Tuesday, July 10, 2007

കളിക്കൂട്ടുകാരി...

ഒരു വൈകുന്നേരം അടുക്കളയില്‍, *കൊരണ്ടിപ്പലകയിലിരുന്ന് സാമ്പാറോ മോരുകറിയോ ഉണ്ടാക്കിയ മണ്‍‌ചട്ടിയില്‍ ഇത്തിരി ചോറും വാരിയിട്ട് കുഴച്ച് അകത്താക്കുമ്പോഴാണ് പിന്‍‌വാതിലില്‍ ആരോ വന്ന് മുട്ടിവിളിച്ചത് കേട്ടത്. (ഇന്നും വീട്ടില്‍ ചെന്നാല്‍ ഇങ്ങനെ ഊണുകഴിക്കാന്‍ തന്നെയാണെനിക്കിഷ്ടം). ഞാനുടനെ ചട്ടിയുമായി നടുമുറിയിലേക്കോടി. അയല്‍‌പക്കത്ത് പുതുതായി താമസത്തിനുവന്ന ചേച്ചിയാണ്. കൂടെ അഞ്ചാറുവയസ്സുതോന്നിക്കുന്ന ഒരു കൊച്ചുപെണ്‍‌കുട്ടിയും..! ഞാന്‍ കതകിന് മറഞ്ഞുനിന്ന് തലമാത്രം വെളിയിലാക്കി അമ്മയോടുള്ള അവരുടെ സംസാരം ശ്രദ്ധിച്ചു:

“മോള്‍ നാളെ മുതല്‍ ഇവിടുത്തെ സ്‌കൂളില്‍ പോയിത്തുടങ്ങുവാ... ചേച്ചീടെ മോനും അവിടെയല്ലേ...? നാളെ മോന്‍ പോകുമ്പോള്‍ ഇവളേം കൂട്ടിക്കോണ്ട് പോകാമോ..? എനിക്കാണേല്‍ ഇവിടെ ആരേം പരിചയമായിട്ടില്ല..!”
“അതിനെന്താ... പുഷ്‌പേടെ വീടിന്റെ പിറകിലുള്ള വീട്ടിലെയല്ലേ..? ഞാനവനോട് പറഞ്ഞേക്കാം...”

അതുശരി..! അപ്പോള്‍ ഈ കൊച്ചിനേം ഞങ്ങടെ കൂടെ കൂട്ടാനാണ് പരിപാടി...! വലിയ കണ്ണുകളും മുമ്പിലേക്ക് ചുരുണ്ടുകിടക്കുന്ന മുടിയുമുള്ള ഇരുനിറക്കാരിയായ ഒരു കൊച്ചുസുന്ദരി..! കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു...

അങ്ങനെ എനിക്ക് പുതിയൊരു കൂട്ടുകാരിയെക്കൂടി കിട്ടി. പിറ്റേന്നുമുതല്‍ രാവിലെ സ്‌കൂളില്‍ പോകുന്ന വഴി അവളേം കൂട്ടി. അവള്‍ ഒത്തിരി വര്‍ത്തമാനം പറയുമായിരുന്നു. ഒരു കിലുക്കാം‌പെട്ടി..! ശ്രീലേഖ, അതായിരുന്നു അവളുടെ പേര്.. അച്ചനുമമ്മയും ശ്രീക്കുട്ടി എന്ന് വിളിച്ചുവിളിച്ച് അവസാനം ചിക്കൂട്ടിയായി മാറി. അച്ചേടെ (ചിക്കൂട്ടി അങ്ങനെയാണ് അവളുടെ അച്ഛനെ വിളിച്ചിരുന്നത്) ഇടയ്‌ക്കിടെയുള്ള സ്ഥലം മാറ്റത്തെപ്പറ്റിയും ഇങ്ങനെ മാറിമാറി ഒത്തിരി താമസിക്കേണ്ടിവന്നതിനേപ്പറ്റിയുമൊക്കെ ചിക്കൂട്ടി വാതോരാതെ എനിക്ക് പറഞ്ഞുതന്നു. ഊതിയാല്‍ ഒച്ച കേള്‍ക്കുന്നതോടൊപ്പം നീണ്ടുവരുന്ന പീപ്പിയും, തകരത്തില്‍ കറുപ്പ് നിറം പൂശിയ സ്ലേറ്റും അവള്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്കൊക്കെ പൊട്ടുന്ന സ്ലേറ്റും കറുത്ത കല്ലുപെന്‍‌സിലുമുള്ളപ്പോള്‍ അവള്‍ക്ക് ഒരു തരം വെളുത്ത കല്ലുപെന്‍സിലായിരുന്നു ഉണ്ടായിരുന്നത്. ഇതൊക്കെ ആയിരുന്നു ആദ്യം അവളുമായി കൂട്ടുകൂടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞങ്ങളുടെ കൂട്ടുകാരില്‍ എന്നോടായിരുന്നു അവള്‍ക്കും കൂടുതലിഷ്‌ടം.

ഞങ്ങള്‍ നാലുപേരായിരുന്നു ആ ഗ്യാങ്ങിലുണ്ടായിരുന്നത്. എന്നോടൊപ്പം പഠിക്കുന്ന സിബി, സിന്ധു, എന്നേക്കാള്‍ ഒരു വയസ്സിന് മൂത്ത സുജ, പിന്നെ ചിക്കൂട്ടിയും ഞാനും. നാലുപേരുടെ കൂടെ പോകുമ്പോള്‍ എല്ലാവരുമായി വര്‍ത്തമാനം പറയേണ്ടിയിരുന്നതുകൊണ്ട് ചിക്കൂട്ടിയുമായി അധികം സംസാരിക്കാനൊക്കുമായിരുന്നില്ല. ഒടുവില്‍ ഞാന്‍ തന്നെ ഒരു പോംവഴി കണ്ടുപിടിച്ചു. രാവിലെ നേരത്തെ സ്‌കൂളില്‍ പോവുക! അപ്പോള്‍ വീട്ടില്‍നിന്നും സ്‌കൂളിലേക്കുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ഞങ്ങള്‍ക്കു് രണ്ടുപേര്‍ക്കും ഒത്തിരി വര്‍ത്തമാനം പറയാം..! അങ്ങനെ സിബിയും സിന്ധുവും സുജയുമൊക്കെ പതിയെ എന്റെ ഗ്യാങ്ങില്‍ നിന്നും പുറത്തുപോയി. അല്ല, ഞാനവരുടെ ഗ്യാങ്ങില്‍ നിന്നും പതിയെ പുറത്തായി. പതിയെപ്പതിയെ, അവളുമായി ആരെങ്കിലും സംസാരിക്കുന്നതോ അവള്‍ ആരെയെങ്കിലും ചിരിച്ചുകാണിക്കുന്നതോ പോലും എനിക്ക് ഇഷ്‌ടമല്ലാതായിത്തുടങ്ങി!

അങ്ങനെയിരിക്കെ ഒരു ദിവസം ചിക്കൂട്ടി കരഞ്ഞോണ്ട് എന്റെയടുത്തുവന്നു. സിബി അവളെ ഉണ്ടക്കണ്ണീന്ന് വിളിച്ചുവത്രേ! എനിക്ക് സഹിക്കുമോ? അവനിട്ട് ഒരു പണികൊടുക്കാന്‍ അവസരവും കാത്ത് ഞാനിരുന്നു. അധികം വൈകിച്ചില്ല, വൈകിട്ട് സ്‌കൂളില്‍ നിന്നും തിരിച്ചുപോരും വഴി സിബിയെ വഴിയരികിലെ കൊങ്ങിണിക്കാട്ടില്‍ തള്ളിയിട്ട് അവളുടെ കയ്യും പിടിച്ചോടി ഞാന്‍ പകരം വീട്ടി! (അന്ന് വൈകിട്ട് സിബിയുടെ അച്ഛന്‍ എന്റെ വീട്ടില്‍ വന്ന് ഇക്കാര്യം പറഞ്ഞതിന് അച്ഛന്റെ കയ്യില്‍ നിന്നും എനിക്ക് കിട്ടിയ വീതം ഞാനൊറ്റക്ക് സഹിച്ചു എന്നത് വേറെ കാര്യം! )

പിന്നീടൊരിക്കല്‍ ഒരു ഉച്ചസമയത്ത് ചിക്കൂട്ടി ക്ലാസിലെ ബോര്‍ഡില്‍ എന്തൊക്കെയോ കുത്തിവരയ്‌ക്കുന്നത് ഞാന്‍ കണ്ടു. മുമ്പോട്ടും പിറകോട്ടും കറക്കാവുന്ന ഒരു തരം ബ്ലോക്ക്‍ബോര്‍ഡായിരുന്നു അന്നുണ്ടായിരുന്നത്. വരയും കഴിഞ്ഞ് അവള്‍ ബോര്‍ഡ് തിരിച്ചിട്ടു. ഇപ്പോള്‍ വരച്ചതൊക്കെ മറുപുറത്ത്. ഉച്ചകഴിഞ്ഞ് ക്ലാസില്‍ വന്ന ടീച്ചര്‍, ബോര്‍ഡിന്റെ ഒരു പുറം എഴുതിത്തീര്‍ത്ത ശേഷം ബോര്‍ഡ് തിരിച്ചപ്പോള്‍ മറുപുറത്തെ അവളുടെ കലാവിരുത് കണ്ട് ഞങ്ങളെയൊക്കെ ഒന്ന് തറപ്പിച്ചുനോക്കി. അവളുടെ മുഖമാണെങ്കില്‍ പേടി കൊണ്ടെന്ന പോലെ വിളറിയിരുന്നു.

“ആരാടാ ഇത് വരച്ചത്...?”

ആ ചോദ്യത്തില്‍ നിന്നും ആമ്പിള്ളേര്‍ ആരോ ആണ് ഈ പണി കാണിച്ചതെന്ന് ടീച്ചര്‍ ഊഹിക്കുന്നുവെന്ന് വ്യക്തം. ഞാനവളെ നോക്കിയപ്പോള്‍ ചിക്കൂട്ടികരച്ചിലിന്റെ വക്കോളമെത്തി നില്‍ക്കുന്നു! ടീച്ചര്‍ ഒന്നുകൂടി ചോദിച്ചാല്‍ ഉറപ്പായും ചിക്കൂട്ടി കരയും. അഞ്ചുവയസ്സുകാരന്റെ ഉള്ളിലെ ത്യാഗി ചാടിയെഴുന്നേറ്റു.

“ടീച്ചര്‍... അത് ഞാനാ... ഇനി വരക്കൂല്ല..!”
“ആങ്ഹാ...! നീട്ടെടാ കൈ..!”

നീട്ടിപ്പിടിച്ച എന്റെ ഉള്ളം കയ്യില്‍ ടീച്ചറിന്റെ കയ്യിലെ വടി രണ്ടുതവണ ഉയര്‍ന്നുതാണു. കൈയ്‌ക്ക് വേദനയെടുത്തെങ്കിലും അവളെ കരയിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞല്ലോയെന്നോര്‍ത്ത് എന്റെയുള്ളില്‍ സന്തോഷമായിരുന്നു. അതുകൊണ്ടായിക്കും എനിക്ക് കരച്ചിലൊന്നും വന്നില്ല്ല. ഇത്തിരി കഴിഞ്ഞപ്പോള്‍ ചിക്കൂട്ടി എന്റെയടുത്ത് വന്ന് എന്റെ കയ്യെടുത്ത് അവളുടെ മടിയില്‍ വെച്ച് ചോദിച്ചു :

“വേദനിച്ചാരുന്നോടാ...?”
“ഇല്ലെടീ... ടീച്ചറ്‌ പയ്യെയാ തല്ലീത്..!”

അങ്ങനെ ഒരു വര്‍ഷം ഏതാണ്ട് കഴിയാറായി. വെക്കേഷന്‍ ആയി. വീണ്ടുമൊരിക്കല്‍ രമണിയേച്ചി (ചിക്കൂട്ടീടെ അമ്മ) എന്റെ വീട്ടില്‍ വന്നു. ഇത്തവണ അവള്‍ കൂടെയില്ലായിരുന്നു.

“ചേച്ചീ, ഞങ്ങള്‍ പോകുവാ... ചേട്ടന് നാട്ടിലേക്ക് തന്നെ സ്ഥലം മാറ്റം കിട്ടി...!”
“ആണോ... നന്നായി...! എന്നാലും ഇത്ര പെട്ടെന്ന്...”
“ഏയ് അല്ല, ഇവിടെ വന്നപ്പോള്‍ മുതല്‍ ചേട്ടന്‍ നോക്കുന്നതാ..! ഇപ്പോഴാ ശരിയായത്...!”

അതിനുശേഷം ഒരാഴ്‌ച കൂടിയേ അവര്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീടൊരിക്കല്‍ കൂടി രമണിയേച്ചി വീട്ടില്‍ വന്നിരുന്നു, ചിക്കൂട്ടിയേം കൂട്ടി. യാത്ര പറയാനായി. അമ്മയുമായി രമണിയേച്ചി നല്ല അടുപ്പത്തിലായിരുന്നതുകൊണ്ട് അമ്മ ഇത്തിരി വിഷമത്തോടെയായിരുന്നു അവരെ യാത്രയാക്കിയത്. അവളാണേലും ആദ്യം കാണുമ്പോഴുള്ള ഉത്സാഹമൊന്നുമില്ലാത്തതുപോലെയായിരുന്നു ഇത്തവണ. എനിക്കിഷ്‌ടപ്പെട്ട മോരുകറിയും മീന്‍‌വറുത്തതുമൊക്കെ ഉണ്ടായിരുന്നിട്ടും അന്ന് വൈകിട്ട് എനിക്ക് വിശപ്പില്ലായിരുന്നു. അന്ന് മാത്രമല്ല, അത് കഴിഞ്ഞ് ഏതാണ്ട് ഒരാഴ്‌ച കാലത്തോളം ഞാനും ആകെ മൂഡോഫായിരുന്നു. ഒടുവില്‍ സിബിയുടേയും സിന്ധുവിന്റെയും സുജയുടേതുമായ പഴയ ഗ്യാങ്ങിലേക്ക് തിരിച്ചെത്തുന്നതുവരെ!

ഇരുപത്തിനാല് വര്‍ഷം കഴിഞ്ഞ് ഇതെഴുതുമ്പോള്‍ ചിക്കൂട്ടി ഇപ്പോള്‍ എങ്ങിനെയാണെന്നോ എവിടെയുണ്ടെന്നോ എന്തുചെയ്യുകയാണെന്നോ ഒന്നും എനിക്കറിയില്ല. അന്ന് പോയതിനുശേഷം അവരെയാരെപ്പറ്റിയും ഒരു വിവരവുമില്ലായിരുന്നു. ഇപ്പോള്‍ ഒരു പക്ഷെ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ഒന്നോ രണ്ടോ കുട്ടികളെയും കളിപ്പിച്ച് കെട്ടിയവന് ഭക്ഷണവും ഉണ്ടാക്കിക്കൊടുത്ത് നല്ലൊരു വീട്ടമ്മയായി കഴിയുകയായിരിക്കും. ഒരിക്കല്‍ കൂടി അവളെ കാണണമെന്നുണ്ട്. സാധിക്കുമോ എന്നറിയില്ല. എന്നെ കണ്ടാല്‍ അവളോ അവളെ കണ്ടാല്‍ ഞാനോ തിരിച്ചറിയാനും വഴിയില്ല. എന്റെ മനസ്സിലിപ്പോഴും വലിയ കണ്ണുകളുള്ള മുമ്പിലേക്ക് നീണ്ട ചുരുണ്ട മുടിയുള്ള കിലുകിലാന്ന് വര്‍ത്തമാനം പറയുന്ന ചിക്കൂട്ടിയുടെ മുഖമേയുള്ളൂ. എങ്കിലും....


*കൊരണ്ടിപ്പലക - സ്‌റ്റൂളിന്റെ ചെറിയ രൂപം. തറയില്‍ നിന്നും ഒന്നോ രണ്ടോ ഇഞ്ച് മാത്രം ഉയരത്തിലായി സ്ഥിതി ചെയ്യുന്ന പലകയില്‍ ചെറിയ നാലു് കാലും പിടിപ്പിച്ച ഒരു തരം ഇരിപ്പിടം. നാട്ടിന്‍‌പുറത്തെ പല വീടുകളിലും ഇന്നും ഇവ കാണാം.

24 comments:

ഈയുള്ളവന്‍ said...

.... അങ്ങനെയിരിക്കെ ഒരു ദിവസം ചിക്കൂട്ടി കരഞ്ഞോണ്ട് എന്റെയടുത്തുവന്നു. സിബി അവളെ ഉണ്ടക്കണ്ണീന്ന് വിളിച്ചുവത്രേ! എനിക്ക് സഹിക്കുമോ? അവനിട്ട് ഒരു പണികൊടുക്കാന്‍ അവസരവും കാത്ത് ഞാനിരുന്നു. അധികം വൈകിച്ചില്ല, വൈകിട്ട് സ്‌കൂളില്‍ നിന്നും തിരിച്ചുപോരും വഴി സിബിയെ വഴിയരികിലെ കൊങ്ങിണിക്കാട്ടില്‍ തള്ളിയിട്ട് അവളുടെ കയ്യും പിടിച്ചോടി ഞാന്‍ പകരം വീട്ടി! (അന്ന് വൈകിട്ട് സിബിയുടെ അച്ഛന്‍ എന്റെ വീട്ടില്‍ വന്ന് ഇക്കാര്യം പറഞ്ഞതിന് അച്ഛന്റെ കയ്യില്‍ നിന്നും എനിക്ക് കിട്ടിയ വീതം ഞാനൊറ്റക്ക് സഹിച്ചു എന്നത് വേറെ കാര്യം! )
---------
അബദ്ധങ്ങളില്‍ നിന്നൊരു താല്‍ക്കാലികമോചനം. നമുക്കെല്ലാമുണ്ടായിരുന്നു നല്ലൊരു ബാല്യകാലം. മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ച് കടന്നുപോയ ആ നല്ല കാലങ്ങളിലെ ഓര്‍മ്മകളിലൊന്ന് ഇവിടെ പങ്കുവെക്കാനൊരു ശ്രമം നടത്തുകയാണ്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ബാല്യകാലസഖിയെക്കുറിച്ചുള്ള നൊമ്പരമുണാര്‍ത്തുന്ന ഓര്‍മ്മകള്‍... ചീക്കുട്ടിയെ എന്നെങ്കിലു കണ്ടാല്‍? തിരിച്ചറിഞ്ഞാല്‍? നന്നായിരിക്കുന്നു കഥ. ഇനിയുമിതുപോലത്തെ നല്ല നല്ല് കഥകളെഴുതൂ സുഹൃത്തെ.

ഈയുള്ളവന്‍ said...

ഷാനൂ,
ചിക്കൂട്ടിയെ ഇനി കാണാനുള്ള സാദ്ധ്യത വളരെ കുറവാണ്. എങ്കിലും ഞാന്‍ പ്രതിക്ഷിക്കുന്നു, എന്നെങ്കിലും എവിടെ വെച്ചെങ്കിലും കാണുമെന്ന്. കമന്റിന് നന്ദീട്ടോ :)

സാരംഗി said...

ലളിതമായ വിവരണം ആയതുകൊണ്ട് മടുപ്പില്ലാതെ വായിക്കാന്‍ പറ്റുന്നുണ്ട് ബൈജുവിന്റെ പോസ്റ്റുകള്‍.ഇനിയും എഴുതു, ഇതും ഇഷ്ടമായി.

Unknown said...

ഈയുള്ളവനേ,
നന്നായിരിക്കുന്നു എഴുത്ത്. ലോകം നമ്മള്‍ വിചാരിക്കുന്നതിലും വളരെ ചെറുതാണ്. എന്നെങ്കിലും ചിലപ്പോള്‍ കണ്ടുമുട്ടും. പ്രതീക്ഷ വിടണ്ട.

അനില്‍ശ്രീ... said...

ബൈജൂ....
പണ്ട് എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയുടെയും അച്ഛന്റെയും ജോലി പാലായില്‍ നിന്നു കുറെ അകലെ ഉള്ള ...‘ഉള്ളനാട്’ എന്ന സ്ഥലത്തായിരുന്നു... അന്ന് അവിടെ എത്തിച്ചേരണം എങ്കില്‍ 5 കിലോമീറ്റര്‍ ജീപ്പ് റോഡില്‍ കൂടി നടക്കണമായിരുന്നു.വൈദ്യുതി ഒന്നുമില്ലാതിരുന്ന ഒരു സ്ഥലം. (ഇന്ന് ഒരുപാട് മാറി കേട്ടോ...). ഈ കഥ വായിച്ചപ്പോള്‍ മൂന്നാം ക്ലാസ്സ് വരെ അവിടുത്തെ സ്കൂളില്‍ പഠിച്ചതും അന്നുണ്ടായിരുന്ന കൂട്ടുകാരെയും ഒക്കെ ഓര്‍ത്തു പോയി. 27 വര്‍ഷങ്ങള്‍ക്കു ശേഷവും പല മുഖങ്ങളും അന്നത്തെ രൂപത്തില്‍ എന്റെ മനസ്സില്‍ ഉണ്ട്. അവരൊക്കെ എവിടെ ആണെന്നു എനിക്കും അറിയില്ല...

അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ ആ സ്ഥലത്ത് ഞാന്‍ പോകുന്നുണ്ട്...ഈ കഥ അതിനു എന്നെ വീണ്ടും പ്രേരിപ്പിച്ചു. എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇപ്പോഴും എന്റെ അച്ഛനേയും അമ്മയേയും ഓര്‍ക്കുന്ന ധാരാളം പേര്‍ അവിടെ ഉണ്ട്.

പുള്ളി said...

ഈയുള്ളവനേ...'അഴകിയ രാവണനി'ലെ ഫ്ലാഷ് ബാക്ക് പോലെ ഒരു കഥ. ഉണ്ടക്കണിയെ കണ്ടെത്താന്‍ കഴിയട്ടെ

കൊച്ചുത്രേസ്യ said...

നന്നായിട്ടെഴുതീട്ടുണ്ട്‌.ഇനിയിപ്പോ ആ കുട്ടിയെ കണ്ടു കിട്ടിയാലും എങ്ങനെ തിരിച്ചറിയും!! നിങ്ങള്‍ പാടിക്കൊണ്ടു നടന്ന വല്ല പാട്ടും ഓര്‍മ്മയുണ്ടോ?? അല്ലെങ്കില്‍ മണ്ണപ്പം ചുട്ടു കളിച്ച ആ ചിരട്ടയുടെ കഷ്ണം- അങ്ങനെ എന്തെങ്കിലും.. ഇല്ലെങ്കില്‍ കാര്യം ബുദ്ധിമുട്ടാണേ..

സാജന്‍| SAJAN said...

നന്നായി എഴുതിയിരിക്കുന്നു, വായിച്ചു, ഇഷ്ടപ്പെട്ടു:)

ഇക്കു said...

നന്നായിട്ടുണ്ട്...ഇഷ്ട പെട്ടു..

അഭിലാഷങ്ങള്‍ said...

ബൈജുവിന്റെ എഴുത്തിന്റെ സ്റ്റൈല്‍‌ അല്പം മാറിയിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട് ഭാഷ. എന്റെ അഭിപ്രായത്തില്‍‌ ഡിഫ്രന്റ് ആയ വിഷയങ്ങള്‍‌ എഴുതുമ്പോഴാണ് വായിക്കാന്‍‌ സുഖം. ആദ്യ 2 പോസ്റ്റ് ഒരേ തരത്തിലായതിനാല്‍‌ എനിക്കത്ര രസിച്ചില്ല ട്ടാ..അതാ കമന്റാതിരുന്നത്.. ഇപ്പൊള്‍ ഇഷ്ടമായി വരുന്നുണ്ട്... നന്നായിവരുന്നുണ്ട്... എന്നാലും ആ പഴയ ശ്രീക്കുട്ടിയെ താന്‍‌ ഇപ്പോള്‍‌ അന്വേഷിക്കാതിരിക്കുന്നത് ശരിയല്ല മാഷേ.. എന്തായി, ഏതായി എന്നൊന്നും അന്വേഷിക്കാതെ.. ഇയാള്‍‌ എന്ത് കളിക്കൂട്ടുകാരന്‍‌...! ആര്‍ക്കറിയാം ആ പഴയ ശ്രീലേഖ അല്ല ഇപ്പോഴത്തെ ശ്രീലേഖ.IPS എന്ന്... താന്‍‌ ബൈജു “M.P" ആയ സ്ഥിതിക്ക് അവള്‍‌ ഒരു “IPS“ എങ്കിലും ആയിട്ടുണ്ടായിരിക്കും... ആര്‍ക്കറിയം....!!

അഭിലാഷ് (ഷാ‍ര്‍ജ്ജ)

പ്രശാന്ത് said...

ഡ്രാഫ്റ്റ് വായിച്ചതിലും കൂടുതല്‍ മനസ്സില്‍ തട്ടുന്നു ഇതു വായിക്കുമ്പൊ...

ഇനി അഭിലാഷ് പറഞ്ഞപോലെ ശ്രീലേഖ ഐ പി എസ്സോ മറ്റോ ആവുമോ???

ഒന്നുപോയി കണ്ടുനോക്ക്!!!!

ഈയുള്ളവന്‍ said...

ശ്രീയേച്ചീ,
ഒറ്റയിരിപ്പിന് എഴുതിപ്പിടിപ്പിച്ചതാ ചേച്ചീ ഇത്. ഒന്നാമതെ രണ്ടാമതൊന്ന് വായിച്ചുനോക്കുന്ന ശീലം എനിക്കില്ല. വേറൊന്നുമല്ല, വീണ്ടും വായിച്ചുനോക്കുമ്പോള്‍ ഈ സാധനം പോസ്റ്റണ്ട എന്ന തീരുമാനത്തിലാണെത്താറ്. ഇത് നേരെ വായില്‍ തോന്നിയപോലെ എഴുതിപ്പിടിപ്പിച്ചതാ. ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം :)

ദില്‍ബൂ,
എന്നെങ്കിലും ചിക്കൂട്ടിയെ കണ്ടുമുട്ടുമെന്നുതന്നെ ഞാനിപ്പോഴും പ്രതീക്ഷിക്കുന്നു. അതെ, ലോകം ചെറുതായിക്കൊണ്ടിരിക്കുകയാണ്. കമന്റിന് നന്ദീട്ടോ :)

അനിലേട്ടാ,
ഉള്ളനാട് ഞാനറിയും. സ്‌കൂള്‍ ജീവിതത്തെപ്പറ്റി ഇനിയും കുറെ എനിക്കെഴുതാനുണ്ട്. രാവിലെയും വൈകിട്ടും കൂടി പതിനേഴ് കിലോമീറ്ററോളം നടന്നായിരുന്നു എന്റെ പ്ലസ്‌ടൂ ജീവിതം. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു പ്രത്യേകസുഖം. അതൊക്കെ ഇനിയൊരു പോസ്റ്റില്‍ എഴുതാം. ഇനിയൊരിക്കലും തിരിച്ചുവരാത്തെ ആ ബാല്യവും നമുക്ക് നഷ്‌ടമായ കുട്ടിക്കാലവും കൂട്ടുകാരും എല്ലാം വീണ്ടുമോര്‍മ്മിക്കുമ്പോള്‍ നേരിയ നൊമ്പരമുണരാത്തവര്‍ വിരളം. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ തീര്‍ച്ചയായും ഉള്ളനാട്ടില്‍ പോകണം. ആരെയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരിക്കില്ല.

പുള്ളീ,
ചിക്കൂട്ടിയെ പണ്ട് ഉണ്ടക്കണ്ണീന്ന് വിളിച്ച് സിബീടെ അവസ്ഥ അറിയാല്ലോ..? ഭാഗ്യത്തിന് എന്റെ കൈപ്പാങ്ങിന് പുള്ളിയുമില്ല, നമ്മുടെയടുത്ത് കൊങ്ങിണിക്കാടുമില്ല.. :) എന്നെങ്കിലും അവളെ കാണുമായിരിക്കും, അല്ലേ?

ത്രേസ്യാക്കൊച്ചേ,
ആ പറഞ്ഞതൊക്കെ പോയന്റ്. മണ്ണപ്പം ചുട്ടുകളിച്ചിട്ടില്ല, കൈത്തണ്ടയില്‍ ചാപ്പ കുത്തിയിട്ടില്ല, എങ്കിലും തിരിച്ചറിയില്ലേ..? ഒരു പക്ഷെ, അവളും ഇതൊക്കെ ഓര്‍ക്കുന്നുണ്ടെങ്കില്‍..? അവളും ഇങ്ങനെ എവിടെയെങ്കിലും എഴുതിവെച്ചാല്‍..? അതുമല്ലെങ്കില്‍ അവള്‍ എപ്പോഴെങ്കിലും എന്റെ നാട്ടില്‍ ഒരു ജോലിയില്‍ പ്രവേശിച്ചാല്‍..? (പണിഷ്‌മെന്റ് ട്രാന്‍സ്‌ഫര്‍ കിട്ടിയാലേ വയനാട്ടില്‍ സാധാരണ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എത്താറുള്ളൂ... എന്നാലും പ്രതീക്ഷിക്കുമ്പോള്‍ എങ്ങനെ വേണേലും പ്രതീക്ഷിക്കാമല്ലോ..?) ഇഷ്‌ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം :)

സാജാ, ഇക്കൂസേ,
നന്ദി :)

അഭീ,
അവളെ ഞാന്‍ അന്വേഷിച്ചില്ലെന്നോ..? ഏതാണ്ട് പത്തുവര്‍ഷത്തോളമായി അന്വേഷിക്കുന്നു. പക്ഷെ, എവിടെ എങ്ങനെ എന്നൊന്നും ആര്‍ക്കും ഒരു വിവരവുമില്ല. അതുശരി, ചിക്കൂട്ടീന്നും വിളിച്ച് ഞാന്‍ ശ്രീലേഖ IPSന്റെ അടുത്തുചെന്നിട്ടുവേണം അവരുടെ ഇടീം കൂടി ഞാന്‍ കൊള്ളാന്‍ അല്ലേ...?
പിന്നെ,
എന്റെ ഭാഷയില്‍ തന്നെ പറയുകയാണെങ്കില്‍ ആദ്യത്തെ പോസ്റ്റൊക്കെ കന്നി അഥവാ കഞ്ഞിപ്പോസ്റ്റുകളാ... അതും ഉപ്പുപോലുമിടാത്ത കഞ്ഞി. ഇത്തിരി കഴിഞ്ഞപ്പോള്‍ ആ കഞ്ഞിയില്‍ ഇത്തിരി ഉപ്പിട്ട് ഒരു പോസ്റ്റിട്ടു. കുറച്ച് കഴിഞ്ഞ് ഒരു ചുട്ട പപ്പടവും ഇത്തിരി അച്ചാറുമൊക്കെ ചേര്‍ത്താല്‍ കൊള്ളാമെന്നുണ്ട്. ഏത് കാലത്ത് നടക്കുമെന്നറിയില്ല :) കമന്റിന് നന്ദി... :)

പ്രശാന്തേട്ടാ,
ഏയ്... അവരാകാന്‍ വഴിയൊന്നുമില്ല.. :) (അല്ല, എങ്ങാനും ആയിരിക്കുമോ..? :) ) നന്ദി പറയുന്നില്ലാട്ടോ, എനിക്ക് ഇടിമേടിച്ചുതരാന്‍ അഭിയ്‌ക്ക് സപ്പോര്‍ട്ട് നിന്നതല്ലേ...? :)

ഗിരീഷ്‌ എ എസ്‌ said...

ഗൃഹാതുരത്വത്തിന്റെ നേര്‍ത്ത തലോടലായി തോന്നി...ചിക്കുട്ടിയെ ഒരിക്കല്‍ കണ്ടുമുട്ടാതിരിക്കില്ല..ഇതു വായിക്കുമ്പോള്‍ ബാല്യത്തിന്റെ ഇടവഴിയിലെവിടെയോ പോയ പോലെ തോന്നി...
മുഖത്ത്‌ നിഷ്കളങ്കതയും...ഉള്ളില്‍ നൈര്‍മ്മല്യവുമുണ്ടായിരുന്ന ഒരു കാലം...എവിടെ വെച്ചാണ്‌ ഇതെല്ലാം നഷ്ടപ്പെട്ടതെന്ന ചിന്തയിലേക്ക്‌ പതിയ പന്ഥാവുകള്‍ തേടി മനസ്‌ സഞ്ചരിച്ചുതുടങ്ങും...
ഏകാന്തതകളില്‍ ഇടക്കെല്ലാം ഞാനുമോര്‍ക്കാറുണ്ട്‌...എന്റെ ശ്രീക്കുട്ടിയെ..അവള്‍ പോയിട്ട്‌ രണ്ടുവര്‍ഷമായി..പക്ഷേ ഇനിയവളെ തിരഞ്ഞിട്ട്‌ കാര്യമില്ലെന്നറിയാം..കാരണം ആ ലോകത്തേക്ക്‌ കടന്നുചെല്ലാന്‍ നമുക്കാവില്ലല്ലോ...
ഓര്‍മ്മകളുടെ നെരിപ്പോട്‌ തപിച്ചുതീരുന്ന ഒരു കാലത്തിന്റെ വാതായനങ്ങള്‍ തേടി കാത്തിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞത്‌ പലരും തമാശയായി കണ്ട്‌ തിരിച്ചുനടക്കുകയാണെന്നറിയാം..ഒരു പേക്ഷേ ബൈജു പോലും...
എനിക്കീ വായന സമ്മാനിച്ചത്‌ വേദനയാണ്‌...ഓര്‍മ്മകള്‍ എന്ന ചുട്ടുചാമ്പലാക്കുന്നു...
അഭിനന്ദനങ്ങള്‍....

മാണിക്യം said...

ബൈജു ...കളിക്കൂട്ടുകാരി - തന്റെ എല്ലാ ബ്ലൊഗും വെറും തമാശ ആകും എന്നു കരുതിയ ഞാന്‌ എന്തൊരു വിഡ്ഡിയാ.....
ഒനും പറയാന് വയ്യാ ...വീട്ടു സാധങള്‌ കയറ്റിയ ലോറിക്കു പിറകെ മഞ്ഞ പെയിനറ്റ് അടിച റ്റാക്സിയില് പിറക്കൊട്ടു തിരിഞു നൊക്കി
കൈ വീശി കൊന്ട് നിറ കണ്ണുകളോടേ റ്റാറ്റാ പറഞഞ ഒരു കൂട്ടൂകരന് ..ചാരം മൂടിയ കനലായി
എന്റെ മനസിലും ഉണ്ട് എന്ന സത്യം നീ എന്നെ ഓറ്‌പ്പിചു.... പിന്നെ കണ്ടില്ലാ ഒന്നും കേട്ടുമില്ല,
ബൈജൂ, ഇന്നു എന്റെ മനസ്സിലെ കനലു ചാരം നീക്കി പുറതതുവരുംബൊള് ഞാന്‌ നിന്നോടു നന്ദിയണൊ അഭിനന്ദനം ആണൊപറയേണ്ടതു.....
എന്റെ രണ്ടു തുള്ളി കണ്ണു നീറ്‌ സന്തൊഷാഷറുവായി സമറ്‌പ്പണം....

usha said...

ബൈജു നന്നായിരിക്കുന്നു,, കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍.... ഒരു സ്ക്രീനില്‍ കാണും പോലെ ... എഴുതു ഇനിയും....

ഈയുള്ളവന്‍ said...

ദ്രൗപതീ,
മിക്കവര്‍ക്കുമുണ്ടാകും ഇങ്ങനെ ജീവിതത്തിന്റെ ഏതെങ്കിലും വഴിത്താരയില്‍ വെച്ച് കണ്ടുമുട്ടിയവരും വിട പറയാന്‍ പോലുമാകാതെ അപ്രതീക്ഷിതരായി പിരിയേണ്ടിവന്നവരും. അതുകൊണ്ടുതന്നെ ഇത് എന്റെ മാത്രം അനുഭവമായി കാണുന്നില്ല. മാത്രവുമല്ല, ഇത്തരം ഓര്‍മ്മകള്‍ പലപ്പോഴും നമുക്ക് സമ്മാനിക്കുക നഷ്ടബോധത്തിന്റെ വേദനയായിരിക്കുകയും ചെയ്യും. ചിക്കൂട്ടിയെപ്പെറ്റി പ്രതികരിച്ചവരില്‍ നിന്നും ഇക്കാര്യം വ്യക്തമാണല്ലോ. പക്ഷെ, എനിക്ക് ഇതൊരു തമാശയായി കണ്ട് തിരിഞ്ഞുനടക്കാന്‍ കഴിയുന്നു എന്ന് മാഷിന് തോന്നിയതെങ്ങനെയെന്ന് എനിക്ക് മനസ്സിലായില്ല. അഭിനന്ദനങ്ങള്‍ക്ക് നന്ദി മാഷേ. വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.

മാണിക്യം,
സീരിയസ് എഴുത്ത് എനിക്ക് പറ്റിയ പണിയല്ലായെന്നറിയാം. പക്ഷെ, ഇക്കാര്യം എങ്ങനെ തമാശയായെഴുതും..? മനസ്സിനെ നനുത്ത പാളികള്‍ക്കിടയില്‍ നിന്നും ഇത്തരം ഓര്‍മ്മകള്‍ മറനീക്കി പുറത്തുവരുന്നത് പലപ്പോഴും സുഖകരമായിരിക്കില്ലായെന്നറിയാം. ചിരിക്കുവാന്‍ മാത്രം ഇഷ്‌ടപ്പെടുന്നവരല്ലേ നമ്മളിലധികവും..? അഭിനന്ദനത്തിന് നന്ദി.

ഉഷേച്ചീ,
നന്ദി. ഇനിയും എഴുതാം.

പാച്ചേരി : : Pacheri said...

കൊള്ളാം ബൈജു നല്ല വിവരണം

priya said...

ബൈജൂ

ശരിക്കും ഇതു വായിച്ചപ്പോള്‍ മനസ്സു കുട്ടിക്കാലത്തേക്കു തിരിച്ചു പോയി..കുട്ടിക്കാലത്ത് ഉണ്ടായിരുന്ന കൂട്ടുകാരെ ഓര്‍ക്കാനും അവരുമായി പങ്കു വച്ച നിമിഷങ്ങള്‍ ഓര്‍ക്കാനും ഇതു ഒരു കാരണമായി..തിരക്കേറിയ ജീവിതത്തില്‍ ഇതിനൊക്കെ ഇടക്കു സമയം കണ്ടെത്താനും അതിലൂടെ മറ്റുള്ളവരേയും ബാല്യകാലസ്മരണകളിലേക്ക് കൈപിടിച്ചു കൊണ്ടു പോകാനും ബൈജുവിനു കഴിഞ്ഞു..
നന്ദി...
ഇനിയും പ്രതീക്ഷിക്കുന്നു..

Unknown said...

ഇഷ്ടപ്പെട്ടു!

ഓര്‍മ്മകളേ, കൈവള ചാര്‍ത്തി....

പ്രതിഭാസം said...

ഭായ്...
ഒരുപാട് ഒരുപാടിഷ്ടായീട്ടോ ‘കളിക്കൂട്ടുകാരി’.
തമാശയും അബദ്ധങ്ങളും മാത്രമല്ല ഹൃദയത്തില്‍ തൊട്ടെഴുതാനും ആയുള്ളവനാളുണ്ട്.
ഹൃദയത്തില്‍ തൊട്ട് സംസാരിക്കുന്നവന്‍, ഹൃദയം കൊണ്ടറിയുന്നവന്‍, ഹൃദയം തുറന്ന് സ്നേഹിക്കുന്നവന്‍.... ആ ഭായിക്കേ ഇങ്ങനെ ഹൃദയത്തില്‍ കൊള്ളിക്കാനാകുള്ളൂ.
ഇനിയും ഇങ്ങനെ നിറയെ പോരട്ടെ.
:)

ഈയുള്ളവന്‍ said...

സായീ,
നന്ദി.

പ്രിയേച്ചീ,
തീര്‍ച്ചയായും ഇനിയും പ്രതീക്ഷിക്കാം.

സപ്‌തവര്‍ണ്ണങ്ങള്‍,
ഇഷ്‌ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.

പ്രതീ,
തീര്‍ച്ചയായും ഇനിയും എഴുതുന്നതായിരിക്കും. എന്നാലും ഇത്രയും “ഹൃദയത്തില്‍” കൊള്ളിക്കണ്ടായിരുന്നു.. പാവം ഹൃദയം.. :)

ഹരിയണ്ണന്‍@Hariyannan said...

ബൈജൂ...

ഇതുവായിക്കുന്നവരുടെയെല്ലാം മന‍സ്സുകളില്‍ വിവിധ മുഖങ്ങളായി ചിക്കൂട്ടി ചിലച്ചുനിറഞ്ഞിട്ടുണ്ടാവും...!!

അറിഞ്ഞോ അറിയാതെയോ കൈവിട്ടു പോകുന്ന ഇത്തരം ബാല്യകാലസൌഹൃദങ്ങളുടെ സൌന്ദര്യം കാലം കൊണ്ട് മങ്ങുന്നില്ല...!
മറിച്ച്, പേന മനസ്സിന്റെ ആയുധമാകുന്ന നിമിഷങ്ങളില്‍ അത് ഇങ്ങനെയൊക്കെ നിറഞ്ഞൊഴുകും.

ഇതുവായിച്ചുകഴിഞ്ഞപ്പോള്‍ പിന്നിലെവിടെയോ ചിലകൊഞ്ചലുകള്‍...വളരെപ്പിന്നിലാണെങ്കിലും എനിക്കത് വ്യക്തമായിക്കേള്‍ക്കാം....

ഹരിലാല്‍

ഈയുള്ളവന്‍ said...

ഹരീ,
കുട്ടിക്കാലത്തെ പല ഓര്‍മ്മകളും സുഖമുള്ളതായിരിക്കും. ചിലതൊക്കെ നേര്‍ത്തൊരു നൊമ്പരപ്പാളി പതിയെ അടര്‍ത്തുന്നവയാണെങ്കിലും. എല്ലാവര്‍ക്കുമുണ്ടാകില്ലേ ഇങ്ങനെ എവിടെയെങ്കിലും വെച്ച് പിരിയേണ്ടിവന്ന വേണ്ടപ്പെട്ടവര്‍? ഉണ്ടെന്നാണ് എനിക്കുതോന്നുന്നത്. ഈ പോസ്റ്റിനുവന്ന മറ്റുകമന്റുകളിലും ഇതുതന്നെയാണ് പ്രതിഫലിക്കുന്നത്. കമന്റിന് നന്ദീട്ടോ..:)