Monday, July 16, 2007

ഡ്രൈവിംഗ് പരീക്ഷണങ്ങള്‍ ഒന്നാം ഭാഗം അഥവാ സൈക്കിള്‍ യജ്ഞം

പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങിയപ്പോള്‍ മുതല്‍ ഈയുള്ളവന്റെ ആഗ്രഹമായിരുന്നു സൈക്കിളോടിക്കാന്‍ പഠിക്കുക എന്നത്. അതെങ്ങനാ? സൈക്കിള്‍ വാടകയ്‌ക്ക് കിട്ടണമെങ്കില്‍ മൂന്നുകിലോമീറ്റര്‍ നടന്നുപോയി ഒരു കടയിലെത്തണം. ഇനി പോകാമെന്നുവെച്ചാല്‍ തന്നെ, ആര് പഠിപ്പിക്കും? ഇനി പഠിപ്പിക്കാന്‍ ആരെയെങ്കിലും കിട്ടിയെന്നും വെക്കുക, സ്‌ക്കൂളിലേക്കുള്ള ബസ്സുകാശ് തന്നെ രാഹുകാലം നോക്കി അമ്മ വഴി അച്ഛനോട് പറഞ്ഞാല്‍ മാത്രം കിട്ടിയിരുന്ന കാലത്ത്, സൈക്കിള്‍ വാടകയ്‌ക്കെടുക്കാനാണെന്നും പറഞ്ഞാല്‍ ചിലപ്പോള്‍ ഭാവിയില്‍ വല്ല ജയ്പ്പൂര്‍ കാലും വെച്ച് സൈക്കിള്‍ ചവിട്ടേണ്ടിവരും. കാരണം, ആവശ്യമില്ലാത്ത പണിക്ക് പോയാല്‍ മുട്ടുകാലുതല്ലിയൊടുക്കുമെന്ന് അച്ഛന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അച്ഛനെ നല്ല പേടിയുണ്ടായിരുന്നതുകൊണ്ടും ഈ സൈക്കിള്‍ പഠനം എന്ന എന്റെ ആവശ്യം ഒരു അനാവശ്യമായി അമ്മയ്‌ക്ക് തോന്നിയിരുന്നതുകൊണ്ടും എനിക്കുവേണ്ടി സൈക്കിളിന്റെ കാര്യത്തില്‍ വക്കാലത്ത് പറയാന്‍ അമ്മയും വന്നില്ല. അങ്ങനെ സൈക്കിള്‍ ഓടിക്കുവാന്‍ പഠിക്കുക എന്നത് ഒരു സ്വപ്നമായി ഞാന്‍ കുറെ നാള്‍ കൊണ്ടുനടന്നു.

ഒടുവില്‍ ആറാം ക്ലാസിലെത്തിയപ്പോഴാണ് എനിക്ക് പഠിക്കുവാനായി ഒരു സൈക്കിള്‍ അച്ഛന്റെ സുഹൃത്തായ കുഞ്ഞപ്പന്‍ ചേട്ടന്‍ വശം ദൈവം തമ്പുരാന്‍ കൊടുത്തയച്ചത്. കുഞ്ഞപ്പന്‍ ചേട്ടന് അക്കാലത്ത് അങ്ങാടിയില്‍ ഒരു *ആല ഉണ്ടായിരുന്നു. അവിടെ പോകുവാനായി സ്വന്തമായി അസംബിള്‍ ചെയ്‌തെടുത്തതാണ് ആ സൈക്കിള്‍. ഒട്ടും ആഢംബരപ്രിയനല്ലാത്തതുകൊണ്ട് ബെല്ല്, ബ്രേയ്‌ക്ക്, മഡ്‌ഗാര്‍ഡ്, സ്റ്റാന്‍ഡ് ഇത്യാദിയൊന്നുമില്ലാതെയും, ത്രികോണാകൃതിയില്‍ വെട്ടിയുണ്ടാക്കിയ ഒരു മരക്കഷണം സീറ്റായി ഉപയോഗിച്ചുമായിരുന്നു കുഞ്ഞപ്പന്‍ ചേട്ടന്‍ സ്വന്തം ശകടത്തെ കൊണ്ടുനടന്നിരുന്നത്. പിറകിലത്തെ ചക്രത്തിന്റെ ബ്രേയ്‌ക്കില്‍ നിന്നും സൈക്കിളിന്റെ ഹാന്‍ഡിലിലേക്കെത്തുന്ന ഒരു കമ്പിക്കഷണം, അതില്‍ എഴുന്നേറ്റ് നിന്ന് ചവിട്ടി കൃത്യമായി ബ്രേയ്‌ക്ക് നിയന്ത്രിക്കുവാനും അങ്ങേര്‍ക്കറിയാമായിരുന്നു. എന്തായാലും ഇറക്കത്ത് പെഡല്‍ ചവിട്ടേണ്ട കാര്യമില്ല, പിന്നെ ആ കാലുകൊണ്ട് ബ്രേയ്‌ക്ക് ചവിട്ടുന്നതുകൊണ്ട് എന്താണ് കുഴപ്പം? മോട്ടോര്‍ സൈക്കിള്‍ മോഡലില്‍ കാ‍ലുകൊണ്ട് ബ്രേയ്‌ക്ക് ചവിട്ടാവുന്ന ഇങ്ങനെയൊരു സൈക്കിള്‍ ആ നാട്ടില്‍ കുഞ്ഞപ്പന്‍ ചേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതിന്റെ അഹങ്കാരമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. മഴക്കാലമായാല്‍ കുഞ്ഞപ്പന്‍ ചേട്ടന്റെ വീട്ടിലേക്ക് സൈക്കിളിലുള്ള പോക്ക് അസാദ്ധ്യമായതിനാല്‍ എന്റെ വീടിന്റെ അരമതിലില്‍ ചാരിയായിരുന്നു ആ സൈക്കിള്‍ അക്കാലത്ത് ഉറങ്ങിയിരുന്നത്. സൈക്കിളെന്നല്ല, നടന്നുതന്നെ പോകുവാന്‍ വളരെ ബുദ്ധിമുട്ടുള്ള രീതിയില്‍ മുട്ടൊപ്പം ചെളി നിറഞ്ഞതായിരുന്നു അങ്ങോട്ടുള്ള അക്കാലത്തെ വഴി.

സ്വന്തം വീടിനുമുന്നില്‍ സ്ഥിരമായി ഒരു സൈക്കിള്‍ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ എനിക്കൊരാഗ്രഹം. എന്തുകൊണ്ട് എനിക്ക് തനിയെ ഇതുകൊണ്ട് സൈക്കിളോടിക്കാന്‍ പഠിച്ചുകൂടാ ? എന്തായാലും വൈകുന്നേരം മുതല്‍ രാവിലെ വരെ ആ സൈക്കിള്‍ അവിടെ ചുമ്മാ ഇരിക്കുകയാണ്. പ്രത്യേകിച്ച് പെട്രോളോ ഡീസലോ ഒന്നും ഒഴിക്കണ്ട താനും. അച്ഛന്‍ പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. ഈ രണ്ട് രണ്ടര മണിക്കൂര്‍ സൈക്കിള്‍ പഠനത്തിനായി വിനിയോഗിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അന്നു് രാത്രി കൈവിട്ട് സൈക്കിളോടിക്കുന്നതും സൈക്കിളില്‍ അനിയനെ പിറകിലിരുത്തി ഡബിള്‍സടിക്കുന്നതും ഞാന്‍ സ്വപ്‌നം കണ്ടു.

പിറ്റേന്ന് വൈകിട്ട് ഗണപതിയെ ധ്യാനിച്ച് സൈക്കിളിലെ ഹാന്‍ഡിലില്‍ തൊട്ട് കൈ നെഞ്ചോട് ചേര്‍ത്ത് ഒരു മിനിറ്റ് പ്രാര്‍ത്ഥിച്ച് പഠനം തുടങ്ങി. അപ്പോഴാണ് വേറൊരു പ്രശ്‌നം. സൈക്കിളിന്റെ സീറ്റിലിരിക്കാന്‍ കാലെത്തില്ല. *ഇടങ്കാലിട്ടുചവിട്ടാന്‍ അറിയത്തില്ല താനും. എന്റെ വിഷമാവസ്ഥ മുന്‍‌കൂട്ടി അറിഞ്ഞിരുന്ന ദൈവം, സീറ്റില്ലെങ്കിലും പണിയായുധങ്ങള്‍ വെക്കുവാനായി കാരിയര്‍ പോലൊരു സംഭവം ആ സൈക്കിളിന്റെ പിറകില്‍ വെച്ചുപിടിപ്പിക്കുവാന്‍ കുഞ്ഞപ്പന്‍ ചേട്ടനെക്കൊണ്ട് തോന്നിപ്പിക്കുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും ചെയ്‌തിരുന്നു. ആ കാരിയറില്‍ ഇരുന്നാല്‍ കഷ്‌ടിച്ച് പെരുവിരല്‍ നിലത്തുമുട്ടും. ഇത്രേം മതി. ഞാനുറപ്പിച്ചു. എന്റെ വീട് ഒരു ഇറക്കത്തിലായിരുന്നതുകൊണ്ട് പതിയെ ഈ സാധനവും ഉന്തിക്കോണ്ട് ഞാന്‍ കയറ്റം കയറി.

അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ഞാന്‍ സൈക്കിളിന്റെ കാരിയറിലിരുന്നു. ഏന്തിവലിഞ്ഞാല്‍ ഹാന്‍ഡിലില്‍ പിടിക്കാം. അങ്ങനെയിരുന്ന് കാലൊന്ന് പൊന്തിച്ചുനോക്കി. സൈക്കിള്‍ ആദ്യം പതിയെ, പിന്നെ വേഗത്തില്‍ സൈക്കിള്‍ താഴെക്കുരുണ്ടുതുടങ്ങി. ഇടയ്‌ക്ക് ചെരിയുമ്പോള്‍ ഞാന്‍ കാലുകുത്തി ഒരു തരത്തില്‍ അഡ്‌ജസ്റ്റ് ചെയ്‌തുകൊണ്ടിരുന്നു. സൈക്കിളിന്റെയൊപ്പം പിറകിലത്തെ സീറ്റിലിരുന്നോടി വലിയ കുഴപ്പമൊന്നുമില്ലാതെ ആദ്യവട്ടം പൂര്‍ത്തിയാക്കി. ആവേശത്തില്‍ ഞാന്‍ പിന്നെയും സൈക്കിളുന്തി കയറ്റം കയറി. ഇത്തവണ നേരത്തേതിലും നന്നായി താഴെയെത്തി. ആറേഴുവട്ടമായപ്പോള്‍ കാലുകുത്താതെ തന്നെ താഴെയെത്താം എന്ന അവസ്ഥയിലായി. ങ്ഹും...! എന്നോടാ കളി..! ലോകത്ത് ആദ്യമായി തനിയെ സൈക്കിളോടിക്കാന്‍ പഠിക്കുന്നവന്‍ എന്ന അഹങ്കാരം, അന്നറിയാവുന്ന ഏതോ സിനിമാപ്പാട്ടിന്റെ രൂപത്തില്‍ പുറത്തുവന്നു. വീണ്ടും ഞാന്‍ സൈക്കിള്‍ ഉന്തിക്കയറ്റി മുകളിലെത്തി. അതിരുകവിഞ്ഞ ആത്മവിശ്വാസം ഇപ്രാവശ്യം എന്തായാലും കാലുകുത്തുന്നില്ല എന്ന കടുത്ത തീരുമാനമെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഇത്തവണയും കാരിയറിലിരിക്കുന്ന എന്നെയും വഹിച്ച് പൂര്‍വ്വാധികം ഭംഗിയായി സൈക്കിള്‍ താഴേക്കുരുണ്ടു. പകുതി വഴിയായപ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് സൈക്കിളിനൊരു ശങ്ക... ഹാന്‍ഡിലിലും അതിനുതാഴെ ഉണ്ടായിരുന്ന ചെറിയ കമ്പിയിലും മുറുകിപ്പിടിച്ചത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. പിന്നെ, ഭൂമി കീഴ്‌മേല്‍ മറിയുന്നതുപോലൊരു തോന്നലും അതോടൊപ്പം ഏതോ ഗുഹയില്‍ നിന്നെന്ന പോലെ “പ്‌ധും“ എന്നൊരു ശബ്‌ദവും ഒരുമിച്ചായിരുന്നു. വിഷുക്കാലമല്ലാഞ്ഞിട്ടും പട്ടാപ്പകലായിരുന്നിട്ടും ചക്രവും മത്താപ്പുമൊക്കെ കണ്മുന്നില്‍ കത്തിക്കറങ്ങി. കണ്ണുതുറന്ന് നോക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. സൈക്കിളെങ്ങോട്ടുപോയി ? അല്ല, ഞാനെവിടാ ഈ കിടക്കുന്നത് ? ഭാഗ്യത്തിന് വഴിയരികിലെ ഒരു കയ്യാലക്കുഴിയില്‍ ഉണക്കത്തേക്കില പൊഴിഞ്ഞുകിടക്കുന്നതിനുമുകളിലേക്ക് കൃത്യമായായിരുന്നു ഞാന്‍ പറന്നുവീണത്. സൈക്കിള്‍ കേടുപാടൊന്നുമില്ലാതെ കുറെ മാറി റെസ്റ്റെടുക്കുന്നു..! എഴുന്നേല്‍ക്കാന്‍ നോക്കി, കൈക്കും കാലിനുമൊക്കെ ഒരു വേദന. ഒരു വിധത്തില്‍ സൈക്കിളെടുത്തുനിവര്‍ത്തി. ഹാന്‍ഡിലും മുമ്പിലത്തെ ചക്രവും തമ്മില്‍ ഏതാണ്ട് നാല്‍പ്പത്തഞ്ച് ഡിഗ്രി ചെരിഞ്ഞിരിക്കുന്നു..! നിവര്‍ത്താന്‍ നോക്കിയിട്ട് നിവരുന്നുമില്ല. അങ്ങനെ തന്നെ ഉന്തിക്കൊണ്ട് വീട്ടിലെ അരമതിലില്‍ തന്നെ സൈക്കിള്‍ ചാരിവെച്ചു. ഇത്തവണ സൈക്കിളിന്റെ മുന്‍‌വശം പിറകോട്ടാ‍ക്കിയായിരുന്നു ചാരി വെച്ചത്.

രാവിലെ കുഞ്ഞപ്പന്‍ ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ തലേന്ന് രാത്രി ആലോചിച്ചുകൂട്ടിയ ഐഡിയ പുറത്തെടുത്തു.

“കുഞ്ഞപ്പന്‍ ചേട്ടാ, ഇന്നലെ എന്റെ കൈ തട്ടി സൈക്കിള്‍ മറിഞ്ഞുവീണു, അതിന്റെ ഹാന്‍ഡില്‍ തിരിഞ്ഞുപോയി എന്നുതോന്നുന്നു..!”
“അത്രേയൊള്ളോ..! അത് സാരോല്ല..!”

എന്നു പറഞ്ഞ് അദ്ദേഹം സൈക്കിളിന്റെ മുന്‍‌ചക്രം കാലിന്റെയിടയിലാക്കി പിടിച്ച് ഹാന്‍ഡില്‍ ഒറ്റത്തിരിക്കല്‍..! ദാ ഇപ്പോ സൈക്കിള്‍ പഴയപടി ആയിരിക്കുന്നു..! അതുമോടിച്ചോണ്ട് അങ്ങേര്‍ ആലയിലേക്ക് പോകുന്നത് ഞാന്‍ ആരാധനയോടെ കണ്ടുനിന്നു.

ആ സംഭവത്തോടെ ഞാനൊരു കാര്യം മനസ്സിലാക്കി. ഈ സൈക്കിളിനൊക്കെ രണ്ടുതരം ബ്രേയ്‌ക്കുണ്ട്. ഫ്രണ്ട് ബ്രേയ്‌ക്കും ബാക്ക് ബ്രേയ്‌ക്കും. വലതുവശത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന് താഴെ കാണുന്ന ചെറിയ കമ്പിക്കഷണമാണ് ഫ്രണ്ട് ബ്രേയ്‌ക്ക്. നല്ല വേഗത്തില്‍ പോവുമ്പോള്‍ ഇത് ഹാന്‍‌ഡിലിനോട് ചേറ്ത്ത് പിടിച്ചാല്‍, പ്രത്യേകിച്ചും ഇറക്കത്തിലാണെങ്കില്‍ തലയും കുത്തി താഴെ വീഴുമെന്നത് നൂറുതരം..! അത് സീറ്റിലെന്നല്ല, കാരിയറില്‍ ഇരുന്നാല്‍ പോലും..! അതോടൊപ്പം കുഞ്ഞപ്പന്‍ ചേട്ടന്റെ സൈക്കിളിന് ബെല്ലും ബ്രേയ്‌ക്കുമില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തിരിച്ചിങ്ങനെ പറയുന്നതും പതിവാക്കി.

“ങ്ഹും..! ബ്രേയ്‌ക്കില്ലാന്നോ..? നിനക്കറിയാമ്പാടില്ലാഞ്ഞിട്ടാ...! വേറൊരു സൈക്കിളിനും ഉണ്ടാകില്ല അത്രേം ബ്രേയ്‌ക്ക്..!”


*ആല - കൊല്ലന്മാര്‍ പണിയെടുക്കുവാനായി കെട്ടിയുണ്ടാക്കുന്ന ഷെഡ്ഡ്. വര്‍ക്ക്‍ഷോപ്പിന്റെ പഴയ രൂപം.
*ഇടങ്കാലിട്ടു് ചവിട്ടുക - നിന്നുകൊണ്ട്, ഒരു കാല്‍ സൈക്കിളിന്റെ ക്രോസ് ബാറിനുതാഴെക്കൂടെ നീട്ടി അപ്പുറത്തെ പെഡലില്‍ ചവിട്ടി, പെഡല്‍ അര്‍ദ്ധവൃത്താകൃതിയില്‍ മുമ്പോട്ടും പിറകോട്ടും കറക്കിക്കൊണ്ട് സൈക്കിളോടിക്കുന്നത്. സൈക്കിളില്‍ കാലെത്താത്ത കാലത്തൊക്കെ ഇങ്ങനെ കുട്ടികള്‍ ഓടിക്കുന്നത് കാണാം.

17 comments:

ഈയുള്ളവന്‍ said...

...ഒട്ടും ആഢംബരപ്രിയനല്ലാത്തതുകൊണ്ട് ബെല്ല്, ബ്രേയ്‌ക്ക്, മഡ്‌ഗാര്‍ഡ്, സ്റ്റാന്‍ഡ് ഇത്യാദിയൊന്നുമില്ലാതെയും, ത്രികോണാകൃതിയില്‍ വെട്ടിയുണ്ടാക്കിയ ഒരു മരക്കഷണം സീറ്റായി ഉപയോഗിച്ചുമായിരുന്നു കുഞ്ഞപ്പന്‍ ചേട്ടന്‍ സ്വന്തം ശകടത്തെ കൊണ്ടുനടന്നിരുന്നത്. പിറകിലത്തെ ചക്രത്തിന്റെ ബ്രേയ്‌ക്കില്‍ നിന്നും സൈക്കിളിന്റെ ഹാന്‍ഡിലിലേക്കെത്തുന്ന ഒരു കമ്പിക്കഷണം, അതില്‍ എഴുന്നേറ്റ് നിന്ന് ചവിട്ടി കൃത്യമായി ബ്രേയ്‌ക്ക് നിയന്ത്രിക്കുവാനും അങ്ങേര്‍ക്കറിയാമായിരുന്നു.
--
പഴയ കാലാത്തെ ഒരു സംഭവം കൂടി പോസ്റ്റുകയാണ്.

Haree said...

ഹ ഹ ഹ...
ശരിക്കും രസിച്ചൂട്ടോ... :)
--

Jochie said...

എനിക്കു വല്ലാത്തൊരു കുശുബു തൊന്നുന്നു എത്ര നിറമുള്ള ഓറ്‌മ്മകള്‍‌ ഇതോക്കേ ആണേലും വീഴുബോള്‍‌ തലേന്ന്‌ നക്ഷത്രങ്ങള്‍‌ പറക്കുന്നത്‌ ഒരനുഭവം തന്നാ..പിന്നെ ഈ സൈക്കിള്‍‌
അഭ്യാസത്തിനൊളം ത്രീല്ല് വേറെ ഒന്നിനുമില്ല
എന്നു തോന്നി ഇതു വായിച്ച്പ്പൊ..ഇങ്ങ്നെ പാരാട്ടല്ലാതെ ഒരു വിമറ്‌ശ്ശനം ഈ തവണ
എഴുതണം എന്ന മുനവിചാരത്തോടെ വന്നതാ ഈ തവണയും നട്ന്നില്ല ബൈജു ഉഗ്രന്‍‌ അസ്സാലായി! ( ഇനി അടുത്തതെന്നാ? )

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്ശെടാ രണ്ടാമത്തെ സൈക്കിള്‍ കഥ ഇനി ചാത്തന്‍ ‘വീഴാത്ത’ കാര്യം എപ്പോഴാണോ പറയുന്നേ?

നന്നായീട്ടാ.

ദിവാസ്വപ്നം said...

ഹ ഹ ഇത് അലക്കി. വാടകയ്ക്ക് സൈക്കിള്‍ പഠിയ്ക്കാന്‍ പോയി ബെല്ലില്ലാത്ത സൈക്കിളില്‍ നിന്ന് കല്ലില്‍ക്കേറി മറിഞ്ഞ് ഒരു വീഴ്ച വീണത് എനിക്കിപ്പഴും നല്ല ഓര്‍മ്മയുണ്ട്. എങ്ങനെ മറക്കും ? നെഞ്ചും തല്ലിയല്ലേ വീണത് !

(ദോഷം പറയരുതല്ലോ; ആ വീഴ്ച വീണില്ലായിരുന്നെങ്കില്‍ സൈക്കിള്‍ നേരേ മെയിന്‍ റോഡിലേയ്ക്ക് ചെന്ന് ഞാന്‍ ഏതെങ്കിലും വണ്ടിയ്ക്ക് അട വച്ചേനെ)

Unknown said...

ഹോ, കല്ല്ക്കി, സൈക്കിള്‍ നൊവാള്‍ജിയ!
കാല്‍ സൈക്കിള്‍,അരസൈക്കിള്‍, ബി എസ് ഏ, വലിയ സൈക്കിള്‍ , ഇതില്‍ ബി എസ് ഏ ആയിരുന്നു ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള സൈക്കിള്‍.അരകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാന്‍ അരമണിക്കൂര്‍ നടക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. അവധിക്കാലത്ത് അരസൈക്കിള്‍ വാടകയ്ക്ക് ചവിട്ടിയാണ് സൈക്കിള്‍ ചവിട്ട് പഠിച്ചത്.


ചെറുപ്പത്തില്‍ നമ്മുടെ മുന്‍പിലെ ഏറ്റവും വലിയ ‘പിന്തിരിപ്പന്‍’ അപ്പനായിരിക്കും! സ്വയം ഒരു അപ്പനാകുമ്പോഴെ ആ ‘പിന്തിരിപ്പന്‍’ കാഴ്ച്ചപ്പാടിന്റെ കാരണങ്ങള്‍ മനസ്സിലാകൂ!

സു | Su said...

:) പരിപാടി കൊള്ളാം. വീണത് നന്നായി. പാഠം പഠിച്ചല്ലോ. ഹിഹിഹി. ബ്രേക്കിന്റെ പാഠം.

നന്ദന്‍ said...

പണ്ട് സൈക്കിള്‍ പഠിക്കാന്‍ നോക്കി ഉരുണ്ട് വീണതൊക്കെ മനസ്സിലൂടെ ഒന്നു മിന്നി മാഞ്ഞു. അല്ല, വീഴാതെ ആരാ ഭായ് സൈക്കിള്‍ പഠിച്ചിരിക്കുന്നത്! ഈ ഞാന്‍ വരെ വീണിരിക്കുന്നു.. പിന്നെയാ! (എന്നെ കൊണ്ട് ഞാന്‍ തോറ്റു.. ഹി ഹി..) നന്നായിട്ടുണ്ട് ഭായ്..

മെലോഡിയസ് said...

നല്ല ബെസ്റ്റ് വീഴ്‌ച..നന്നായി രസിച്ച് വായിച്ചു.

Unknown said...

ഇഷ്ടപ്പെട്ടു ഭായീ. അവതരണം വളരെ നന്നായിട്ടുണ്ട്. ഇക്കണക്കനിനാണെങ്കില്‍ മണ്ടത്തരങ്ങളും അബദ്ധങ്ങളും പിന്നെ വീഴ്ചകളും മാത്രമുള്ള ഒരു മെഗാ ബ്ലൊഗായി ഇതും മാറും .
അതങ്ങിനെ തന്നെ സംഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്.
കുഞ്ഞന്‍...

പ്രശാന്ത് said...

ബൈജൂ... അടിപൊളി...

പണ്ട് കാവണ്ടിയും അരവണ്ടീയും പിന്നെ മുക്കാ വണ്ടിയുമെടുത്ത് നടന്ന കാലം ഓറ്മിപ്പിച്ചതിനു നന്ദി.

ഹൈവെയില്‍ സൈക്കിളോടിക്കാനുള്ള കൊതിക്ക് അഞ്ചില്‍ പടിക്കുമ്പൊ അഞ്ചു കി. മി. അലകെയുള്ള NH47ലേക്ക് സൈക്കിള്‍ ചവിട്ടിയതും, അത് ഇച്ചിരി അഹങ്കാരത്തോടെ വീട്ടില്‍ വറ്ണ്ണിച്ചപ്പോ അമ്മേടടുത്തുന്നു കിട്ടിയ തല്ലും ഓറ്മ്മവരുന്നു....

മുക്കുവന്‍ said...

good one. many of us had the same sort of cycle story, but the way you wrote is excellent.

പാച്ചേരി : : Pacheri said...

കൊള്ളാം ബൈജു ...നി ഒന്നു വിണപ്പൊള് നിറ്ത്തി എനു തോനുന്നു...ഞാന്‍ വീണതിന്റെ പാട് ഇന്നും മാറാതെ എന്റെ കാലില്‍ ഉണ്ട് ..വളരെ നാളത്തെ സഹന സമരത്തിനു ശേഷം അച്ഛ്ന്‍ വാങ്ങി തന്ന സൈക്കില്‍ , എന്റെ ദേഹത്ത് ഇനി മുറിവിനു സ്തലമില്ലെന്നു മനസിലാക്കി അച്ചഛ്ന്‍ തന്നെ എന്റെ കണ്മുന്നില്‍ വച്ചു ഐദ്രുസ് കാക്കയ്കു വിറ്റു ... എന്നെ വിട്ട് എന്റെ സൈക്കില്‍ പോകുന്നതു നിറകണ്ണുകളോടെ നോക്കി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളു....

Rasheed Chalil said...

എന്റെ ചെറുപ്പത്തില്‍ എരുമയെ പുല്ല് തീറ്റിക്കാനായി കൊണ്ട് പോയാല്‍ പുള്ളിയെ വല്ല സ്ഥലത്തും തളച്ച് സൈക്കിള്‍ വടകയ്ക്ക് എടുക്കുമായിരുന്നു. അന്ന് കാവണ്ടി, അരവണ്ടി, മുക്കാവണ്ടി, ഒരു വണ്ടി... ഇങ്ങനെ വിവിധ പ്രായത്തിലുള്ള സൈക്കിളുകളായിരുന്നു‍... ഒരു പാട് വീണിട്ടുണ്ട്... അപ്പോഴൊക്കെ ചിരിച്ചിട്ടുമുണ്ട്.

ഈയുള്ളവനേ വിവരണം അസ്സലായി...

ഈയുള്ളവന്‍ said...

ഹരീ,
പക്ഷെ, അത്ര രസമൊന്നുമില്ലാരുന്നു ആ വീഴ്‌ച :)

ജോച്ചീ,
ബൂലോഗത്ത് പിച്ച വെച്ച് നടക്കുന്നതേയുള്ളൂ ഞാന്‍. ധൈര്യമായി വിമര്‍ശിച്ചോ. എന്തെഴുതണം, എങ്ങനെയെഴുതണം എന്നൊന്നും ഇപ്പോഴും ഒരു ഐഡിയായുമില്ല. വായില്‍ തോന്നീത് കോതയ്‌ക്ക് പാട്ട് (ബഹുവിന്റെ കോതയല്ലാട്ടോ) എന്ന രീതിയില്‍ വെച്ചുകീച്ചുവാ. അഭിനന്ദനത്തിനുനന്ദി :) (അടുത്തത് വല്യ താമസമില്ലാതെ ഉണ്ടാകും :) )

ചാത്തോ,
വെച്ചുതാമസിപ്പിക്കാതെ ആ ‘വീഴാത്ത‘ കാര്യവും അങ്ങ്‌ട് പൂശെന്നേ.. :)

ദിവാ,
ദൈവാനുഗ്രഹം കൊണ്ട് സൈക്കിളീന്ന് ഒരു വീഴ്‌ചയേ എനിക്കുണ്ടായുള്ളൂ. എന്തിനാ അധികം വീഴണേ, അങ്ങനത്തെ ഒരു വീഴ്‌ച വീണാല്‍ പോരേ...? :) നന്ദീട്ടാ :)

സപ്‌തവര്‍ണ്ണങ്ങള്‍,
നന്ദി :) പലരുടേയും സൈക്കിള്‍ പഠനകാലത്തെ ഓര്‍മ്മകള്‍ വെളിയില്‍ കൊണ്ടുവരാനായതില്‍ ഒത്തിരി സന്തോഷം. ശരിയാണ്, സ്വയം ഒരു അപ്പനായാലേ ആ പിന്തിരിപ്പന്‍ കാഴ്‌ചപ്പാടിന്റെ കാരണങ്ങള്‍ മനസ്സിലാകൂ.

സുവേച്ചീ,
അപ്പറഞ്ഞത് സത്യം :)

നന്ദൂ,
നന്ദീട്ടോ :) അതെ, ഈ ‘ഞാന്‍‘ വരെ വീണിരിക്കുന്നു, പിന്നാ... ല്ലേ..? ഹ ഹ :)

മെലോഡിയസ്,
ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം. നന്ദി :)

കുഞ്ഞാ,
കാര്യമായി എന്തെങ്കിലുമൊക്കെ എഴുതണമെന്നുണ്ട്, പക്ഷെ, മണി അങ്ങ്ട് വരണ്ടേ...? മണ്ടത്തരങ്ങളും അബദ്ധവുമൊക്കെയാകുമ്പോള്‍ കഥ തിരക്കി എങ്ങും പോകണ്ടല്ലോ...? :)

പ്രശാന്തേട്ടാ,
നന്ദി :) ഈ സൈക്കിള്‍ വീഴ്‌ചകള്‍ മാത്രമായി ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങിയാല്‍ കുറെ പോസ്റ്റുകള്‍ വരുമായിരിക്കും, അല്ലേ?

മുക്കുവന്‍,
അതെ, എല്ലാവര്‍ക്കുമുണ്ട് ഒരു സൈക്കിള്‍ വീഴ്‌ചയുടെയെങ്കിലും കഥ പറയാനായി. ഞാനൊന്ന് തുടങ്ങിവെച്ചെന്നേയുള്ളൂ‍ :) അഭിനന്ദനത്തിന് നന്ദി.

സായീ,
ഒന്നുവീണിട്ടൊന്നും നിര്‍ത്തീല്ല, അങ്ങനെ നിര്‍ത്താന്‍ പറ്റുമോ..? പിന്നെ വാശിയാരുന്നു, ഒടുവില്‍ അതില്‍ തന്നെ പഠിച്ചു, പക്ഷെ, കാരിയറില്‍ ഇരുന്ന് ചവിട്ടാന്‍ മാത്രം. ബാക്കി ഞാന്‍ അടുത്ത പോസ്റ്റില്‍ എഴുതാം. (ഈശ്വരാ, ഇവന്‍ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കില്ലേ എന്ന് തോന്നുന്നുണ്ടാകും, അല്ലേ..? ഹിഹി :) )

ഇത്തിരീ,
സൈക്കിളീന്ന് വീണപ്പോള്‍ ചിരിയൊന്നും വന്നില്ലാരുന്നു. ആകെയൊരു ദേഷ്യവും സങ്കടവും, പിന്നെ അവിടെയും ഇവിടെയുമൊക്കെ വേദനയും. പക്ഷെ, ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നുണ്ട്.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. ഞാനീ സംഭവം ഓര്‍ക്കൂട്ടിലെ മലയാളം കമ്മ്യൂണിറ്റിയിലും പോസ്റ്റിയിരുന്നു. അവിടെ നിന്നും കുറെപ്പേരുടെ കൂടി സൈക്കിള്‍ വീഴ്‌ചകളുടെ കഥ കിട്ടി. ഇതൊക്കെ കുറെ കഴിഞ്ഞോര്‍ക്കുമ്പോള്‍ ഒരു സുഖം, അല്ലേ..?

ഹരിയണ്ണന്‍@Hariyannan said...

ഓര്‍ക്കുട്ടില്‍ വായിച്ചിരുന്നു.
സൈക്കിള്‍ എല്ലാവര്‍ക്കും കുട്ടിക്കാലത്ത് ഒരു അത്ഭുതവസ്തുവായിരുന്നല്ലോ?!
ആ കാലം വീണ്ടും ഓര്‍മ്മയിലെത്തിച്ചതിനു നന്ദി...

ഈയുള്ളവന്‍ said...

ഹരിയണ്ണന്‍സ്,
അതെ, രണ്ട് പോയിന്റ് മാത്രം ഭൂമിയില്‍ തൊട്ട് പായുന്ന സൈക്കിള്‍ എല്ലാവര്‍ക്കും കുട്ടിക്കാലത്ത് ഒരു അത്ഭുതവസ്തുവായിരുന്നു... കമന്റിന് നന്ദീട്ടോ...