കഴിഞ്ഞ കഥയിലെ മോഹന്‍ തന്നെയാണ് ഇതിലെയും “ഞാന്‍” :)
റിമോട്ട് കണ്‍ട്രോള്‍ കാര്‍
ജപ്പാനില്‍ നിന്ന് കട്ടേം പടോം മടക്കി പോരാറായ സമയം. ഒരു ശനിയാഴ്‌ച ദിവസം വൈകിട്ട് ടോറന്റില്‍ നിന്നും വലിച്ചെടുത്ത പഴയ ഏതോ സിനിമയും കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു നാട്ടില്‍ നിന്നൊരു ഫോണ്‍കോള്‍ :
“ഹലോ....?”
“ഡേയ്, ഇത് ഞാനാ, പ്രശാന്ത്... എന്നാ ഒണ്ട് അവിടെ വിശേഷം..? ജോലിയൊക്കെ സുഖമായിരിക്കുന്നോ..?”
“ങ്ഹ, നീയോ..? ഇവിടെ വിശേഷം.... ഞാന്‍ കഴിഞ്ഞ വീക്കെന്‍ഡില്‍ ...”
“മതി മതി, വിശേഷമൊക്കെ പിന്നെ പറയാം, നീയെന്നാ വരുന്നെ..?”
“അടുത്ത ശനിയാഴ്‌ച...”
“ഡേയ്, നീ അവിടുന്ന് വരുമ്പോ എനിക്കൊരു റിമോട്ട് കണ്‍ട്രോള്‍ കാറും വാങ്ങിച്ചോണ്ട് വരണേ..! മറക്കല്ലേ...! എന്നാല്‍ വെക്കട്ടെ..? അപ്പോ ശരി, ബൈ..!”
നാട്ടില്‍ കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാരനാണ്. ഒരു മിനിറ്റിനകം അവന്‍ എല്ലാം പറഞ്ഞുതീര്‍ത്തു..! ഐ.എസ്.ഡിയാണേ..! അവനാണേല്‍ വയസ്സ് പത്തുമുപ്പതായി, ഇപ്പോഴും കാറും പീപ്പിയും ബലൂണുമൊക്കെ വെച്ചാണ് കളി..! ഇത്തിരി നൊസ്സുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു ചങ്ങാതി.! എന്തായാലും വാങ്ങിയേക്കാം. ഇനി നാട്ടില്‍ ചെന്നിട്ട് അവനോടെന്ത് പറയും..? ഇപ്പോള്‍ തന്നെ വാങ്ങിയില്ലേല്‍ ചിലപ്പോള്‍ മറന്നേക്കും. ഉടനെ തന്നെ സോപ്പുവാങ്ങിയാല്‍ ചീപ്പ് ഫ്രീ എന്ന പോലെ, അപ്പാര്‍ട്ട്മെന്റിന്റെ കൂടെ കിട്ടിയ സൈക്കിള്‍ കാലിന്റെയിടയില്‍ ഫിറ്റ് ചെയ്‌ത് നേരെ വിട്ടു അടുത്ത ‘യോദോബാഷി’യിലേക്ക്. ഗുണനിലവാരമുള്ള ഇലക്‌ടോണിക്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി ഒട്ടുമിക്ക എന്തും കിട്ടുന്ന ജപ്പാനിലെ പ്രശസ്തമായ ഒരു ഗ്രൂപ്പാണ് ഈ പറഞ്ഞ ‘ഷി‘. ഏഴാമത്തെ നിലയിലാണ് ഇമ്മാതിരി കുന്ത്രാണ്ടങ്ങളൊക്കെയുള്ളത്. അവിടെയെത്തി പരതുന്നതിനിടെ ഏതാണ്ട് കാറിന്റെയും റിമോട്ടിന്റെയും പടങ്ങളുള്ള കുറെ പെട്ടികള്‍ കണ്ടെങ്കിലും അതിന്റെയൊക്കെയുള്ളിലുള്ളത് എന്താണെന്ന് യാതൊരുറപ്പുമില്ലായിരുന്നു. പെട്ടീടെ പുറത്ത്എഴുതിപ്പിടിപ്പിച്ചിരിക്കുന്നതൊക്കെയാവട്ടെ, കട്ടജാപ്പനീസിലും! പുറമേയുള്ള പടം കണ്ട് സാധനം വാങ്ങി, മുമ്പൊരു പറ്റ് പറ്റിയതാണ്.
അന്ന് വാങ്ങാന്‍ പോയത് കാറും ജീപ്പുമൊന്നുമല്ലായിരുന്നു. പുട്ട്, ദോശ എന്നിവയൊക്കെ അരികൊണ്ടുമാത്രമല്ല, ഗോതമ്പുകൊണ്ടും വലിയ കുഴപ്പമില്ലാതെ ഉണ്ടാക്കാനൊക്കും എന്ന വെളിപാടുണ്ടായ ദിവസം, ഗോതമ്പെങ്കില്‍ ഗോതമ്പ്, വാങ്ങിനോക്കാമെന്ന് കരുതി അടുത്ത കണ്‍വീനിയിലേക്ക് വിട്ടു. പുറമേയുള്ള, ഗോതമ്പോ ചോളമോ എന്ന് തിരിച്ചറിയാനാകാത്ത പടവും, ഇളം തവിട്ടുനിറത്തിലുള്ള പൊടിയും കണ്ട്, ഗോതമ്പാണെന്ന വിശ്വാസത്തോടെ, അതും വാങ്ങി പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോളാണ് ഇത്തിരി കൂടി തരിരൂപത്തിലുള്ള വേറൊരു സംഭവം കണ്ടത്. അതിന്റെ പുറത്തും ഇതേ പടമുണ്ടായിരുന്നു. ഇതില്‍ ഏതായിരിക്കും നല്ല ഗോതമ്പുപൊടി? സംശയം വേണ്ട, രണ്ടും ഓരോ കിലോ വാങ്ങിയേക്കാം. തരിഗോതമ്പുപൊടികൊണ്ടുണ്ടാക്കുന്ന പുട്ടും, നല്ല പൊടിഗോതമ്പുകൊണ്ടുണ്ടാക്കുന്ന ദോശയുമൊക്കെ സ്വപ്‌നം കണ്ട് വീട്ടിലേക്ക് നടന്നു. അത്താഴമുണ്ടാക്കാറായപ്പോള്‍ ആദ്യത്തെ കൂട് പൊട്ടിച്ച് ഒരിത്തിരി നാക്കില്‍ വെച്ച് നോക്കി. ഒന്ന് ഞെട്ടി! നല്ല മധുരം! ഈശ്വരാ..! ഇങ്ങനെയും ഗോതമ്പുപൊടിയോ..? അപ്പോള്‍ അടുത്തതോ..? അതും പൊട്ടിച്ചുനോക്കി. അതിനും നല്ല മധുരം! പണി പാളിയെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..? പിന്നീടൊരിക്കല്‍ ഒരു ജാപ്പനീസ് ചങ്ങാതി വഴിയറിഞ്ഞു ഇവ രണ്ടും ചോളം കൊണ്ടുണ്ടാക്കുന്ന ഒരു തരം പഞ്ചസാരയാണെന്ന്! എന്നിട്ട് ഈ രണ്ടുകിലോ ‘ഗോതമ്പുപഞ്ചസാര’ തീര്‍ക്കാനായി എന്തോരും ചായയും കാപ്പിയുമാ ഞാന്‍ ഉണ്ടാക്കിക്കുടിക്കേണ്ടിവന്നത്..!
ചൂടുവെള്ളത്തില് വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ. ഇങ്ങനെയൊരു മുന്‍ അനുഭവം സ്വന്തമായുള്ളതുകൊണ്ട് ഇനിയും റിസ്‌ക്കെടുക്കാന്‍ വയ്യ, ആരെയെങ്കിലും വിളിച്ചുചോദിക്കാം. ആദ്യം മുന്നില്‍ വന്നുപെട്ടയാളോട് മുന്‍അനുഭവം വെച്ച് ഇംഗ്ലീഷില്‍ത്തന്നെ ചോദിക്കാമെന്നു വിചാരിച്ചു. അല്ലെങ്കിലും റിമോട്ട് കണ്‍ട്രോള്‍ എന്നതിന്റെ ജാപ്പനീസ് എനിക്കറിയില്ലായിരുന്നു.
“റിമോത്തോ കന്ത്‌റോളാ xxxxx കുറുമാ അരിമാസ്‌കാ ...?”
‘കുറുമ’ എന്നുവെച്ചാല്‍ കാറ്. (സത്യമായും ഈ വാക്കിന് നമ്മുടെ കുറുമാനുമായോ മട്ടന്‍ കുറുമ, ചിക്കന്‍ കുറുമ എന്നിവയുമായോ അമ്മച്ചിയാണേ, യാതൊരു ബന്ധവുമില്ലേ..) ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ഇവിടെ വല്ലാതെ മാറ്റമുണ്ട്. ട് എന്നതില്‍ അവസാനിക്കുന്ന വാക്കൊക്കെ ‘തോ’ എന്നതിലും ഡ് എന്നതിലവസാാനിക്കുന്നതൊക്കെ ‘ദോ’ എന്നതിലുമാണ് ഈ അണ്ണന്മാര്‍ അവസാനിപ്പിക്കുന്നത്. അതുപോലെ തന്നെ ‘ട’ യൊക്കെ ‘ത’യും ‘ഡ’യൊക്കെ ‘ദ’യും ആയെങ്കിലും മാത്രമേ അത് ജപ്പാനിലെ ഇംഗ്ലീഷ് ആകൂ..! മാത്രവുമല്ല സ്‌പീഡൊക്കെ വല്ലാതെ കുറച്ചുപറയുകയും വേണം. അങ്ങനെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഓടുന്ന കാറുണ്ടോ എന്ന് ചോദിച്ചതാണ് ഈ കണ്ടത്..!
ഇത് കേട്ട കക്ഷി എന്നെ പകച്ചുനോക്കി. ഞാനും ഒന്ന് പകച്ചു. കാറ് വാങ്ങാന്‍ വന്ന ഞാന്‍ ഇവിടുന്ന് കാറിക്കൂവി പോകേണ്ടിവരുമോ..? ഏയ്, ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് കക്ഷിയ്‌ക്ക് മനസ്സിലാകാഞ്ഞിട്ടായിരിക്കും. പിന്നേ, ഭാഷയൊന്നും ഇല്ലാതിരുന്ന കാലത്തും ആശയവിനിമയം നടത്തിയിരുന്നതല്ലേ? ങ്ഹും, എന്നോടാ കളി..! ആത്മവിശ്വാസത്തിന്റെ കച്ചിത്തുരുമ്പില്‍ പിടിച്ചുതൂങ്ങി ഞാന്‍ വീണ്ടും തുടങ്ങി.
“റിമോത്തോ.... കന്ത്‌റോളാ.... കുറുമാ... ഉവിഷ്...!” റിമോട്ട് ഇടതുകൈവെള്ളയില്‍ വലതുകൈയിലെ വിരലുകള്‍ കൊണ്ട് റിമോട്ട് ഞെക്കുന്നതുപോലെയും, വലതുകൈപ്പത്തി വായുവില്‍ കമഴ്ത്തിവെച്ച്, ഇത്തിരി പിന്നോട്ടുവളച്ച് വേഗത്തില്‍ മുന്നോട്ടുനീക്കി കാറോടുന്നതുമൊക്കെ ഭംഗിയായി ഞാന്‍ അവതരിപ്പിച്ചുകാണിച്ചു. അന്നത്തെ എന്റെ അവതരണം ഏതെങ്കിലും ചാനലുകാര്‍ കണ്ടിരുന്നെങ്കില്‍ എനിക്ക് ബധിരര്‍ക്കുള്ള വാര്‍ത്തവായിക്കുന്ന പോസ്റ്റിലേക്ക് ഒരു ജോലി ഉറപ്പായിരുന്നു..! ചുളിവുകള്‍ നിവര്‍ന്നുവരുന്ന അങ്ങേരുടെ നെറ്റി കണ്ടതോടെ എന്റെ കഥകളി ഏറ്റെന്ന് എനിക്കു മനസ്സിലായി. ആശ്വാസം ഒരു ദീര്‍ഘനിശ്വാസത്തിന്റെ രൂപത്തില്‍ പുറത്തുവരാന്‍ തുടങ്ങുകയായിരുന്നു, അപ്പോഴാണ് എന്റെ കരണക്കുറ്റിയ്‌ക്ക് വീക്കുന്നതുപോലെ മൂപ്പരുടെ ചോദ്യം!
“യൂ മീന്‍, റിമോട്ട് കണ്‍ട്രോള്‍ കാര്‍..?” അതും നല്ല വൃത്തിയുള്ള ആംഗലേയ ഉച്ചാരണത്തോടെ തന്നെ..! ഇനി ഞാനെന്തുപറയാന്‍? പുറത്തേക്ക് വരാന്‍ റെഡിയായി നിന്ന ആശ്വാസത്തെ വെള്ളം തൊടാതെ വിഴുങ്ങി, ആദ്യം കിട്ടിയ റിമോട്ട് കണ്‍ട്രോള്‍ കാറുമായി എത്രയും വേഗത്തില്‍ സ്ഥലം കാലിയാക്കിയെടുത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ?
(തുടരും...)
Subscribe to:
Post Comments (Atom)
15 comments:
..... നാട്ടില്‍ കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാരനാണ്. വയസ്സ് പത്തുമുപ്പതായി, ഇപ്പോഴും കാറും പീപ്പിയും ബലൂണുമൊക്കെ വെച്ചാണ് കളി..! ഇത്തിരി നൊസ്സുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു ചങ്ങാതി.! എന്തായാലും വാങ്ങിയേക്കാം. ഇനി നാട്ടില്‍ ചെന്നിട്ട് അവനോടെന്ത് പറയും..? ഇപ്പോള്‍ തന്നെ വാങ്ങിയില്ലേല്‍ ചിലപ്പോള്‍ മറന്നേക്കും. ഉടനെ തന്നെ സോപ്പുവാങ്ങിയാല്‍ ചീപ്പ് ഫ്രീ എന്ന പോലെ, അപ്പാര്‍ട്ട്മെന്റിന്റെ കൂടെ കിട്ടിയ സൈക്കിള്‍ കാലിന്റെയിടയില്‍ ഫിറ്റ് ചെയ്‌ത് നേരെ വിട്ടു അടുത്ത ‘യോദോബാഷി’യിലേക്ക് ...
നേരത്തെ പോസ്റ്റിയതിന്റെ രണ്ടാം ഭാഗം അഥവാ റിമോട്ട് കണ്‍ട്രോള്‍ കാര്‍..
അബദ്ധങ്ങള്‍ ഭായിക്കും പറ്റുമല്ലേ...കലക്കി ഭായി...
ഭായ്...
അബദ്ധങ്ങളുടെ ഒരു ഭണ്ഡാരം ആണെന്ന് ഞങ്ങള്‍ക്കറിയാം.. എന്തായലും തുടങ്ങാന്‍ പ്രേരിപ്പിച്ച കുറുമാന്‍ജിക്കു വെച്ചതു ശരിയായില്ല..
ഒരു തെറ്റ് ഏത് പോലീസുകാരനും പറ്റും.. ഇതിപ്പൊ രണ്ടായി..
വായിക്കുനതിനിടയില്‍ ഞാന്‍ പോലുമറിയാതെ വലതുകൈവിരലുകള്‍ റിമോട്ട് പോലെ ഞെക്കുകേം, കാറോടിച്ച് കളിക്കുകേം ചെയ്‌തത് അടുത്തിരിക്കുന്നവര്‍ കാണാതിരുന്നത് ഭാഗ്യം.. അല്ലെങ്കി വിചാരിച്ചേനേ, ഇവനെന്താ കൊച്ചു പിള്ളേരെ പോലെ കാറോടിച്ച് കളിക്കണേന്ന്!!
അവതരണം കലക്കി ഭായ്..
ആ “കുമാരാ.....” എന്നറിയാതെ വിളിച്ചതൊക്കെ വരട്ടെ.. ഓര്‍മ്മയില്ലേ? ടാക്സി?
മൃദുല്‍,
അബദ്ധങ്ങള്‍ പറ്റാത്തവരുണ്ടോ കുട്ടാ. എനിക്ക് പറ്റിയതൊക്കെ എഴുതാനിരിക്കുന്നതേയുള്ളൂ. കൂട്ടുകാരുടെ വീതം കഴിയട്ടെ എന്നുകരുതി ഇരിക്കുവാ.. :) കമന്റിന് നന്ദീട്ടോ..
സിനിലേ,
എന്നാലും എന്നെ പണ്ടാരം എന്ന് വിളിച്ചത് ശരിയായില്ല :( കുറുജിയ്‌ക്കിട്ട് ഞാന്‍ വെച്ചൊന്നുമില്ലല്ലോ? സത്യമായും കുറുമയ്‌ക്ക് കുറുമാനുമായി ബന്ധമൊന്നുമില്ലെന്നല്ലേ പറഞ്ഞുള്ളൂ..? :)
ഷിബ്വേ,
ഒന്നും രണ്ടുമൊന്നുമല്ല ഷിബ്വേ... വടി വെട്ടാനായി പോയതേയുള്ളൂ. (അടി എപ്പോഴാ കിട്ടണേന്നറിയില്ല :) ) പിന്നെ, കുമാരാ എന്ന് വിളിച്ചത് ഞാനല്ല, അന്‍വറാ..! അവനത് ഇവിടെ എഴുതിയിട്ടുമുണ്ട്. ഇനി ഞാനതടിച്ചുമാറ്റിയിട്ടാല്‍ ... കോപ്പിറൈറ്റ്... കോപ്പിറൈറ്റ്..! എനിക്കുവേണ്ടായേ... ഇഷ്‌ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം..!
ഹ ഹ.. ഈ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് അസ്സലായിട്ടുണ്ട്. ശ്ശോ... ഇപ്പോഴും നമ്മള്‍ മോഹനിലാണ് നില്‍ക്കുന്നത്. മോഹന്റെ ചെമ്മീന്‍ ചമ്മന്തിപ്പൊടിയിട്ട ഡിഷ് ഒക്കെ പെന്‍ഡിങ്ങാണ്. ഇതൊക്കെ തീര്‍ത്ത് എപ്പോഴാണ് നമ്മള്‍ സാക്ഷാല്‍ “ ഈയുള്ളവന്റെ” അബദ്ധങ്ങളിലേക്കെത്തുക?
നാട്ടുകാരേ... ഇതൊക്കെ ചുമ്മാ സാമ്പിള്‍ ഓലപ്പടക്കങ്ങള്‍ മാത്രം. നല്ല ഉഷാര്‍ വെടിക്കെട്ട് വരാന്‍ പോകുന്നതേയുള്ളൂ.
ജസ്റ്റ് വെയ്റ്റ് ആന്റ് സീ...
:)
രണ്ടാം ഭാഗം നോ ക്കി ഇരിക്കുകയൈരുന്നു ... നിരാശപ്പെടുതിയില്ലാ .. അറ്ിയാതെ ചിരിചചു പോയീ റിമോട്ട് കണ്‍ട്രോള്‍ കാര്‍ കാണിചചതു ഭവനയില് കണ്ടു..
അനുമോദനങള്
അതെനിക്കറിയാം ഭായ്.. ഞാനതു വായിച്ച് അവിടെത്തന്നെ(അന്‍വറിക്കാടെ ബ്ലോഗില്‍) കമന്‍റ്റുമിട്ടിട്ടുണ്ടല്ലോ..
ആ കുമാരന്‍ തന്നെയാണോ ഈയുള്ളവന്‍ എന്ന സംശയം കൊണ്ടാ സ്വന്തം വെര്‍ഷനില്‍ ഒന്നിറക്കാന്‍ പറഞ്ഞേ!!!
ചുമ്മാ പോരട്ടേന്നേ..
ഹിഹിഹി. എനിക്കു തോന്നുന്നത് അയാളോട് മലയാളത്തില്‍ ചോദിച്ചാല്‍ മതിയായിരുന്നു എന്നാണ്.
പ്രതീ,
മോഹനില്‍ തന്നെയാണിപ്പോഴും നില്‍ക്കുന്നത്. അടുത്ത പോസ്റ്റ് ലവന്‍ ജപ്പാനില്‍ നിന്നും പോരുമ്പോഴുണ്ടായതാണ്. മോഹനെ ചുറ്റിപ്പറ്റിയുള്ള അവസാനത്തെ പോസ്റ്റ്. അതൊന്ന്‍ കഴിഞ്ഞോട്ടെ, ഈയുള്ളവന്റെ അബദ്ധങ്ങളുടെ കെട്ടും അഴിക്കാം. പിന്നെ, ഇനിയുള്ളതും ഓലപ്പടക്കങ്ങള്‍ തന്നെയായിരിക്കൂട്ടോ. കമന്റിന്റെ കൂടെ ആരെങ്കിലുമൊകെ വെടിക്കെട്ട് നടത്തിയാലേയുള്ളൂ. ആന കൊടുത്താലും ആശ കൊടുക്കല്ല് പ്രതീ.. മണി പറഞ്ഞ പോലെ “ശിരസ്സീന്നിങ്ങ് വരണ്ടേ...!” :)
മാണിക്യം,
അനുമോദനങ്ങള്‍ക്ക് നന്ദീട്ടോ :)
ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷവും..
മൂന്നാം ഭാഗവും വലിയ താമസമില്ലാതെ കീച്ചാമെനോര്‍ക്കുന്നു... :)
ഷിബ്വേ,
ആ കുമാരനല്ല ഈ കുമാരന്‍... (ഈശ്വരാ, മോഹനിത് കാണണ്ട..!)
ഞാനും കൂടി കുമാരന്മാരുടെ നെഞ്ചത്ത് കേറിയാല്‍ കുമാരന്മാരൊക്കെ യൂണിയനുണ്ടാക്കിവന്ന് എന്റെ പുറത്ത് പൊതുയോഗം നടത്തും..!
സുവേച്ചീ,
അപ്പറഞ്ഞത് സത്യം..! മലയാളത്തില്‍ ചോദിച്ചാലും ഒരു പക്ഷെ, അങ്ങര്‍ക്ക് മനസ്സിലായേനെ.. :)
സുവേച്ചീ,
ഇതൊരു ഓഫാണേ...
ചേച്ചിയുടെ പമഗരിസ ബ്ലോഗില്‍ ഒരു കമന്റിടാന്‍ പോയിട്ട് സമ്മതിക്കുന്നില്ലല്ലോ..? :(
:) രണ്ടുഭാഗവും കൊള്ളാം
:-)
ബൈജുവേ കലക്കി, ഈയുള്ളവന്‍ എന്ന പേരു മാറ്റി അബദ്ധേശ്വരന്‍ എന്നു ഞാന്‍ ചാര്‍ത്തട്ടെ, അതിലും മുന്‍പ് പ്രതി പറഞ്ഞത് പോലെ മോഹനെ വിട്ടുപിടി, സ്വന്തം അബദ്ധങ്ങള്‍ പോരട്ടെ :)
മൂര്‍ത്തീ,
നന്ദീട്ടോ... :)
കുതിരവട്ടംസ്,
:)
കുറുജീ,
മോഹനെ വിട്ടുപിടിക്കാമേ.. ഒരെണ്ണം കൂടിയുണ്ട്, അതൊന്ന് കഴിഞ്ഞോട്ടെ... :) പുതിയ പേരെനിക്കിഷ്ടായി, പക്ഷെ അതുവേണോ.... :)
:)
Post a Comment