എന്റെ അടുത്ത കൂട്ടുകാരിലൊരാളാണ് മോഹന്‍. ഈയുള്ളവന്‍ ജപ്പാനിലായിരുന്ന സമയത്ത് ടിയാനും അവിടെത്തന്നെ കുറെക്കാലം ഉണ്ടായിരുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ അബദ്ധങ്ങള്‍ എങ്ങനെ ഒപ്പിച്ചെടുക്കാം എന്നതില്‍ ഒരു ഗവേഷണം നടത്തുന്ന രീതിയിലായിരുന്നു ഞങ്ങളുടെ അവിടുത്ത ഒന്നരവര്‍ഷത്തെ ജീവിതം. അധികവും ഭാഷ അറിയാത്തതുകൊണ്ടുള്ള പ്രശ്‌നങ്ങളായിരുന്നു. പിന്നെ, ഒരാശ്വാസമുള്ളത് എനിക്കൊരു പറ്റു് പറ്റുമ്പോള്‍ കൂട്ടുകാര്‍ക്കും മിനിമം ഒന്നെങ്കിലും പറ്റുമായിരുന്നു എന്നതായിരുന്നു.
എനിക്ക് പറ്റിയ പറ്റൊക്കെ പിറകേ വരും. ആദ്യം മോഹന് പറ്റിയ രണ്ടുമൂന്നെണ്ണം എഴുതട്ടെ. എഴുതാനും വായിക്കാനും സുഖത്തിനായി ഇതിലെ ഞാന്‍ എന്ന കഥാപാത്രമായി മോഹനെ അവരോധിക്കുകയാണ്. എന്നാല്‍ ദാ പിടിച്ചോ.
ഇതുമൊരു ദണ്ഢിയാത്ര
ഇന്നെന്തായാലും വേണ്ടില്ല, വൈകിട്ട് ചിക്കന്‍കറി തന്നെ. ഉറപ്പിച്ചു. മിക്കവാറും കറി ഉണ്ടാക്കിക്കഴിഞ്ഞാണ് കറിക്ക് പേരിടുന്നത്. അത് പണ്ടേയുള്ള ശീലമാണ്. പഠിക്കുന്ന സമയത്ത് ഞാനുണ്ടാക്കിയിരുന്ന സാമ്പാറിന് “ത്രീ ഇന്‍ വണ്‍ കറി“ എന്നൊരു വിശേഷണവും കൂട്ടുകാര്‍ കല്പിച്ചുതന്നിരുന്നു. കാരണം വേറൊന്നുമല്ല, സാമ്പാറുണ്ടാക്കി അടുപ്പത്തുനിന്നും വാങ്ങിവെച്ച് അത് ഇളക്കാതെ മുകളില്‍ നിന്നും കോരിയെടുത്താല്‍ രസം കിട്ടും! നടുക്കുനിന്നാണെങ്കിലോ സാമ്പാര്‍ കിട്ടും! ഇനി അടിയില്‍ നിന്നാണെങ്കിലോ കിട്ടുന്നത് നല്ലൊന്നാന്തരം പരിപ്പുകറി! അതുപോലെ ഇന്നും ചിക്കന്‍ കറിയാണ് ഉണ്ടാക്കാന്‍ പ്ലാനെങ്കിലും ഉണ്ടാക്കിക്കഴിയുമ്പോള്‍ അറിയാം എന്ത് പേരിടണമെന്ന്.
കണ്‍വീനി എന്ന ഓമനപ്പേരിലറിയപ്പെടുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ചിക്കനും മറ്റുസാധനങ്ങളുമൊക്കെ ഒരു വിധത്തില്‍ തപ്പിയെടുത്തു. കറിയിലിടേണ്ട ഉപ്പുമാത്രം എവിടെയും കണ്ടില്ല. ആരോടെങ്കിലും ചോദിച്ചുനോക്കാം. അപ്പോഴാണോര്‍ത്തത് - ഉപ്പിന് ജാപ്പനീസില്‍ എന്തുപറയും? അറിയാമായിരുന്നല്ലൊ? ഇതാണ് കുഴപ്പം, ആവശ്യമുള്ളപ്പോള്‍ വേണ്ട വാക്ക് കിട്ടില്ല. അതാണ് ‘നിഹോന്‍ഗോ’യുടെ കുഴപ്പം..! വേണ്ട സമയത്ത് നിഹോന്‍ “ഗോ“ ചെയ്‌തുകളയും! ഇവിടെയാണേല്‍ ഇവിടെ ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല. ‘യെസ്, നോ‘ ഈ രണ്ടുവാക്കുകള്‍മാത്രം ചിലപ്പോള്‍ ഏറ്റേക്കും... ങാ, സാരമില്ല. ഈ ഭാഷയൊക്കെ എന്നാ ഉണ്ടായത്! അറിയാവുന്ന അരയും മുറിയുമൊക്കെ വെച്ച് ഒരു പിടി പിടിച്ചുനോക്കാം. രണ്ടും കല്‍പ്പിച്ച് ആ കടയില്‍ത്തന്നെയുള്ള അടുത്തകണ്ട ഒരു ജീവനക്കാരനോട് ഒരു വിധത്തില്‍ ഇങ്ങനെയെങ്ങാണ്ട് പറഞ്ഞൊപ്പിച്ചു.
“സുമിമാസേന്‍... സാത്തോ തോ ഒനാജി xxxxxxxxxxxxxxxxxxx.........”
‘സുമിമാസേന്‍’ എന്നുവെച്ചാല്‍ ‘എക്‌സ്‌ക്യൂസ് മീ’, ‘സാത്തോ‘ എന്നുവെച്ചാല്‍ പഞ്ചസാര, ‘ഒനാജി’ എന്നുവെച്ചാല്‍ ‘പോലെ’. അതായത് ‘എക്സ്‌ക്യൂസ് മീ, പഞ്ചസാര പോലെയുള്ള കറിയിലൊക്കെ ഇടുന്ന സാധനമുണ്ടോ‘ എന്നാണ് ഞാന്‍ ചോദിച്ചൊപ്പിക്കാന്‍ ശ്രമിച്ചത്. ഇനി പറയുന്നതൊക്കെ ശരിക്കും ജാപ്പനീസിലായിരുന്നു, തല്‍ക്കാലത്തേക്ക് മലയാളത്തിലെഴുതുന്നു. കാരണം മറ്റൊന്നുമല്ല, ജാപ്പനീസില്‍ എഴുതിയാല്‍ നിങ്ങള്‍ക്കും മനസ്സിലാകില്ല, എനിക്കും മനസ്സിലാകില്ല, എന്തിന് ജപ്പാന്‍ കാരനെ വായിച്ചുകേള്‍പ്പിച്ചാല്‍ അങ്ങേര്‍ക്കുപോലും ചിലപ്പോള്‍ മനസ്സിലാക്കാന്‍ പറ്റണമെന്നില്ല..!
അല്‍പ്പനേരം ആലോചിച്ചുനിന്ന ശേഷം അദ്ദേഹം കറിയിലൊക്കെ ഇടുന്ന ഒരു തരം മസാലപ്പൊടി കൊണ്ടുവന്നു.
“അയ്യോ ഇതല്ല, വേറെ..“ എന്ന് ഞാനും.
“‘ഇത് കറിയിലിടുന്നതാണ് ..!” എന്ന് കടക്കാരന്റെ മറുപടി.
എവനാളുകൊള്ളാമല്ലോ! കറിയിലിടുന്ന എന്തെങ്കിലും കിട്ടിയാല്‍ പോരല്ലോ? ഉപ്പിന് ഉപ്പുതന്നെ വേണ്ടേ..?
“അതേയ്, വേറെ നിറത്തിലുള്ളതാണ് ..!”
“ഓ, ഇപ്പപ്പിടികിട്ടി..!”
ഇത്തവണ കടക്കാരന്‍ മുങ്ങിപ്പൊങ്ങിയത് വേറൊരു നിറത്തിലുള്ള മസാലപ്പൊടിയുമായാണ്..! ഇതെന്തൊരു കഷ്‌ടമാണെന്ന് നോക്കണേ..! ഈ കടയില്‍ മസാലപ്പൊടികള്‍ മാത്രമേയുള്ളോ? ഇനി എന്തുപറഞ്ഞൊപ്പിക്കും? അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ കടക്കാരന്റെ വക ഒരു ചോദ്യം..
“ഈ പറയുന്ന സാധനത്തിന്റെ ടേസ്റ്റ് എന്താണ്..?”
ഈശ്വരാ..! ഉപ്പിന്റെ ടേസ്റ്റെന്താണെന്ന് ചോദിച്ചാല്‍ ഉപ്പെന്നുതന്നെയല്ലേ പറയാന്‍ പറ്റൂ...! ഡോ മനുഷ്യാ, അതറിയാമായിരുന്നെങ്കില്‍ ഞാനീ പെടാപാട് പെടുമായിരുന്നോ..? എന്തെങ്കിലും പറഞ്ഞൊപ്പിക്കാന്‍ കുറെ ശ്രമിച്ചുനോക്കി. അവസാനം “അറിയില്ല” എന്നും പറഞ്ഞ് കൈമലര്‍ത്തിക്കാണിച്ചു. “സുമിമാസേന്‍.. നായി ദേസ്‌നേ..!” (ക്ഷമിക്കണം, ഇവിടെ ഇല്ലാട്ടോ..!) എന്ന് രണ്ട് കയ്യും കൂട്ടി കുരിശിന്റെ ആകൃതിയില്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ പിടിച്ച് വിനീതമായി മൊഴിഞ്ഞെങ്കിലും, അണ്ണാക്കിലേക്ക് വെക്കാനായി വാങ്ങുന്ന സാധനത്തിന്റെ ടേസ്റ്റ് പോലും അറിയാത്ത എവനൊക്കെ എന്തോന്ന് കുരിശെഡേയ് എന്നായിരിക്കും അങ്ങേര്‍ ഉദ്ദ്യേശിച്ചതെന്ന് ആ നോട്ടത്തില്‍ നിന്നും ഞാനൂഹിച്ചു.
ഉപ്പില്ലാത്ത സൂപ്പര്‍മാര്‍ക്കറ്റോ? ഞാനും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇന്നിനി ചിക്കന്‍കറി വെച്ചില്ലേലും വേണ്ടില്ല, ഉപ്പുവാങ്ങീട്ടേ പോണുള്ളൂ. തൊട്ടപ്പുറത്തുനിന്ന വേറൊരു ജീവനക്കാരനെ ചാക്കിട്ടു. കക്ഷിയോടും ഈ നമ്പരൊക്കെ ഇട്ടുനോക്കി. മൂപ്പരും നേരത്തെ വന്ന ആള്‍ കൊണ്ടുവന്ന മസാലപ്പൊടിയൊക്കെ അതേ ഓര്‍ഡറില്‍ത്തന്നെ കൊണ്ടുവന്നുനിരത്തി..! ഇതെങ്ങനെ ഈ ഓര്‍ഡര്‍ പോലും ലെവന്മാര്‍ ഇത്ര കൃത്യമായി ഓര്‍ത്തിരിക്കുന്നു..?
ഇനി എന്തുപറഞ്ഞൊപ്പിക്കും... ങ്ഹാ, വേറൊരു നമ്പരിട്ടുനോക്കാം.
“അതേ, വെളുത്ത നിറത്തിലുള്ള പൊടിയാണ്..!”
ഇത്തിരി നേരം അങ്ങേരെന്നെ സൂക്ഷിച്ചുനോക്കി. എനിക്കൊരു സംശയം, ഈശ്വരാ, ഇനി ഇപ്പറഞ്ഞതില്‍ വല്ല പ്രശ്‌നവുമുണ്ടോ? ഇത്തിരി ഉപ്പും മുളകുമൊക്കെ കൂട്ടി വല്ലതും കഴിക്കാമെന്നോര്‍ത്തത് ഇത്ര വലിയ അപരാധമോ? അതോ വെള്ള എന്നതിനുപകരം ഞാനുപയോഗിച്ച വാക്ക് ഇവരുടെ ഭാഷയിലെ വല്ല കടുത്ത വാക്കുമാണോ..? ഒരു നിമിഷം തേന്മാവിന്‍ കൊമ്പത്തിലെ ലേലു അല്ലൂ വിളിച്ച് കരയുന്ന മോഹന്‍ലാലിന്റെ ഭാഗം ഞാനിവിടെ അഭിനയിക്കുന്ന, അല്ല അനുഭവിക്കുന്ന അവസ്ഥ ഞാനോര്‍ത്തുനോക്കി. അതിന് ലേലു അല്ലൂ എന്നതിന്റെ ജാപ്പനീസ് പോലും എനിക്കറിയാന്‍ പാടില്ല. ഇങ്ങനെ നൂറുകൂട്ടം ചിന്തകള്‍ തലയില്‍ അക്കുത്തിക്കുത്താനവരമ്പത്ത് കളിച്ചോണ്ടിരിക്കുമ്പോഴാണ് എന്നെ തളര്‍ത്തിക്കൊണ്ടുള്ള കക്ഷിയുടെ ചോദ്യം..!
“യു മീന്‍ സോള്‍ട്ട്..?”
“.....”
ശേഷം ചിന്ത്യം. ഒന്നും മിണ്ടാതെ തലയും കുനിച്ച് അയാള്‍ വെച്ചുനീട്ടിയ ഉപ്പിന്‍കൂട് വിലപോലും നോക്കാതെ വാങ്ങി ഞാന്‍ സ്ഥലം കാലിയാക്കി എന്നത് പറയാതെ തന്നെ ഊഹിക്കാമല്ലോ. അതോടുകൂടി ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചു. ആദ്യം ഇംഗ്ലീഷ് വാക്ക് പറഞ്ഞുനോക്കുക, ഏറ്റില്ലെങ്കില്‍ മതി നിഹോന്‍ഗോ കൊണ്ടുള്ള അഭ്യാസം. ഇംഗ്ലീഷ് പറഞ്ഞിട്ടും പറ്റിയ പറ്റാണ് അടുത്തത്..
(തുടരും...)
Subscribe to:
Post Comments (Atom)
26 comments:
ഈയുള്ളവന് ജപ്പാനിലായിരുന്ന സമയത്ത് ഞാനും കൂട്ടുകാരും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ അബദ്ധങ്ങള്‍ എങ്ങനെ ഒപ്പിച്ചെടുക്കാം എന്നതില്‍ ഒരു ഗവേഷണം നടത്തുന്ന രീതിയിലായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. അധികവും ഭാഷ അറിയാത്തതുകൊണ്ടുള്ള പ്രശ്‌നങ്ങളായിരുന്നു. പിന്നെ, ഒരാശ്വാസമുള്ളത് എനിക്കൊരു പറ്റു് പറ്റുമ്പോള്‍ കൂട്ടുകാര്‍ക്കും മിനിമം ഒന്നെങ്കിലും പറ്റുമായിരുന്നു എന്നതായിരുന്നു. ഇതാ എന്റെ ഒരു കൂട്ടുകാരന് പറ്റിയ അബദ്ധം...
ഠോ!! ചിക്കന്‍ കറിയില്‍ കടുക് വറുക്കാത്തത് കാരണം കലക്കി കടുകു വറുത്ത് എന്ന് പറയുന്നില്ല. പോസ്റ്റിന് അല്‍പ്പം കൂടെ മുറുക്കമാകാം. എന്തായാലും രസിച്ചു :) അടുത്തതും പോരട്ടെ
ഡിങ്കോ,
എന്റെ കന്നി അഥവാ കഞ്ഞി പോസ്റ്റല്ലേ മാഷേ ഇത് ? (ഇനിയുള്ളതില്‍ ഞാനങ്ങ് മലമറിക്കും എന്നല്ലാട്ടോ... :) ) മുറുക്കാനൊക്കെ പഠിച്ചുവരുന്നതേയുള്ളൂ. ദൈവാനുഗ്രഹം കൊണ്ട് (?) അബദ്ധങ്ങളുടെ ഒരു ഘോഷയാത്ര തന്നെ എഴുതാനുണ്ട്. അടുത്തതും വലിയ താമസമില്ലാതെ തന്നെ പോസ്റ്റാട്ടോ.
കമന്റിന് നന്ദി...
ഈയുള്ളവനെ അറിയാവുന്നോണ്ട് (ശരിക്കും)
അടുത്ത് പോസ്റ്റ് കലക്കുമെന്നത് (ഉപ്പല്ലാ) കട്ടായം!!
ഈയുള്ളവനേ....
നന്നാവാനുണ്ട്! നന്നാക്കുമെന്നുമറിയാം!!
കാരണം, നീ ‘ഉള്ളവനാണല്ലൊ’!
തുടരൂ....
-:)
റസാഖേ,
അടുത്ത പോസ്റ്റും ഇങ്ങനെ തന്നെയായിരിക്കും. ഇതൊക്കെ പണ്ട് മലയാളം കമ്മ്യൂണിറ്റിയില്‍ പോസ്റ്റിയതാ. ഇപ്പോള്‍ അവിടുന്ന് കോപ്പി ചെയ്‌ത് ഇവിടെ ഇടുന്നെന്ന് മാത്രമേയുള്ളൂ.. അതുകൊണ്ട് ഉടനെയൊന്നും (ഒരു കാലത്തും എന്നും പറയാം.. :) ) കാര്യമായൊന്നും പ്രതീക്ഷിക്കരുത്. രണ്ടാമത് ഒന്നുവായിച്ചുനോക്കുന്നത് അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ മാത്രമാണ്. അതൊക്കെയാണ് എന്റെ പ്രധാനപ്രശ്‌നങ്ങള്‍.
പിന്നെ,
ഏയും ബീയും സീയും ഡീയുമൊന്നുമില്ലാതെ ഈ മാത്രമുള്ളവനല്ലേ ഈയുള്ളവന്‍..? അതിന്റെ കുഴപ്പവുമുണ്ട്. ഇതിന്റെ ഏബീസീഡിയൊക്കെ പഠിച്ചുവരുന്നതേയുള്ളൂ.. :)
ആശംസയ്‌ക്ക് നന്ദി.. :)
ഇതുമൊരു ദണ്ഢിയാത്ര’ റസാഖ് പെരിങ്ങോട് ലിങ്ക് തന്നപ്പൊ ഇത്രയും വലിയ ഒരു സദ്യ ആവും എന്നു ഓര്‍ത്തില്ല.. നര്‍മ്മത്തിന്റെ മര്‍മം അറിയുന്ന "ഈയുള്ളവന്‍" അഭിനന്ദനങ്ങള്‍..
മനസ്സു തുറന്നു കുറെ ചിരിച്ചു നന്ദി റസാഖെ .. ഈ നര്‍മ്മ വിരുന്നിന്...
ആഹ രണ്ടും കല്‍പ്പിച്ചിറങി അല്ലെ? കലക്കി.......ത്രീ ഇന്‍ വണ്‍ ക്ഷ പിടിച്ചു. നിന്റെ പേരു ഇനി അതു മതി, ഈയുള്ളവന്‍ മാറ്റിക്കോ.....ത്രീ ഇന്‍ വണ്‍ (ഒരു ചന്ദനത്തിരിക്കും ആ പേരുണ്ട്)
ഇത് കുറേ നാള്‍ മുന്‍പ് വായിച്ച് ചിരിച്ച് മറിഞ്ഞത് കൊണ്ട് സസ്പെന്‍സ് പൊളിഞ്ഞതാണേലും വായിച്ച് പോകുന്നതിടക്ക് പലപ്പോഴും ചിരി പൊട്ടി!
വായനക്കാരേ ഇത് വെറും 'സേമ്പിള്‍' വെടിക്കെട്ട്. 'ഈയുള്ളവന്റെ' ഐ മീന്‍ 'ഈയുള്ളവന്റെ സുഹൃത്തുക്കളുടെ' ശരിക്കുള്ള അബദ്ധങ്ങള്‍ ഇനി വരാനിരിക്കുന്നതല്ലേയുള്ളൂ!
മാണിക്യം,
സദ്യ എന്നൊക്കെ പറഞ്ഞ് എന്നെയങ്ങ് കൊല്ലല്ലേ... :) നര്‍മ്മത്തിന്റെ മര്‍മ്മം ഇനിയും അറിഞ്ഞുകൂടാ, മര്‍മ്മം അറിയുന്നവന് ഇടിക്കാന്‍ പേടിയാണെന്നല്ലേ..? (കാരണം, എല്ലായിടത്തും മര്‍മ്മമുള്ളതുകൊണ്ട് മര്‍മ്മത്തെങ്ങാനും കൊള്ളുമോ എന്നൊരു പേടി :)) എനിക്കാകുമ്പോള്‍ ചുമ്മാ കണ്ണും വീശി ഇടിച്ചാല്‍ മതി, മര്‍മ്മത്തുകൊള്ളുമെന്ന പേടി വേണ്ടല്ലോ..? കമന്റിന് നന്ദീട്ടോ.
കുറുജീ,
ഒന്നുതന്നെ ശരിക്കും കല്‍പ്പിച്ചിട്ടില്ല. പിന്നാ രണ്ട്... :) കുറച്ചുമുമ്പ് ഒരു ബ്ലോഗ് തുടങ്ങി, ഇപ്പോ ദേ, ഇതും തുടങ്ങി. നാളെ, നിനക്കിതൊക്കെയൊന്ന്‍ നിര്‍ത്താമോ എന്ന് ചോദിക്കുമോ..? പിന്നെ, ത്രീ ഇന്‍ വണ്‍... അക്കാര്യം ഞാനും ആലോചിക്കുന്നുണ്ട്. നന്ദിയും നമസ്‌കാരവുമൊന്നും പറയുന്നില്ല :)
അരുണ്‍സേ,
ചിരി പൊട്ടിയെന്നാണോ, ചിരിപ്പിക്കാനുള്ള എന്റെ ശ്രമം പൊട്ടിയെന്നാണോ ഉദ്ദ്യേശിച്ചത്..? :) ‘സുഹൃത്തുക്കളുടെ‘ അബദ്ധങ്ങള്‍ ഒരു കരയ്ക്കെത്തിച്ചിട്ട് എന്റേതിലേക്ക് കടക്കാമെന്ന് കരുതി ഇരിക്കുകയാണ്... കമന്റിന് ‘ഡാന്‍സ്’ :)
ഈ ജപ്പാനില്‍ ജീവിച്ച് പോകാന്‍ വലിയ പാടാണല്ലോ.
അപ്പോള്‍ പിന്നെ ആ കട്ട് & പേസ്റ്റ് വേഗത്തില്‍ നടത്തി അടുത്ത പോസ്റ്റ് എപ്പോള്‍ ഇടും.
ഇത് ശരിക്കും ചിരിപ്പിച്ചു.
ദില്‍ബൂ,
ജപ്പാനിലെ കൂടുതല്‍ വിശേഷങ്ങള്‍ നേരത്തെ വക്കാരി പറഞ്ഞിട്ടുണ്ടാകുമല്ലോ അല്ലേ? വക്കാരിയെ നേരിട്ട് പരിചയപ്പെടാനും അവിടെ വെച്ച് ഈയുള്ളവന് സാധിച്ചിരുന്നു. :) ജപ്പാനിലെ അമളികള്‍ ഇനിയും വരുന്നുണ്ട്, വടി വെട്ടാന്‍ പോയിട്ടേയുള്ളൂ, അടി തുടങ്ങീട്ടില്ലെന്ന് സാരം.. (അതിനു് മുമ്പ് എനിക്കിട്ടാരും താങ്ങാതിരുന്നാല്‍ മാത്രം..! :) ) കമന്റിന് നന്ദി..
ശാലിനീ,
അടുത്ത പോസ്റ്റ് ഇന്നല്ലെങ്കില്‍ നാളെ ഇടുന്നതാണ്... ഇന്നത്തെ ആപ്പീസിലെ തിരക്കുപോലെയിരിക്കും.. :)
കമന്റിന് നന്ദീട്ടോ.
ഭായ്...
തിരിഞ്ഞുനോക്കി തുടങ്ങിയല്ലേ. ഇത് പണ്ട് വായിച്ച് കുറേ ചിരിച്ചതാ. എങ്കിലും ഇപ്പോ വീണ്ടും വായിച്ചപ്പോഴും അതേ പുതുമ. നന്നായിട്ടുണ്ട് ഭായ്.
മോഹന്റെ അബദ്ധവും, പണ്ട് മുടിവെട്ടാന്‍ പോയി സുഖിച്ച സംഭവങ്ങളുമൊക്കെ പോരട്ടെ.
ആ പഴയ ഊര്‍ തെണ്ടലിന്റെ കഥ ഇനി എപ്പോഴാ?
പ്രതീ,
എല്ലാം എഴുതാനുണ്ട്. വഴിയെ എഴുതാമെന്നേ... ആദ്യമൊന്ന് എവിടെയെങ്കിലും ഇരിക്കാമോന്ന് നോക്കട്ടെ, പിന്നെ കാലുനീട്ടിയാല്‍ പോരേന്ന് വെച്ചിട്ടാ. പിന്നെ, ഇന്നാണ് മോഹനോട് സമ്മതം മേടിച്ചത്. ഇന്ന് വൈകിട്ടോ മറ്റോ അടുത്ത പോസ്റ്റും കീച്ചണം. പിന്നെ, ഊരുതെണ്ടലിന്റെ കഥ മ്മിണി ബല്യ പോസ്റ്റാ. അതോണ്ട് ഇന്‍സ്റ്റാള്‍മെന്റായി പോസ്റ്റാന്ന് വെച്ചു. അതിത്തിരി വൈകിയേ ഉണ്ടാകൂ. കമന്റിന് ഒരു നന്ദി ദാ വരുന്നു, പിടിച്ചോ :)
ഇനിയും പോരട്ടെ... മലയാളത്തിലാണോ ഇതിലാണോ പോസ്റ്റുന്നേന്നു നോക്കിയിരിയ്ക്കേണ്ടി വരും അല്ലേ :)
ദീപൂ,
മലയാളത്തിലില്ലാത്തതാണ് ഇവിടെ പോസ്റ്റുന്നതെങ്കില്‍ തീര്‍ച്ചയായും അത് മലയാളത്തിലും പോസ്റ്റും. മിക്കവാറും അങ്ങനെ പുതിയൊരെണ്ണം അടുത്ത കാലത്തൊന്നും എഴുതുമെന്ന് തോന്നുന്നില്ല. കമന്റിന് നന്ദീട്ടോ. ഇതിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ വലിയ താമസമില്ലാതെ കീച്ചിയേക്കാം. :)
ഉപ്പിന് ജാപ്പനീസില്‍ എന്തുപറയും?
:)
ഉപ്പ് പോസ്റ്റ് രസകരം. ആശംസകള്‍ ചുള്ളന്‍!
ഒരിക്കല്‍ സാമ്പാറ് വച്ച്, അന്തേവാസികളുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി ഇങ്ങിനെ ഇരിക്കുമ്പോള്‍ ഊണ് കഴിഞ്ഞ് പാത്രം കഴുകാന്‍ പോയവന്‍ വിളിച്ച് ചോദിച്ചു...
“ഡാ.. എന്തിറ്റഡാ ഈ പാത്രത്തില്‍ കറുത്ത നിറമുള്ള വെള്ളം പോലത്തെ സാധനം കലക്കി വച്ചേക്കണേ?”
അപ്പോഴാ നമ്മള്‍ ‘പുളീ പിഴിഞ്ഞൊഴിച്ച് വച്ചാര്‍ന്നത് സാമ്പാറിലൊഴിക്കാന്‍‘ മറന്ന കാര്യം ഓര്‍ത്തത്.
:)
ഈയുള്ളവനേ... “സുമിമാസേന്‍.. നായി ദേസ്‌നേ..!” (ക്ഷമിക്കണം, ഇവിടെ ഇല്ലാട്ടോ..!) ഇത് കേട്ടാല്‍ നല്ല തെറിയാണെന്ന് തോന്നും ബ്രായ്കറ്റില്‍ മലയാളം വെച്ചത് നന്നായി.
വിവരണം നന്നായിരിക്കുന്നു ചുള്ളാ...
ഭായ്. ഇതിനെന്താ ഞാന്‍ പറയ്യാ..
ഇത് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഇവിടെ വന്നപ്പോള്‍ കുറച്ച് ‘നമക് ‘ വാങ്ങാന്‍ വിടാമായിരുന്നു!
പണ്ടൊരു പയ്യനെ ‘അര കിലോ മല്ലി‘ വാങ്ങാന്‍ വിട്ടപ്പോള്‍ “ആധാ കിലോ ‘ദുനിയ’ ദേനാ” എന്ന് പറഞ്ഞതോര്‍ത്തു പോയി..
ഈയുള്ളവന്റെ കയ്യിലിരുപ്പ് കൊള്ളാം, ഈയുള്ളവന് എല്‍ കൂടി ഉണ്ടല്ലോ? അതോ ആ കണ്‍വീനിക്കാര്‍ അടിച്ചൊടിച്ചോ?
സുമിമാസേന്‍ ബൈജുജി... “ത്രീ ഇന്‍ വണ്‍ കറി“ യുടെ ഫോര്‍മ്മുല ഒന്നു പറഞ്ഞു തരണേ...!!
അഭിലാഷ് (ഷാര്‍ജ്ജ)
ഭഗവാനേ..ഇനിയും ബൈജുനു ഇങ്ങിനെ ഉണ്‍ടാവണേ..(എഴുതാന്‍ ഉള്ള കഴിവു ഉണ്‍ടാവാനാണേ പ്രാര്‍ത്തിച്ചത്, അല്ലാതെ നിങ്ങള്‍ ആരും വിചാരിക്കുന്ന പോലെ അബദ്ധങ്ങള്‍ പറ്റാനല്ലാ)
എന്നും ഇങ്ങിനെ എഴുതൂ..ഉഗ്രന്‍.
ഇനി മുതല്‍ അബദ്ധം എന്നു എഴുതണമെന്നില്ല.
ബൈജൂന് പറ്റിയത് എന്നു പറഞ്ഞാല്‍ തന്നെ
മനസ്സിലാക്കാം. നിര്‍ത്താതെ തുടരൂ...
വിശാലേട്ടാ,
ഉപ്പിന് ജാപ്പനീസില്‍ ‘ഷിയോ’ എന്നാണ് പറയുന്നത്. ആശംസകള്‍ക്ക് നന്ദീട്ടോ. അതുപോലെ പുളിപിഴിഞ്ഞൊഴിക്കാതെ വെച്ച സാമ്പാറിന്റെ കഥയും കേമം. :)
ഇത്തിരീ,
ഇതൊക്കെ ഒരു മയത്തിലുള്ളതാ! ചിലതൊക്കെ കേട്ടാല്‍ കൂട്ടിക്കെട്ടി തെറിവിളിക്കുവാണെന്നേ തോന്നൂ. :) ഇഷ്‌ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം..
ഷിബ്വേ,
അത് നേരത്തെ കണ്ടോണ്ടല്ലേ അവിടെ വന്നപ്പോള്‍ പറയാതിരുന്നത്? :) മല്ലി വാങ്ങാന്‍ പോയവന്‍ ലോകത്തിനുതന്നെ വിലപറഞ്ഞു, അല്ലേ..? എല്ല് ഇതുവരെ കുഴപ്പമൊന്നുമില്ല, മിക്കവാറും ബൂലോഗത്തുനിന്നുതന്നെ ആരേലും അടിച്ചൊടിക്കുവോന്നാ പ്യാടി..! കമന്റിന് നന്ദീട്ടോ.. :)
അഭീ,
അത് പറഞ്ഞുകൊടുക്കാന്‍ പാടില്ലെന്ന് എന്റെ ഗുരു എന്നോട് പറഞ്ഞിട്ടുണ്ട് അഭീ.. :) എന്നാലും ഒരീസം പറഞ്ഞുതരാട്ടോ. :)
ഇന്ദിരേച്ചീ,
ഇനീം ഇങ്ങനെ ഉണ്ടാകണമെന്നോ..? അവിടുന്ന് ഇതൊക്കെ ഒരു വിധത്തില്‍ കയിച്ചിലാക്കീട്ടാ ഇപ്പോ ഇങ്ങോട്ട് പോന്നത്. ഇനിയും പറ്റും, പറ്റാതെവിടെ പോകാന്‍..? വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ? (ഓട്ടോ പിടിച്ചാണേലും വരും.. :) ) കമന്റിന് നന്ദീട്ടോ :)
വായിച്ച് ചിരിച്ച് തലകുത്തി മറിഞ്ഞത് കൊണ്ട് എന്റെ കുടല്‍ മാലകള്‍ക്ക് കെട്ട് വീണു എന്നാണ് എന്റെ ബലമായ വിശ്വാസം. ഈ വെടികെട്ടിന് നന്ദി......
ഡോണേച്ചീ,
കമന്റിന് നന്ദീട്ടോ....
:)
പണ്ട് കാലത്തെഴുതീതാണേലും, ഇത് വായിച്ചിട്ടൊരു കമന്റിടാതെ വയ്യ... ഐശ്വര്യേടെ കട്ടിലിന്റെ കാര്യം വായിച്ച് ചിരിച്ച് മറിഞ്ഞു
Post a Comment