന്റെ സമയമാകുമ്പോഴേക്കും തൊമ്മന്റെ വീട്ടിലെത്തണമെന്ന ഉദ്ദ്യേശത്തോടെ ഞാന്‍ കുളിജപകര്‍മ്മങ്ങളും കഴിഞ്ഞ് ‘ചുന്ദരനായി’ പോകാനൊരുങ്ങി. പക്ഷെ, തലേന്ന് ഫോണ്‍‌നമ്പര്‍ എഴുതിവെച്ച കടലാസുകഷ്ണം കാണുന്നില്ല..!

“ഡാ, ഇവിടേരുന്ന കടലാസുകളൊക്കെന്ത്യേ..?”
“ഓ... അതോ.., അതൊക്കെ കൂട്ടീട്ട് ഞാന്‍ കത്തിച്ചുകളഞ്ഞു..!”

മഹാപാപീ..! ഒരിക്കലുമില്ലാത്ത നിന്റെ ക്ലീനിങ്ങ് കണ്ടപ്പോഴേ ഞാന്‍ കരുതി എനിക്കെന്തെങ്കിലും പണി കിട്ടുമെന്ന് എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ചുണ്ടില്‍ ഒരു ചിരി കഷ്ടപ്പെട്ട് ഫിറ്റ് ചെയ്ത് ഞാനവനോട് തൊമ്മന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. ഇന്നലെ വരെ പോകാനായി അരമനസ്സുമാത്രമുണ്ടായിരുന്ന ഞാന്‍, പോകാം എന്ന് തീരുമാനിച്ചതുമുതല്‍ ഉച്ചക്കത്തെ കോഴിക്കറിയുമായുള്ള മല്‍പ്പിടുത്തം ഇതിനോടകം പലതവണ സ്വപ്നം കണ്ടിരുന്നു..! അതുമാത്രമല്ല, അക്കാലത്തെ ആഴ്‌ചയിലെ ഏറ്റവും ദുരിതം പിടിച്ച രണ്ട് ദിവസങ്ങളായിരുന്നു ശനിയും ഞായറും. ആ ദിവസങ്ങളില്‍ മെസ് ഉണ്ടാകില്ല. ഹോട്ടല്‍ ഭക്ഷണം തന്നെ ശരണം. അന്ന് കിട്ടിയിരുന്നത് എണ്ണിച്ചുട്ട അപ്പം പോലെ ആയിരത്തിമുന്നൂറ് ക. വീട്ടുവാടകയും അത്യാവശ്യചിലവും കഴിയുമ്പോള്‍ തന്നെ ഈ കാ തീരും. ഒടുവില്‍ കാശുലാഭിക്കാന്‍ ഒരു വഴി കണ്ടെത്തിയത്, വെള്ളിയും ശനിയും രാത്രി വളരെ വൈകും വരെ ചീട്ടുകളിച്ചോണ്ടിരിക്കുക. അപ്പോള്‍ പിറ്റേന്ന് വൈകി, ഉച്ചയായിട്ടേ എഴുന്നേല്‍ക്കൂ. ഇതിനിടയിലെങ്ങാനും ഉറങ്ങുന്നവനെ ആരെങ്കിലും വിളിച്ചെഴുന്നേല്‍പ്പിച്ചാല്‍ അവന് ഭക്ഷണം വാങ്ങിക്കൊടുക്കേണ്ടത് വിളിച്ചെഴുന്നേല്‍പ്പിച്ചവന്റെ കടമയാണെന്നൊരു അലിഖിതനിയമവും ഞങ്ങളുണ്ടാക്കിയിരുന്നു. ബ്രേക്ക് ഫാസ്റ്റിന്റെ കാശ്‌ അവിടെ ലാഭിക്കുന്നു. പിന്നെ, മൂന്നുപേര്‍ക്കുള്ള പാര്‍സല്‍ ഊണ് വാങ്ങി അഞ്ചുപേര്‍ കഴിക്കുക. ഊണിന്റെ കാശിലും ഇങ്ങനെയിത്തിരി ഇവിടേം ലാഭിക്കുന്നു. അങ്ങനെയൊരു ഞായറാഴ്‌ചയാണ് ഈ സംഭവവും നടക്കുന്നത്. ഇനി അത് ഒഴിവാക്കുന്നതെങ്ങനെ..? തൊമ്മന്റെ വീട് പിറവത്തിനടുത്തെവിടെയോ ആണെന്നുമാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. പിറവത്ത് ബസ്‌സ്റ്റാന്‍ഡിനടുത്തുതന്നെ തൊമ്മന്റെ ഒരു കസിന് ഇന്റര്‍നെറ്റ് കഫേയുണ്ടെന്നും അവിടെ ചെന്നാല്‍ തൊമ്മന്റെ വീട്ടിലേക്കുള്ള വഴി കിട്ടുമെന്നൊക്കെ പറഞ്ഞ് അവനെന്നെ ആശ്വസിപ്പിച്ചു. മുമ്പൊരിക്കല്‍ ഈ പറഞ്ഞ കഫേയില്‍ ഞാനൊരു തവണ പോയതും ഈ പറയുന്ന കസിനെ പരിചയപ്പെട്ടതുമൊക്കെ പെട്ടെന്നെനിക്കോര്‍മ്മ വന്നു. ഹോ, സമാധാനമായി..! ഞാനോര്‍ത്തു ലവന്‍ ആ ഫോണ്‍‌നമ്പര്‍ കളഞ്ഞതോടെ ഇന്നത്തെ പോക്കും മുടങ്ങിയെന്ന്..! അല്ല, അവനെപ്പറഞ്ഞിട്ട് കാര്യമില്ല, ബസ്‌ടിക്കറ്റുകള്‍, ടെയിന്‍ ടിക്കറ്റുകള്‍ അങ്ങനെ ചപ്പും ചവറുമായി കുറെ പേപ്പറുകള്‍ ഉള്ളതിന്റെ ഇടയിലാണ് ഞാനാ കടലാസും സൂക്ഷിച്ചുവെച്ചത്. (ആ ശീലം ഇപ്പോഴും അങ്ങനെ തന്നെ. പ്രധാനപ്പെട്ട പല ഫയലുകളും റീസൈക്കിള്‍ ബിന്നില്‍ നിന്നാണ് ഇപ്പോഴും തപ്പിയെടുക്കാറുള്ളത് ) അങ്ങനെ, ‘തോമസ് മാത്യൂ, പിറവം’ എന്നൊരു അഡ്രസ് മാത്രം കയ്യില്‍ വെച്ചുകൊണ്ട് പനമ്പിള്ളിനഗറില്‍ നിന്നും പിറവത്തേക്ക് ഞാന്‍ വണ്ടികയറി...

ഉച്ചയോടുകൂടി പിറവത്തെത്തിയ ഞാന്‍ നേരത്തെ പറഞ്ഞ കഫേയുടെ മുമ്പിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്..! ഈസ്റ്ററായതിനാല്‍ ആ കഫേ അടച്ചിട്ടിരിക്കുകയായിരുന്നു..! കഫേ മാത്രമല്ല, അതിന്റെ ചുറ്റുവട്ടത്തുള്ള കടകളുടെയെല്ലാം സ്ഥിതിയും തഥൈവ..! ഇനിയെന്തുചെയ്യും..? ഇതിപ്പോള്‍ ഇല്ലത്തൂന്നെറങ്ങ്വേം ചെയ്‌തൂ.. എന്ന അവസ്ഥയായല്ലോ..! ഉച്ചയ്‌ക്ക് ഞാന്‍ കഴിക്കാന്‍ പോകുന്ന ഊണിനെപ്പറ്റി വിനേഷിനോട് ഘോരഘോരം പ്രസംഗിച്ചിട്ടിറങ്ങിയ ഞാന്‍ തിരിച്ചുചെന്നാല്‍ അവന്റെ ആക്കിയ ചിരി കാണേണ്ടിവരുമെന്നുള്ളതുകൊണ്ട് ഇനി തിരിച്ച് റൂമിലേക്ക് പോകാനും മടി. അപ്പോഴാണ് ആ പരിസരത്തെവിടെയോ ഉള്ള വേറൊരു കൂട്ടുകാരന്റെ നമ്പര്‍ ഓര്‍മ്മ വന്നത്. ജിന്‍സെന്നാണ് കക്ഷിയുടെ പേര്. കക്ഷി അടുത്തിടെ അങ്ങോട്ട് താമസം മാറിയതേയുള്ളൂ. മുമ്പ് കോട്ടയത്തെങ്ങോ ആയിരുന്നു. മാര്‍ക്കറ്റിഗ് ഫീല്‍ഡിലായതുകൊണ്ട് കക്ഷിക്ക് മൊബൈലുണ്ട്. കക്ഷിയെ വിളിച്ചാന്‍ ഒരു പക്ഷെ തൊമ്മന്റെ നമ്പര്‍ കിട്ടിയേക്കും. എന്തായാലും വിളിച്ചുനോക്കാം. ഒത്തിരിനടന്ന് ഒരു ബൂത്ത് തപ്പിയെടുത്ത് കക്ഷിയെ വിളിച്ചു.

“തോമസ് മാത്യൂന്റെയാണോ..? എനിക്കറിയാമ്പാടില്ല.. നീയൊരു കാര്യം ചെയ്യ്... വീട്ടിലേക്ക് പോരേ..!” - അവന്റെ മറുപടി ഇങ്ങനെ.

തൊമ്മന്റെ കസിന്റെ കട തുറക്കാതിരുന്നത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ..! ജിന്‍സെങ്കില്‍ ജിന്‍സ്... തൊമ്മനോട് എന്തെങ്കിലുമൊക്കെ ഊടായിപ്പ് പറഞ്ഞുനില്‍ക്കാം. ങ്ഹും, എന്നോടാ കളി..!

“ഡാ, നിന്റെ വീട്ടിലേക്ക് വരുന്നതെങ്ങനാ?” - ഞാന്‍
“അതെളുപ്പമാ... നീ വെള്ളൂര്‍ക്കുള്ള വണ്ടീ കേറി, ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ മുമ്പിലിറങ്ങിയാ മതി. അവിടന്ന് ചെമ്മഞ്ചിയിലേക്ക് ഒരു ഓട്ടോ പിടി, ഓട്ടോ പിടിക്കാനൊന്നൂല്ല, അഞ്ച് - പത്തുമിനിറ്റ് നടക്കാനേള്ളൂ... ചെമ്മഞ്ചിയിലിറങ്ങിയാ ജംഗ്‌ഷന്റടുത്തുതന്നെ വെള്ള പെയിന്റടിച്ച ഒരു വീടുകാണാം... നേരെയങ്ങോട്ട് പോരേ..!” - അവന്‍
“നീ വീട്ടിലാണോ ഉള്ളതിപ്പോ?”
“അല്ലെടാ, ഞാന്‍ ഇത്തിരി കഴിയുമ്പം എത്തിയേക്കാം, അതുകുഴപ്പമില്ല, ഞാന്‍ വീട്ടില്‍ പറഞ്ഞേക്കാം..”

ഹൊ, ഊണിന്റെ സമയമൊക്കെ കഴിയാറായി. ഈസ്റ്ററൊക്കെയല്ലേ? അതൊകൊണ്ട് ഇത്തിരി വൈകിചെന്നാലും ഊണ് തരപ്പെടുമായിരിക്കും എന്നൊക്കെയോര്‍ത്ത് ബസ്സില്‍ കയറുമ്പോള്‍ മനസ്സിലുണ്ടായിരുന്ന തൊമ്മന്റെ വീട്ടിലെ കോഴിക്കറിയെ ജിന്‍സിന്റെ വീട്ടിലെ കോഴിക്കറികൊണ്ട് റീപ്ലേസ് ചെയ്തു. പറഞ്ഞതുപോലെ തന്നെ നേരത്തെ പറഞ്ഞ ഫാക്‌ടറി കണ്ടു. അവിടെയിറങ്ങി ചെമ്മഞ്ചിക്ക് ഓട്ടോയും വിളിച്ചു. ഏയ്, ഞാന്‍ വൈകിയിട്ടൊന്നുമില്ല, ഊണ് തരപ്പെടുകതന്നെ ചെയ്യും... രാവിലെ വെറും വയറ്റില്‍ പനമ്പിള്ളിനഗറില്‍ നിന്നിറങ്ങിയതിന്റെ ക്ഷീണം ഇടയ്‌ക്കിടെ മനസ്സില്‍ തെളിയുന്ന കോഴിക്കാലിന്റെ ‘തിരു’രൂപം കൊണ്ട് മറച്ചുകൊണ്ടായിരുന്നു യാത്ര. അഞ്ചുമിനിറ്റ് നടക്കാനുള്ളതേയുള്ളുവെന്നൊക്കെ പറഞ്ഞിട്ട്, അതിലേറെയായി ഞാന്‍ ഓട്ടോയിലിരിക്കുന്നു..!

“ചേട്ടാ, ചെമ്മഞ്ചിയിലേക്ക് തന്നെയല്ലേ പോകുന്നേ?”
“അതെ, അങ്ങോട്ട് തന്നെ..!”

അധികം താമസിയാതെ ചെമ്മഞ്ചിയെത്തി. ഇനി വെള്ള പെയിന്റടിച്ച വീട് തപ്പിയെടുക്കണം. അവിടെയെങ്ങും ഒരു വീടും കാണാനൊത്തില്ല. ഇനിയെന്ന ചെയ്യും? അവിടെ നിന്ന് പരുങ്ങുമ്പോഴാണ് ഇത്തിരി മാറി ഒരു വല്യപ്പന്‍ എന്നെ സൂക്ഷിച്ചുനോക്കുന്നത് കണ്ടത്. ഇങ്ങേരോടൊന്ന് ചോദിച്ചുനോക്കാം.

“പേരപ്പാ.. ഇവിടെ എവിടാ ഒരു ജിന്‍സിന്റെ വീടുള്ളത്..?”

അങ്ങേര്‍ ഇത്തിരി നേരം കൂടി എന്നെ സൂക്ഷിച്ചുനോക്കി. എന്നിട്ട്,

“മോനേ... ഇന്ന് ഈസ്റ്ററല്ലേ..? എന്നാലും ഇന്നങ്ങനെ ചെയ്യാന്‍ പാടുണ്ടായിരുന്നോ..? അതും എന്നോട്..!”

അതിന് ഞാനിങ്ങേരെ എന്തുചെയ്‌തെന്ന്..!

“ആര് ..?” ഞാന്‍ ചോദിച്ചു.
“എന്റെ മോന്‍... സിബി..! അവനെന്നാലും...”

ഇതും പറഞ്ഞ് പതിയെ എഴുന്നേറ്റ്, റോഡിന്റെ വീതിയും അളന്നുകൊണ്ടുള്ള അങ്ങേരുടെ വരവ് കണ്ടപ്പോള്‍ മനസ്സിലായി. ഇതൊന്നും പറയുന്നത് അങ്ങേരല്ല, അങ്ങേരുടെ ഉള്ളില്‍ കിടക്കുന്ന റമ്മോ ബ്രാണ്ടിയോ ആണ്. ഇനീം ഇവിടെ നിന്നാല്‍ എന്നോട് സ്‌നേഹം കൂടി, ആദ്യം വിളിച്ച ‘മോനേ‘ എന്നതിന്റെ മുമ്പില്‍ വല്ലോമൊക്കെ ചേര്‍ത്ത് ഇങ്ങേര്‍ എന്നെ വിളിച്ചുകൂടാ‍യ്‌കയില്ല. അത്രയ്‌ക്ക് സ്‌നേഹം തല്‍ക്കാലം വേണ്ടെന്ന് വെച്ച് ഞാന്‍ പയ്യെ സ്‌കൂട്ടാകാനായി അതിലെയും ഇതിലെയുമൊക്കെ നോക്കി. അപ്പോഴാണ് ഇത്തിരി മാറി മൂന്നുനാല് അച്ചായന്മാര്‍ കൂടിനിന്ന് കൊച്ചുവര്‍ത്തമാനം പറയുന്നത് കണ്ടത്. ഇനി ഇവരോട് ചോദിച്ചുനോക്കാം. ശബ്‌ദത്തില്‍ മാക്സിമം വിനയം കലര്‍ത്തി ഞാന്‍ ചോദിച്ചു.

“ചേട്ടാ, എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു ജിന്‍സിന്റെ വീടറിയാമോ?”
“ജിന്‍‌സോ..?”

ഇതെന്താ, ഇങ്ങേര് ഈ പേര് ആദ്യമായിട്ട് കേള്‍ക്കുകയാണോ? ഈശ്വരാ, ഇവിടെയും രക്ഷയില്ലേ?

“അതെ, കോട്ടയത്തുനിന്നും ഇങ്ങോട്ട് താമസം മാറിയിട്ട് രണ്ടുമാസത്തോളമേ ആയുള്ളൂ‍..”
“ഓ, തേവക്കാപ്പറമ്പിലെയായിരിക്കും..!”

അവന്റെ വീട്ടുപേരാണെങ്കില്‍ എനിക്കൊട്ടറിയത്തുമില്ല, അവിടെയെങ്ങുമാണേല്‍ ബൂത്തുപോയിട്ടൊരു പെട്ടിക്കട പോലുമില്ല. ഇതാണോ ലെവന്‍ പറഞ്ഞ ‘ചെമ്മഞ്ചി ജംഗ്‌ഷന്‍‘..!’ തേവക്കയോ കോവക്കയോ എന്തുമാകട്ടെ, ഒരു ഏറെറിഞ്ഞുനോക്കാം.

“ങാ, അതുതന്നെ..! അങ്ങോട്ടുപോകുന്നതെങ്ങനാ?”
“ഇതിലേ പോയിട്ട് എടത്തോട്ടുള്ള രണ്ടാമത്തെ വഴി പോയാ ആദ്യം കാണുന്ന വീടാ..”

രക്ഷപ്പെട്ടു..! പക്ഷെ, ഈ പറഞ്ഞ ‘നേരെ പോയിട്ട് ഇടത്തോട്ടുള്ള രണ്ടാമത്തെ വഴി‘ എത്താനായി കുറച്ചുനടക്കേണ്ടിവന്നു. ആദ്യം കണ്ട വീടാണെങ്കിലോ, ഓടിട്ടതും..! വെള്ളയെന്നല്ല, ഒരു പെയിന്റും പൂശാത്തൊരു വീട്. അകത്തുകയറി നോക്കാമെന്നുവിചാരിച്ച് സംശയിച്ചുനിന്നപ്പോള്‍ ഒരു പട്ടി അവിടെ നിന്നും കുരച്ചോണ്ട് വരുന്നു..! ഈസ്റ്ററിന്റെ അന്നെങ്കിലും ഈ പട്ടിയെയൊക്കെ പൂട്ടിയിട്ടുകൂടെ? വെറുതെയല്ല, ഇതിനെയൊക്കെ പട്ടീന്ന് വിളിക്കുന്നത്..! സമയമാണേല്‍ ഏതാണ്ട് മൂന്ന്-മൂന്നരയാകുന്നു, വയറ്റില്‍ നിന്നും കുടല്‍ കരിയുന്ന മണം വന്നുതുടങ്ങി... ഞാന്‍ അവിടെ നിന്നും പതിയെ വലിയാന്‍ തുടങ്ങിയപ്പോള്‍ അതാ, വെള്ളപെയിന്ററിച്ച വീട് റോഡിന്റെ മറുവശത്ത്..! ഹോ, സമാധാനമായി...!

പിന്നെയൊന്നുമാ‍ലോചിച്ചില്ല, നേരെയങ്ങ് കയറിച്ചെന്നു. വീടിന്റെ ഇറയത്തുതന്നെ ജിന്‍സിന്റെ അപ്പച്ചന്‍ കയ്യിലൊരു പ്ലാസ്റ്ററുമിട്ട് ഒരു ബീഡിയും വലിച്ചോണ്ടിരിപ്പുണ്ടായിരുന്നു.

“ജിന്‍സിന്റെ വീടല്ലേ...?”
“അതെയതെ...! വാ വാ, നോക്കിയിരിക്കുകയായിരുന്നു..! കൂട്ടുകാരന്‍ വന്നില്ലേ?”

അതുശരി, അപ്പോള്‍ ജിന്‍സ് ഇതുവരെ തിരിച്ചെത്തീ‍ല്ലല്ലേ?

“ഇല്ലേ? അവനെ ഞാന്‍ വിളിച്ചിരുന്നു, എത്തിയേക്കാമെന്നാ പറഞ്ഞത്..”
“വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയോ?”

ബുദ്ധിമുട്ടിയോ എന്ന്..! എങ്കിലും ഞാന്‍ പറഞ്ഞു.

“ഏയ്, ഇല്ല.. നേരെയിങ്ങു വന്നാല്‍ പോരേ? അധികം ദൂരെയൊന്നുമല്ലല്ലോ?”
“ഇനി തെറ്റിപ്പോകണ്ടെന്നുകരുതിയാ ഇവിടെത്തന്നെ ഇരുന്നത്...! ഇരിക്ക്..! എടിയേ... ”

ജിന്‍സിന്റെ അമ്മച്ചിയും അനിയത്തിയും ഹാജര്‍..! അവരെ നോക്കി ഞാനൊരു ചിരി പാസാക്കി. അവര്‍ തിരിച്ചും. രണ്ടുപേരും ഉടനെ തന്നെ സ്‌കൂട്ടാവുകയും ചെയ്‌തു.

“അപ്പച്ചാ, കൈക്കെന്നാ പറ്റി?”
“ഓ, ഒന്നും പറയേണ്ട മോനേ....”

അപ്പച്ചന്‍ അവിടെ തുടങ്ങി. തരക്കേടില്ലാത്ത ഒരു ‘വധം’ ആണ് അപ്പച്ചനെന്ന് മനസ്സിലാക്കാന്‍ എനിക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. സ്‌കൂട്ടറുമായി പോകും വഴി ഒരു ലോറി എതിരെ വന്നെന്നും, സൈഡ് കൊടുത്തപ്പോള്‍ റോഡിനുപുറത്തേക്ക് മറിഞ്ഞുവീണെന്നുമൊക്കെ പറഞ്ഞങ്ങ് തുടങ്ങി. എങ്ങാനും റോഡിലേക്ക് മറിഞ്ഞുവീണാരുന്നെങ്കില്‍ പണി തീര്‍ന്നേനെയെന്നും അങ്ങനെയൊന്നും സംഭവിക്കാത്തത് കര്‍ത്താവിന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാണെന്നും തുടങ്ങി, ലോറി ഡ്രൈവേഴ്‌സിന്റെ നിയന്ത്രണം വിട്ടുള്ള പാച്ചിലിന്റെയും അപകടമരണങ്ങളുടെയും കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെപ്പറ്റിയും റോഡ് നന്നാക്കാത്ത ഗവണ്‍‌മെന്റിനെപ്പറ്റിയും ഭരണത്തിലെ അഴിമതിയെപ്പറ്റിയും എന്നുവേണ്ട, സൂര്യന് താഴെയുള്ള ഒട്ടുമിക്ക കാര്യങ്ങളെപ്പെറ്റിയും അപ്പച്ചന് പറയാനുള്ളതൊക്കെ ഇതിന്റെ കൂടെ പുറത്തേക്ക് വന്നുതുടങ്ങി. അതിനിടെ എന്റെ നേരെ സിഗരറ്റിന്റെ പാക്കറ്റ് നീട്ടി. വല്ലപ്പോഴുമൊക്കെ വലിക്കുമെങ്കിലും കൂട്ടുകാരന്റെ അപ്പച്ചനല്ലേയെന്നോര്‍ത്ത് ഞാന്‍ പറഞ്ഞു.

“ഞാന്‍ വലിക്കില്ല..!”
“അതുനന്നായി..!”

പിന്നെ, പുകവലി തുടങ്ങിയ കഥയും വലിക്കുന്നതുകൊണ്ടുള്ള ദൂഷ്യങ്ങളുമൊക്കെയായി അപ്പച്ചന്റെ സംസാരവിഷയം. ഇപ്പവരാന്ന് പറഞ്ഞ ജിന്‍സും എത്തിയില്ല. എനിക്കാണെങ്കില്‍ വിശന്നും തുടങ്ങി. അതിന്റെയൊക്കെ മുകളിലാണ് അപ്പച്ചന്റെ ഈ പുരാണം പറച്ചില്‍. എന്തായാലും ഇത്തിരി നേരം കഴിഞ്ഞ് അപ്പച്ചന്‍ അകത്തേക്ക് നോക്കി ഒന്നുവിളിച്ചു.

“എടിയേ... ചായയിങ്ങെടുത്തോ..”
തിരിഞ്ഞ് എന്നെ നോക്കി, “ചായ കുടിക്കുകയല്ലേ..?”

ങും, അല്ലേന്ന്..! ആനയെ കിട്ടിയാല്‍ കഴിക്കാനുള്ള വിശപ്പുണ്ട്. അപ്പോഴാ കുടിക്കുകയല്ലേന്ന്..! ചായ വേണ്ട, ഊണുകഴിച്ചേക്കാം എന്ന് പറയാനോങ്ങിയെങ്കിലും പറഞ്ഞതിങ്ങനെയാണ്.

“ഇത്തിരി കഴിഞ്ഞായാലും മതി..!”

എന്തായാലും ജിന്‍സിന്റെ പെങ്ങള്‍ ചായയുമായി വന്നു, അമ്മച്ചിയും പിറകേയുണ്ടായിരുന്നു. അവള്‍ എന്നെ നോക്കാതെ ചായ തന്നിട്ട് വാതില്‍ വരെ പതിയെയും അവിടുന്നങ്ങോട്ട് റോക്കറ്റ് പോകുന്നപോലെയും സ്‌കൂട്ടായി. കൊണ്ടുവച്ച ചായയും വാഴപ്പഴവും ബിസ്‌ക്കറ്റുമൊക്കെ ഒരു മയത്തില്‍ അകത്താക്കുന്നതിനിടയില്‍ ഞാന്‍ അപ്പച്ചനോട് ചോദിച്ചു.

“വലിയ നാണക്കാരിയാ, അല്ലേ?”
“ഇവളിങ്ങനാ. ഇവടെ അനിയത്തിയൊണ്ട്, ലിന്‍സി. അവള്‍ ജഗജില്ലിയാ..!”
“ആണോ! ഇവരൊക്കെ പഠിക്കുവാണോ?”
“ജിന്‍സി പഠിത്തമൊക്കെ നിര്‍ത്തി, പ്ലസ്‌ടു വരെ പോയി. പിന്നെ, കമ്പൂട്ടറും പഠിച്ചിട്ടൊണ്ട്. ലിന്‍സി പത്തില്‍ പഠിക്കുന്നു. കൂട്ടുകാരന്‍ ഇതൊന്നും പറഞ്ഞില്ലാരുന്നോ?”
“ഇല്ല, ഞാന്‍ ചോദിച്ചിട്ടില്ല, അതുകൊണ്ടായിരിക്കും..!”
“ആയിരിക്കും..”
“ജിന്‍സിനെ ഇതുവരെ കണ്ടില്ലല്ലോ?” വാച്ചിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“ജിന്‍സിയാ ഇപ്പോള്‍ വന്നത്..!” അപ്പച്ചന്‍ എന്നെ നോക്കി ഒരു കള്ളച്ചിരിയും.
“അല്ല, ജിന്‍സ് ....”

എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നിത്തുടങ്ങി. എന്റെ പരുങ്ങിക്കളി കണ്ടപ്പോള്‍ അപ്പച്ചനും ഒരു സംശയം.

“അല്ല, ജോണ്‍‌സണെന്നല്ലേ മോന്റെ പേരു പറഞ്ഞത്?”

ജോണ്‍സണോ..! ഞാനോ..! അതിന് ഇതിയാന്‍ എന്നോട് ഇതുവരെ പേരുചോദിച്ചില്ലല്ലോ?

“അല്ല, എന്റെ പേര് ബൈജുന്നാ...!”
“അപ്പോ....”

അപ്പച്ചന്‍ എന്നെയൊന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് എന്റെ നേരെ ചാരി പതുക്കെ ചോദിച്ചു :

“അല്ല, ഇങ്ങോട്ടുതന്നെയല്ലേ വന്നത്?”

ഇയാളുടെ ഭാവാഭിനയം കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി, ഈശ്വരാ..! ഇങ്ങേര്‍ നോര്‍മല്‍ അല്ലേ? ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു.

“അതെ, ഞാന്‍ ജിന്‍സിനെ വിളിച്ചാരുന്നു. അവന്‍ ഇപ്പോള്‍ എത്തിയേക്കാമെന്ന് പറഞ്ഞിട്ടുണ്ട്..”
“അതുശരി..!”

അപ്പച്ചന്റെ ചുണ്ടിലൊരു ചിരിയൊക്കെ കണ്ടുതുടങ്ങി, ഞാനാണെങ്കില്‍ ഇത്തിരി വിയര്‍ക്കാനും

“എവിടുന്നാ വരുന്നത്?” അപ്പച്ചന്റെ അടുത്ത ചോദ്യം
“എറണാകുളത്തൂന്ന്..” എന്റെ സ്വരത്തില്‍ ചെറിയൊരു വിറയല്‍ കലര്‍ന്നിരുന്നോ എന്നൊരു സംശയം...
“അതുശരി..!”

അപ്പച്ചന്‍ പിന്നെയും ചിരിച്ചു. പിന്നെയും പിന്നെയും...!

ഈശ്വരാ, ഇങ്ങനെയുള്ള കാര്യം ജിന്‍സ് പറഞ്ഞിട്ടില്ലല്ലോ? ഇങ്ങനത്തെ കാര്യമൊക്കെ വെറുതെ പറയേണ്ട കാര്യമില്ലല്ലോ എന്നോര്‍ത്തായിരിക്കും. എന്നാലും ഇത് ചതിയായിപ്പോയി ജിന്‍സേ..! അപ്പോള്‍ അപ്പച്ചന്‍ എന്റെ നേരെ നോക്കി അനുനയത്തില്‍ പറഞ്ഞു.

“അതേ, ഇന്ന് ജിന്‍സിയെ, നേരത്തെ ചായേമായി വന്നില്ലേ, അവളെ പെണ്ണുകാണാന്‍ ഒരു കൂട്ടര്‍ വരാമെന്ന് പറഞ്ഞിരുന്നു. ചെറുക്കനും ചെറുക്കന്റെ കൂട്ടുകാരനും. അവരാണെന്നോര്‍ത്താണ് ഞങ്ങളിരുന്നത്..!”

അപ്പോള്‍ ഇവിടെ നടന്നത്..? എന്റെ ആദ്യ പെണ്ണുകാണല്‍ ചടങ്ങ്..! അതും വീട്ടുകാരും കൂട്ടുകാരും, എന്തിന് ഞാന്‍ പോലുമറിയാതെ..! ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഞാന്‍..! എങ്കിലും ജഗദീഷ് സ്റ്റൈലില്‍ ഒരു മറുപടി ഞാന്‍ കൊടുത്തു.

“അതുപിന്നെ... എനിക്ക് .. വീടുമാറിപ്പോയതായിരിക്കും...!”

ഇതോടെ എന്റെ വിയര്‍ക്കല്‍ സമ്പൂര്‍ണ്ണമായി, വിശപ്പും കെട്ടടങ്ങി. കോഴിക്കാലുപോയിട്ട് കോഴിപ്പൂട പോലും വേണ്ടാ, എങ്ങനെയും സ്‌കൂട്ടായാല്‍ മതിയെന്നായി. എങ്കിലും ജിന്‍സിന്റെ വീടറിയാമെന്നും തപ്പിയെടുത്തുതരാമെന്ന് അദ്ദേഹം ഉറപ്പു തന്നു. മാത്രവുമല്ല, അദ്ദേഹത്തിന്റെ പത്താം ക്ലാസുകാരിയായ മകള്‍ ലിന്‍സിയെ എന്നെ അവിടെ വരെ കൊണ്ടാക്കാന്‍ പറഞ്ഞ് എന്റെ കൂടെ അയക്കുകയും ചെയ്‌തു. സംഭവിച്ചതെന്തെന്നാല്‍, അവിടെ രണ്ട് ചെമ്മഞ്ചിയുണ്ട്. ഒരെണ്ണം ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ അടുത്തും മറ്റൊന്ന് കുറച്ചകലെ മലമുകളിലും. എന്നെ ചതിച്ചത് ഓട്ടോക്കാരനാണ്, അങ്ങേര്‍ എന്നെ കൊണ്ടാക്കിയത് മലമുകളിലെ ‘രണ്ടാം ചെമ്മഞ്ചി’യിലായിരുന്നു. ‘ജിന്‍സിന്റെ വീട്’ എന്ന് ചോദിച്ചത് ‘ജിന്‍സീന്റെ വീട്’ എന്ന് അപ്പച്ചന്‍ തെറ്റിദ്ധരിച്ചത് അടുത്ത പ്രശ്നം. എങ്കിലും അപ്പച്ചാ, ഇടയ്ക്ക് എപ്പോഴെങ്കിലും ഈ മോനേ വിളി മാറ്റി ജോണ്‍‌സാ എന്നുവിളിച്ചാരുന്നെങ്കില്‍...! ലിന്‍സിയുടെ കൂടെ ജിന്‍സിന്റെ വീട്ടിലേക്ക് പോകും വഴി ലിന്‍സി എന്നെ കാര്യമായിട്ട് കളിയാക്കിക്കൊണ്ടേയിരുന്നു, അല്ല, കാര്യമായി ആക്കിക്കൊണ്ടിരുന്നു. എവള്‍ ജഗജില്ലിയാണെന്ന് അപ്പച്ചന്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോള്‍ എനിക്ക് മനസ്സിലാ‍യി.! ഒടുവില്‍‍ ലിന്‍സിയോട് താങ്ക്സും പറഞ്ഞ് ജിന്‍സിന്റെ വീട്ടിലെത്തി അവനോട് ഞാന്‍ ആദ്യം പറഞ്ഞതിങ്ങനെയായിരുന്നു.. “എന്നാലുമെന്റെ ജിന്‍സേ...!”

Tuesday, July 3, 2007

ചില ജാപ്പനീസ് വിശേഷങ്ങള്‍ - രണ്ടാം ഭാഗം അഥവാ റിമോട്ട് കണ്‍‌ട്രോള്‍ കാര്‍

കഴിഞ്ഞ കഥയിലെ മോഹന്‍ തന്നെയാണ് ഇതിലെയും “ഞാന്‍” :)

റിമോട്ട് കണ്‍‌ട്രോള്‍ കാര്‍

ജപ്പാനില്‍ നിന്ന് കട്ടേം പടോം മടക്കി പോരാറായ സമയം. ഒരു ശനിയാഴ്‌ച ദിവസം വൈകിട്ട് ടോറന്റില്‍ നിന്നും വലിച്ചെടുത്ത പഴയ ഏതോ സിനിമയും കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു നാട്ടില്‍ നിന്നൊരു ഫോണ്‍‌കോള്‍ :

“ഹലോ....?”
“ഡേയ്, ഇത് ഞാനാ, പ്രശാന്ത്... എന്നാ ഒണ്ട് അവിടെ വിശേഷം..? ജോലിയൊക്കെ സുഖമായിരിക്കുന്നോ..?”
“ങ്ഹ, നീയോ..? ഇവിടെ വിശേഷം.... ഞാന്‍ കഴിഞ്ഞ വീക്കെന്‍‌ഡില്‍ ...”
“മതി മതി, വിശേഷമൊക്കെ പിന്നെ പറയാം, നീയെന്നാ വരുന്നെ..?”
“അടുത്ത ശനിയാഴ്‌ച...”
“ഡേയ്, നീ അവിടുന്ന് വരുമ്പോ എനിക്കൊരു റിമോട്ട് കണ്‍‌ട്രോള്‍ കാറും വാങ്ങിച്ചോണ്ട് വരണേ..! മറക്കല്ലേ...! എന്നാല്‍ വെക്കട്ടെ..? അപ്പോ ശരി, ബൈ..!”

നാട്ടില്‍ കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാരനാണ്. ഒരു മിനിറ്റിനകം അവന്‍ എല്ലാം പറഞ്ഞുതീര്‍ത്തു..! ഐ.എസ്.ഡിയാണേ..! അവനാണേല്‍ വയസ്സ് പത്തുമുപ്പതായി, ഇപ്പോഴും കാറും പീപ്പിയും ബലൂണുമൊക്കെ വെച്ചാണ് കളി..! ഇത്തിരി നൊസ്സുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു ചങ്ങാതി.! എന്തായാലും വാങ്ങിയേക്കാം. ഇനി നാട്ടില്‍ ചെന്നിട്ട് അവനോടെന്ത് പറയും..? ഇപ്പോള്‍ തന്നെ വാങ്ങിയില്ലേല്‍ ചിലപ്പോള്‍ മറന്നേക്കും. ഉടനെ തന്നെ സോപ്പുവാങ്ങിയാല്‍ ചീപ്പ് ഫ്രീ എന്ന പോലെ, അപ്പാര്‍ട്ട്മെന്റിന്റെ കൂടെ കിട്ടിയ സൈക്കിള്‍ കാലിന്റെയിടയില്‍ ഫിറ്റ് ചെയ്‌ത് നേരെ വിട്ടു അടുത്ത ‘യോദോബാഷി’യിലേക്ക്. ഗുണനിലവാരമുള്ള ഇലക്‌ടോണിക്സ് സാധനങ്ങള്‍‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി ഒട്ടുമിക്ക എന്തും കിട്ടുന്ന ജപ്പാനിലെ പ്രശസ്തമായ ഒരു ഗ്രൂപ്പാണ് ഈ പറഞ്ഞ ‘ഷി‘. ഏഴാമത്തെ നിലയിലാണ് ഇമ്മാതിരി കുന്ത്രാണ്ടങ്ങളൊക്കെയുള്ളത്. അവിടെയെത്തി പരതുന്നതിനിടെ ഏതാണ്ട് കാറിന്റെയും റിമോട്ടിന്റെയും പടങ്ങളുള്ള കുറെ പെട്ടികള്‍ കണ്ടെങ്കിലും അതിന്റെയൊക്കെയുള്ളിലുള്ളത് എന്താണെന്ന് യാതൊരുറപ്പുമില്ലായിരുന്നു. പെട്ടീടെ പുറത്ത്എഴുതിപ്പിടിപ്പിച്ചിരിക്കുന്നതൊക്കെയാവട്ടെ, കട്ടജാപ്പനീസിലും! പുറമേയുള്ള പടം കണ്ട് സാധനം വാങ്ങി, മുമ്പൊരു പറ്റ് പറ്റിയതാണ്.

അന്ന് വാങ്ങാന്‍ പോയത് കാറും ജീപ്പുമൊന്നുമല്ലായിരുന്നു. പുട്ട്, ദോശ എന്നിവയൊക്കെ അരികൊണ്ടുമാത്രമല്ല, ഗോതമ്പുകൊണ്ടും വലിയ കുഴപ്പമില്ലാതെ ഉണ്ടാക്കാനൊക്കും എന്ന വെളിപാടുണ്ടായ ദിവസം, ഗോതമ്പെങ്കില്‍ ഗോതമ്പ്, വാങ്ങിനോക്കാമെന്ന് കരുതി അടുത്ത കണ്‍‌വീനിയിലേക്ക് വിട്ടു. പുറമേയുള്ള, ഗോതമ്പോ ചോളമോ എന്ന് തിരിച്ചറിയാനാകാത്ത പടവും, ഇളം തവിട്ടുനിറത്തിലുള്ള പൊടിയും കണ്ട്, ഗോതമ്പാണെന്ന വിശ്വാസത്തോടെ, അതും വാങ്ങി പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോളാണ് ഇത്തിരി കൂടി തരിരൂപത്തിലുള്ള വേറൊരു സംഭവം കണ്ടത്. അതിന്റെ പുറത്തും ഇതേ പടമുണ്ടായിരുന്നു. ഇതില്‍ ഏതായിരിക്കും നല്ല ഗോതമ്പുപൊടി? സംശയം വേണ്ട, രണ്ടും ഓരോ കിലോ വാങ്ങിയേക്കാം. തരിഗോതമ്പുപൊടികൊണ്ടുണ്ടാക്കുന്ന പുട്ടും, നല്ല പൊടിഗോതമ്പുകൊണ്ടുണ്ടാക്കുന്ന ദോശയുമൊക്കെ സ്വപ്‌നം കണ്ട് വീട്ടിലേക്ക് നടന്നു. അത്താഴമുണ്ടാക്കാറായപ്പോള്‍ ആദ്യത്തെ കൂട് പൊട്ടിച്ച് ഒരിത്തിരി നാക്കില്‍ വെച്ച് നോക്കി. ഒന്ന് ഞെട്ടി! നല്ല മധുരം! ഈശ്വരാ..! ഇങ്ങനെയും ഗോതമ്പുപൊടിയോ..? അപ്പോള്‍ അടുത്തതോ..? അതും പൊട്ടിച്ചുനോക്കി. അതിനും നല്ല മധുരം! പണി പാളിയെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..? പിന്നീടൊരിക്കല്‍ ഒരു ജാപ്പനീസ് ചങ്ങാതി വഴിയറിഞ്ഞു ഇവ രണ്ടും ചോളം കൊണ്ടുണ്ടാക്കുന്ന ഒരു തരം പഞ്ചസാരയാണെന്ന്! എന്നിട്ട് ഈ രണ്ടുകിലോ ‘ഗോതമ്പുപഞ്ചസാര’ തീര്‍ക്കാനായി എന്തോരും ചായയും കാപ്പിയുമാ ഞാന്‍ ഉണ്ടാക്കിക്കുടിക്കേണ്ടിവന്നത്..!

ചൂടുവെള്ളത്തില് വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ. ഇങ്ങനെയൊരു മുന്‍ അനുഭവം സ്വന്തമായുള്ളതുകൊണ്ട് ഇനിയും റിസ്‌ക്കെടുക്കാന്‍ വയ്യ, ആരെയെങ്കിലും വിളിച്ചുചോദിക്കാം. ആദ്യം മുന്നില്‍ വന്നുപെട്ടയാളോട് മുന്‍‌അനുഭവം വെച്ച് ഇംഗ്ലീഷില്‍ത്തന്നെ ചോദിക്കാമെന്നു വിചാരിച്ചു. അല്ലെങ്കിലും റിമോട്ട് കണ്‍‌ട്രോള്‍ എന്നതിന്റെ ജാപ്പനീസ് എനിക്കറിയില്ലായിരുന്നു.

“റിമോത്തോ കന്ത്‌റോളാ xxxxx കുറുമാ അരിമാസ്‌കാ ...?”

‘കുറുമ’ എന്നുവെച്ചാല്‍ കാറ്‌. (സത്യമായും ഈ വാക്കിന് നമ്മുടെ കുറുമാനുമായോ മട്ടന്‍‌ കുറുമ, ചിക്കന്‍ കുറുമ എന്നിവയുമായോ അമ്മച്ചിയാണേ, യാതൊരു ബന്ധവുമില്ലേ..) ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ഇവിടെ വല്ലാതെ മാറ്റമുണ്ട്. ട് എന്നതില്‍ അവസാനിക്കുന്ന വാക്കൊക്കെ ‘തോ’ എന്നതിലും ഡ് എന്നതിലവസാ‍ാനിക്കുന്നതൊക്കെ ‘ദോ’ എന്നതിലുമാണ് ഈ അണ്ണന്മാര്‍ അവസാനിപ്പിക്കുന്നത്. അതുപോലെ തന്നെ ‘ട’ യൊക്കെ ‘ത’യും ‘ഡ’യൊക്കെ ‘ദ’യും ആയെങ്കിലും മാത്രമേ അത് ജപ്പാനിലെ ഇംഗ്ലീഷ് ആകൂ..! മാത്രവുമല്ല സ്‌പീഡൊക്കെ വല്ലാതെ കുറച്ചുപറയുകയും വേണം. അങ്ങനെ റിമോട്ട് കണ്‍‌ട്രോള്‍ ഉപയോഗിച്ച് ഓടുന്ന കാറുണ്ടോ എന്ന് ചോദിച്ചതാണ് ഈ കണ്ടത്..!

ഇത് കേട്ട കക്ഷി എന്നെ പകച്ചുനോക്കി. ഞാനും ഒന്ന് പകച്ചു. കാറ്‌ വാങ്ങാന്‍ വന്ന ഞാന്‍ ഇവിടുന്ന് കാറിക്കൂവി പോകേണ്ടിവരുമോ..? ഏയ്, ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് കക്ഷിയ്‌ക്ക് മനസ്സിലാകാഞ്ഞിട്ടായിരിക്കും. പിന്നേ, ഭാഷയൊന്നും ഇല്ലാതിരുന്ന കാലത്തും ആശയവിനിമയം നടത്തിയിരുന്നതല്ലേ? ങ്ഹും, എന്നോടാ കളി..! ആത്മവിശ്വാസത്തിന്റെ കച്ചിത്തുരുമ്പില്‍ പിടിച്ചുതൂങ്ങി ഞാന്‍ വീണ്ടും തുടങ്ങി.

“റിമോത്തോ.... കന്ത്‌റോളാ.... കുറുമാ... ഉവിഷ്...!” റിമോട്ട് ഇടതുകൈവെള്ളയില്‍ വലതുകൈയിലെ വിരലുകള്‍ കൊണ്ട് റിമോട്ട് ഞെക്കുന്നതുപോലെയും, വലതുകൈപ്പത്തി വായുവില്‍ കമഴ്ത്തിവെച്ച്, ഇത്തിരി പിന്നോട്ടുവളച്ച് വേഗത്തില്‍ മുന്നോട്ടുനീക്കി കാറോടുന്നതുമൊക്കെ ഭംഗിയായി ഞാന്‍ അവതരിപ്പിച്ചുകാണിച്ചു. അന്നത്തെ എന്റെ അവതരണം ഏതെങ്കിലും ചാ‍നലുകാര്‍ കണ്ടിരുന്നെങ്കില്‍ എനിക്ക് ബധിരര്‍ക്കുള്ള വാര്‍ത്തവായിക്കുന്ന പോസ്റ്റിലേക്ക് ഒരു ജോലി ഉറപ്പായിരുന്നു..! ചുളിവുകള്‍ നിവര്‍ന്നുവരുന്ന അങ്ങേരുടെ നെറ്റി കണ്ടതോടെ എന്റെ കഥകളി ഏറ്റെന്ന് എനിക്കു മനസ്സിലായി. ആശ്വാസം ഒരു ദീര്‍ഘനിശ്വാസത്തിന്റെ രൂപത്തില്‍ പുറത്തുവരാന്‍ തുടങ്ങുകയായിരുന്നു, അപ്പോഴാണ് എന്റെ കരണക്കുറ്റിയ്‌ക്ക് വീക്കുന്നതുപോലെ മൂപ്പരുടെ ചോദ്യം!

“യൂ മീന്‍, റിമോട്ട് കണ്‍‌ട്രോള്‍ കാര്‍..?” അതും നല്ല വൃത്തിയുള്ള ആംഗലേയ ഉച്ചാരണത്തോടെ തന്നെ..! ഇനി ഞാനെന്തുപറയാ‍ന്‍? പുറത്തേക്ക് വരാന്‍ റെഡിയായി നിന്ന ആശ്വാ‍സത്തെ വെള്ളം തൊടാതെ വിഴുങ്ങി, ആദ്യം കിട്ടിയ റിമോട്ട് കണ്‍‌ട്രോള്‍ കാറുമായി എത്രയും വേഗത്തില്‍ സ്ഥലം കാലിയാക്കിയെടുത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ?

(തുടരും...)

ചില ജാപ്പനീസ് വിശേഷങ്ങള്‍ - ഒന്നാം ഭാഗം അഥവാ ഇതുമൊരു ദണ്ഢിയാത്ര

എന്റെ അടുത്ത കൂട്ടുകാരിലൊരാളാണ് മോഹന്‍. ഈയുള്ളവന്‍ ജപ്പാനിലായിരുന്ന സമയത്ത് ടിയാനും അവിടെത്തന്നെ കുറെക്കാലം ഉണ്ടായിരുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ അബദ്ധങ്ങള്‍ എങ്ങനെ ഒപ്പിച്ചെടുക്കാം എന്നതില്‍ ഒരു ഗവേഷണം നടത്തുന്ന രീതിയിലായിരുന്നു ഞങ്ങളുടെ അവിടുത്ത ഒന്നരവര്‍ഷത്തെ ജീവിതം. അധികവും ഭാഷ അറിയാത്തതുകൊണ്ടുള്ള പ്രശ്‌നങ്ങളായിരുന്നു. പിന്നെ, ഒരാശ്വാസമുള്ളത് എനിക്കൊരു പറ്റു് പറ്റുമ്പോള്‍ കൂട്ടുകാര്‍ക്കും മിനിമം ഒന്നെങ്കിലും പറ്റുമായിരുന്നു എന്നതായിരുന്നു.

എനിക്ക് പറ്റിയ പറ്റൊക്കെ പിറകേ വരും. ആദ്യം മോഹന് പറ്റിയ രണ്ടുമൂന്നെണ്ണം എഴുതട്ടെ. എഴുതാനും വായിക്കാനും സുഖത്തിനായി ഇതിലെ ഞാന്‍ എന്ന കഥാപാത്രമായി മോഹനെ അവരോധിക്കുകയാണ്. എന്നാല്‍ ദാ പിടിച്ചോ.

ഇതുമൊരു ദണ്ഢിയാത്ര

ഇന്നെന്തായാലും വേണ്ടില്ല, വൈകിട്ട് ചിക്കന്‍‌കറി തന്നെ. ഉറപ്പിച്ചു. മിക്കവാറും കറി ഉണ്ടാക്കിക്കഴിഞ്ഞാണ് കറിക്ക് പേരിടുന്നത്. അത് പണ്ടേയുള്ള ശീലമാണ്. പഠിക്കുന്ന സമയത്ത് ഞാനുണ്ടാക്കിയിരുന്ന സാമ്പാറിന് “ത്രീ ഇന്‍ വണ്‍ കറി“ എന്നൊരു വിശേഷണവും കൂട്ടുകാര്‍ കല്പിച്ചുതന്നിരുന്നു. കാരണം വേറൊന്നുമല്ല, സാമ്പാറുണ്ടാക്കി അടുപ്പത്തുനിന്നും വാങ്ങിവെച്ച് അത് ഇളക്കാതെ മുകളില്‍ നിന്നും കോരിയെടുത്താല്‍ രസം കിട്ടും! നടുക്കുനിന്നാണെങ്കിലോ സാമ്പാര്‍ കിട്ടും! ഇനി അടിയില്‍ നിന്നാണെങ്കിലോ കിട്ടുന്നത് നല്ലൊന്നാന്തരം പരിപ്പുകറി! അതുപോലെ ഇന്നും ചിക്കന്‍ കറിയാണ് ഉണ്ടാക്കാന്‍ പ്ലാനെങ്കിലും ഉണ്ടാക്കിക്കഴിയുമ്പോള്‍ അറിയാം എന്ത് പേരിടണമെന്ന്.

കണ്‍‌വീനി എന്ന ഓമനപ്പേരിലറിയപ്പെടുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ചിക്കനും മറ്റുസാധനങ്ങളുമൊക്കെ ഒരു വിധത്തില്‍ തപ്പിയെടുത്തു. കറിയിലിടേണ്ട ഉപ്പുമാത്രം എവിടെയും കണ്ടില്ല. ആരോടെങ്കിലും ചോദിച്ചുനോക്കാം. അപ്പോഴാണോര്‍ത്തത് - ഉപ്പിന് ജാപ്പനീസില്‍ എന്തുപറയും? അറിയാമായിരുന്നല്ലൊ? ഇതാണ് കുഴപ്പം, ആവശ്യമുള്ളപ്പോള്‍ വേണ്ട വാക്ക് കിട്ടില്ല. അതാണ് ‘നിഹോന്‍‌ഗോ’യുടെ കുഴപ്പം..! വേണ്ട സമയത്ത് നിഹോന്‍ “ഗോ“ ചെയ്‌തുകളയും! ഇവിടെയാണേല്‍ ഇവിടെ ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല. ‘യെസ്, നോ‘ ഈ രണ്ടുവാക്കുകള്‍മാത്രം ചിലപ്പോള്‍ ഏറ്റേക്കും... ങാ, സാരമില്ല. ഈ ഭാഷയൊക്കെ എന്നാ ഉണ്ടായത്! അറിയാവുന്ന അരയും മുറിയുമൊക്കെ വെച്ച് ഒരു പിടി പിടിച്ചുനോക്കാം. രണ്ടും കല്‍പ്പിച്ച് ആ കടയില്‍ത്തന്നെയുള്ള അടുത്തകണ്ട ഒരു ജീവനക്കാരനോട് ഒരു വിധത്തില്‍ ഇങ്ങനെയെങ്ങാണ്ട് പറഞ്ഞൊപ്പിച്ചു.

“സുമിമാസേന്‍... സാത്തോ തോ ഒനാജി xxxxxxxxxxxxxxxxxxx.........”

‘സുമിമാസേന്‍’ എന്നുവെച്ചാല്‍ ‘എക്‌സ്‌ക്യൂസ് മീ’, ‘സാത്തോ‘ എന്നുവെച്ചാല്‍ പഞ്ചസാര, ‘ഒനാജി’ എന്നുവെച്ചാല്‍ ‘പോലെ’. അതായത് ‘എക്സ്‌ക്യൂസ് മീ, പഞ്ചസാര പോലെയുള്ള കറിയിലൊക്കെ ഇടുന്ന സാധനമുണ്ടോ‘ എന്നാണ് ഞാന്‍ ചോദിച്ചൊപ്പിക്കാന്‍ ശ്രമിച്ചത്. ഇനി പറയുന്നതൊക്കെ ശരിക്കും ജാപ്പനീസിലായിരുന്നു, തല്‍ക്കാലത്തേക്ക് മലയാളത്തിലെഴുതുന്നു. കാരണം മറ്റൊന്നുമല്ല, ജാപ്പനീസില്‍ എഴുതിയാല്‍ നിങ്ങള്‍ക്കും മനസ്സിലാകില്ല, എനിക്കും മനസ്സിലാകില്ല, എന്തിന് ജപ്പാന്‍ കാരനെ വായിച്ചുകേള്‍പ്പിച്ചാല്‍ അങ്ങേര്‍ക്കുപോലും ചിലപ്പോള്‍ മനസ്സിലാക്കാന്‍ പറ്റണമെന്നില്ല..!

അല്‍പ്പനേരം ആലോചിച്ചുനിന്ന ശേഷം അദ്ദേഹം കറിയിലൊക്കെ ഇടുന്ന ഒരു തരം മസാലപ്പൊടി കൊണ്ടുവന്നു.

“അയ്യോ ഇതല്ല, വേറെ..“ എന്ന് ഞാനും.
“‘ഇത് കറിയിലിടുന്നതാണ് ..!” എന്ന് കടക്കാരന്റെ മറുപടി.

എവനാളുകൊള്ളാമല്ലോ! കറിയിലിടുന്ന എന്തെങ്കിലും കിട്ടിയാല്‍ പോരല്ലോ? ഉപ്പിന് ഉപ്പുതന്നെ വേണ്ടേ..?

“അതേയ്, വേറെ നിറത്തിലുള്ളതാണ് ..!”
“ഓ, ഇപ്പപ്പിടികിട്ടി..!”

ഇത്തവണ കടക്കാരന്‍ മുങ്ങിപ്പൊങ്ങിയത് വേറൊരു നിറത്തിലുള്ള മസാലപ്പൊടിയുമായാണ്..! ഇതെന്തൊരു കഷ്‌ടമാണെന്ന് നോക്കണേ..! ഈ കടയില്‍ മസാലപ്പൊടികള്‍ മാത്രമേയുള്ളോ? ഇനി എന്തുപറഞ്ഞൊപ്പിക്കും? അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ കടക്കാരന്റെ വക ഒരു ചോദ്യം..

“ഈ പറയുന്ന സാധനത്തിന്റെ ടേസ്റ്റ് എന്താണ്..?”

ഈശ്വരാ..! ഉപ്പിന്റെ ടേസ്റ്റെന്താണെന്ന് ചോദിച്ചാല്‍ ഉപ്പെന്നുതന്നെയല്ലേ പറയാന്‍ പറ്റൂ...! ഡോ മനുഷ്യാ, അതറിയാമായിരുന്നെങ്കില്‍ ഞാനീ പെടാപാട് പെടുമായിരുന്നോ..? എന്തെങ്കിലും പറഞ്ഞൊപ്പിക്കാന്‍ കുറെ ശ്രമിച്ചുനോക്കി. അവസാനം “അറിയില്ല” എന്നും പറഞ്ഞ് കൈമലര്‍ത്തിക്കാണിച്ചു. “സുമിമാസേന്‍.. നായി ദേസ്‌നേ..!” (ക്ഷമിക്കണം, ഇവിടെ ഇല്ലാട്ടോ..!) എന്ന് രണ്ട് കയ്യും കൂട്ടി കുരിശിന്റെ ആകൃതിയില്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ പിടിച്ച് വിനീതമായി മൊഴിഞ്ഞെങ്കിലും, അണ്ണാക്കിലേക്ക് വെക്കാനായി വാങ്ങുന്ന സാധനത്തിന്റെ ടേസ്റ്റ് പോലും അറിയാത്ത എവനൊക്കെ എന്തോന്ന് കുരിശെഡേയ് എന്നായിരിക്കും അങ്ങേര്‍ ഉദ്ദ്യേശിച്ചതെന്ന് ആ നോട്ടത്തില്‍ നിന്നും ഞാനൂഹിച്ചു.

ഉപ്പില്ലാത്ത സൂപ്പര്‍മാര്‍ക്കറ്റോ? ഞാനും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇന്നിനി ചിക്കന്‍കറി വെച്ചില്ലേലും വേണ്ടില്ല, ഉപ്പുവാങ്ങീട്ടേ പോണുള്ളൂ. തൊട്ടപ്പുറത്തുനിന്ന വേറൊരു ജീവനക്കാരനെ ചാക്കിട്ടു. കക്ഷിയോടും ഈ നമ്പരൊക്കെ ഇട്ടുനോക്കി. മൂപ്പരും നേരത്തെ വന്ന ആള്‍ കൊണ്ടുവന്ന മസാലപ്പൊടിയൊക്കെ അതേ ഓര്‍ഡറില്‍ത്തന്നെ കൊണ്ടുവന്നുനിരത്തി..! ഇതെങ്ങനെ ഈ ഓര്‍ഡര്‍ പോലും ലെവന്മാര്‍ ഇത്ര കൃത്യമായി ഓര്‍ത്തിരിക്കുന്നു..?

ഇനി എന്തുപറഞ്ഞൊപ്പിക്കും... ങ്ഹാ, വേറൊരു നമ്പരിട്ടുനോക്കാം.

“അതേ, വെളുത്ത നിറത്തിലുള്ള പൊടിയാണ്..!”

ഇത്തിരി നേരം അങ്ങേരെന്നെ സൂക്ഷിച്ചുനോക്കി. എനിക്കൊരു സംശയം, ഈശ്വരാ, ഇനി ഇപ്പറഞ്ഞതില്‍ വല്ല പ്രശ്‌നവുമുണ്ടോ? ഇത്തിരി ഉപ്പും മുളകുമൊക്കെ കൂട്ടി വല്ലതും കഴിക്കാമെന്നോര്‍ത്തത് ഇത്ര വലിയ അപരാധമോ? അതോ വെള്ള എന്നതിനുപകരം ഞാനുപയോഗിച്ച വാക്ക് ഇവരുടെ ഭാഷയിലെ വല്ല കടുത്ത വാക്കുമാണോ..? ഒരു നിമിഷം തേന്മാവിന്‍ കൊമ്പത്തിലെ ലേലു അല്ലൂ വിളിച്ച് കരയുന്ന മോഹന്‍ലാലിന്റെ ഭാഗം ഞാനിവിടെ അഭിനയിക്കുന്ന, അല്ല അനുഭവിക്കുന്ന അവസ്ഥ ഞാനോര്‍ത്തുനോക്കി. അതിന് ലേലു അല്ലൂ എന്നതിന്റെ ജാപ്പനീസ് പോലും എനിക്കറിയാന്‍ പാടില്ല. ഇങ്ങനെ നൂറുകൂട്ടം ചിന്തകള്‍ തലയില്‍ അക്കുത്തിക്കുത്താനവരമ്പത്ത് കളിച്ചോണ്ടിരിക്കുമ്പോഴാണ് എന്നെ തളര്‍ത്തിക്കൊണ്ടുള്ള കക്ഷിയുടെ ചോദ്യം..!

“യു മീന്‍ സോള്‍ട്ട്..?”

“.....”

ശേഷം ചിന്ത്യം. ഒന്നും മിണ്ടാതെ തലയും കുനിച്ച് അയാള്‍ വെച്ചുനീട്ടിയ ഉപ്പിന്‍‌കൂട് വിലപോലും നോക്കാതെ വാങ്ങി ഞാന്‍ സ്ഥലം കാലിയാക്കി എന്നത് പറയാതെ തന്നെ ഊഹിക്കാമല്ലോ. അതോടുകൂടി ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചു. ആദ്യം ഇംഗ്ലീഷ് വാക്ക് പറഞ്ഞുനോക്കുക, ഏറ്റില്ലെങ്കില്‍ മതി നിഹോന്‍‌ഗോ കൊണ്ടുള്ള അഭ്യാസം. ഇംഗ്ലീഷ് പറഞ്ഞിട്ടും പറ്റിയ പറ്റാണ് അടുത്തത്..

(തുടരും...)