Showing posts with label ഡ്രൈവിംഗ്. Show all posts
Showing posts with label ഡ്രൈവിംഗ്. Show all posts

Monday, July 16, 2007

ഡ്രൈവിംഗ് പരീക്ഷണങ്ങള്‍ ഒന്നാം ഭാഗം അഥവാ സൈക്കിള്‍ യജ്ഞം

പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങിയപ്പോള്‍ മുതല്‍ ഈയുള്ളവന്റെ ആഗ്രഹമായിരുന്നു സൈക്കിളോടിക്കാന്‍ പഠിക്കുക എന്നത്. അതെങ്ങനാ? സൈക്കിള്‍ വാടകയ്‌ക്ക് കിട്ടണമെങ്കില്‍ മൂന്നുകിലോമീറ്റര്‍ നടന്നുപോയി ഒരു കടയിലെത്തണം. ഇനി പോകാമെന്നുവെച്ചാല്‍ തന്നെ, ആര് പഠിപ്പിക്കും? ഇനി പഠിപ്പിക്കാന്‍ ആരെയെങ്കിലും കിട്ടിയെന്നും വെക്കുക, സ്‌ക്കൂളിലേക്കുള്ള ബസ്സുകാശ് തന്നെ രാഹുകാലം നോക്കി അമ്മ വഴി അച്ഛനോട് പറഞ്ഞാല്‍ മാത്രം കിട്ടിയിരുന്ന കാലത്ത്, സൈക്കിള്‍ വാടകയ്‌ക്കെടുക്കാനാണെന്നും പറഞ്ഞാല്‍ ചിലപ്പോള്‍ ഭാവിയില്‍ വല്ല ജയ്പ്പൂര്‍ കാലും വെച്ച് സൈക്കിള്‍ ചവിട്ടേണ്ടിവരും. കാരണം, ആവശ്യമില്ലാത്ത പണിക്ക് പോയാല്‍ മുട്ടുകാലുതല്ലിയൊടുക്കുമെന്ന് അച്ഛന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അച്ഛനെ നല്ല പേടിയുണ്ടായിരുന്നതുകൊണ്ടും ഈ സൈക്കിള്‍ പഠനം എന്ന എന്റെ ആവശ്യം ഒരു അനാവശ്യമായി അമ്മയ്‌ക്ക് തോന്നിയിരുന്നതുകൊണ്ടും എനിക്കുവേണ്ടി സൈക്കിളിന്റെ കാര്യത്തില്‍ വക്കാലത്ത് പറയാന്‍ അമ്മയും വന്നില്ല. അങ്ങനെ സൈക്കിള്‍ ഓടിക്കുവാന്‍ പഠിക്കുക എന്നത് ഒരു സ്വപ്നമായി ഞാന്‍ കുറെ നാള്‍ കൊണ്ടുനടന്നു.

ഒടുവില്‍ ആറാം ക്ലാസിലെത്തിയപ്പോഴാണ് എനിക്ക് പഠിക്കുവാനായി ഒരു സൈക്കിള്‍ അച്ഛന്റെ സുഹൃത്തായ കുഞ്ഞപ്പന്‍ ചേട്ടന്‍ വശം ദൈവം തമ്പുരാന്‍ കൊടുത്തയച്ചത്. കുഞ്ഞപ്പന്‍ ചേട്ടന് അക്കാലത്ത് അങ്ങാടിയില്‍ ഒരു *ആല ഉണ്ടായിരുന്നു. അവിടെ പോകുവാനായി സ്വന്തമായി അസംബിള്‍ ചെയ്‌തെടുത്തതാണ് ആ സൈക്കിള്‍. ഒട്ടും ആഢംബരപ്രിയനല്ലാത്തതുകൊണ്ട് ബെല്ല്, ബ്രേയ്‌ക്ക്, മഡ്‌ഗാര്‍ഡ്, സ്റ്റാന്‍ഡ് ഇത്യാദിയൊന്നുമില്ലാതെയും, ത്രികോണാകൃതിയില്‍ വെട്ടിയുണ്ടാക്കിയ ഒരു മരക്കഷണം സീറ്റായി ഉപയോഗിച്ചുമായിരുന്നു കുഞ്ഞപ്പന്‍ ചേട്ടന്‍ സ്വന്തം ശകടത്തെ കൊണ്ടുനടന്നിരുന്നത്. പിറകിലത്തെ ചക്രത്തിന്റെ ബ്രേയ്‌ക്കില്‍ നിന്നും സൈക്കിളിന്റെ ഹാന്‍ഡിലിലേക്കെത്തുന്ന ഒരു കമ്പിക്കഷണം, അതില്‍ എഴുന്നേറ്റ് നിന്ന് ചവിട്ടി കൃത്യമായി ബ്രേയ്‌ക്ക് നിയന്ത്രിക്കുവാനും അങ്ങേര്‍ക്കറിയാമായിരുന്നു. എന്തായാലും ഇറക്കത്ത് പെഡല്‍ ചവിട്ടേണ്ട കാര്യമില്ല, പിന്നെ ആ കാലുകൊണ്ട് ബ്രേയ്‌ക്ക് ചവിട്ടുന്നതുകൊണ്ട് എന്താണ് കുഴപ്പം? മോട്ടോര്‍ സൈക്കിള്‍ മോഡലില്‍ കാ‍ലുകൊണ്ട് ബ്രേയ്‌ക്ക് ചവിട്ടാവുന്ന ഇങ്ങനെയൊരു സൈക്കിള്‍ ആ നാട്ടില്‍ കുഞ്ഞപ്പന്‍ ചേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതിന്റെ അഹങ്കാരമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. മഴക്കാലമായാല്‍ കുഞ്ഞപ്പന്‍ ചേട്ടന്റെ വീട്ടിലേക്ക് സൈക്കിളിലുള്ള പോക്ക് അസാദ്ധ്യമായതിനാല്‍ എന്റെ വീടിന്റെ അരമതിലില്‍ ചാരിയായിരുന്നു ആ സൈക്കിള്‍ അക്കാലത്ത് ഉറങ്ങിയിരുന്നത്. സൈക്കിളെന്നല്ല, നടന്നുതന്നെ പോകുവാന്‍ വളരെ ബുദ്ധിമുട്ടുള്ള രീതിയില്‍ മുട്ടൊപ്പം ചെളി നിറഞ്ഞതായിരുന്നു അങ്ങോട്ടുള്ള അക്കാലത്തെ വഴി.

സ്വന്തം വീടിനുമുന്നില്‍ സ്ഥിരമായി ഒരു സൈക്കിള്‍ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ എനിക്കൊരാഗ്രഹം. എന്തുകൊണ്ട് എനിക്ക് തനിയെ ഇതുകൊണ്ട് സൈക്കിളോടിക്കാന്‍ പഠിച്ചുകൂടാ ? എന്തായാലും വൈകുന്നേരം മുതല്‍ രാവിലെ വരെ ആ സൈക്കിള്‍ അവിടെ ചുമ്മാ ഇരിക്കുകയാണ്. പ്രത്യേകിച്ച് പെട്രോളോ ഡീസലോ ഒന്നും ഒഴിക്കണ്ട താനും. അച്ഛന്‍ പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. ഈ രണ്ട് രണ്ടര മണിക്കൂര്‍ സൈക്കിള്‍ പഠനത്തിനായി വിനിയോഗിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അന്നു് രാത്രി കൈവിട്ട് സൈക്കിളോടിക്കുന്നതും സൈക്കിളില്‍ അനിയനെ പിറകിലിരുത്തി ഡബിള്‍സടിക്കുന്നതും ഞാന്‍ സ്വപ്‌നം കണ്ടു.

പിറ്റേന്ന് വൈകിട്ട് ഗണപതിയെ ധ്യാനിച്ച് സൈക്കിളിലെ ഹാന്‍ഡിലില്‍ തൊട്ട് കൈ നെഞ്ചോട് ചേര്‍ത്ത് ഒരു മിനിറ്റ് പ്രാര്‍ത്ഥിച്ച് പഠനം തുടങ്ങി. അപ്പോഴാണ് വേറൊരു പ്രശ്‌നം. സൈക്കിളിന്റെ സീറ്റിലിരിക്കാന്‍ കാലെത്തില്ല. *ഇടങ്കാലിട്ടുചവിട്ടാന്‍ അറിയത്തില്ല താനും. എന്റെ വിഷമാവസ്ഥ മുന്‍‌കൂട്ടി അറിഞ്ഞിരുന്ന ദൈവം, സീറ്റില്ലെങ്കിലും പണിയായുധങ്ങള്‍ വെക്കുവാനായി കാരിയര്‍ പോലൊരു സംഭവം ആ സൈക്കിളിന്റെ പിറകില്‍ വെച്ചുപിടിപ്പിക്കുവാന്‍ കുഞ്ഞപ്പന്‍ ചേട്ടനെക്കൊണ്ട് തോന്നിപ്പിക്കുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും ചെയ്‌തിരുന്നു. ആ കാരിയറില്‍ ഇരുന്നാല്‍ കഷ്‌ടിച്ച് പെരുവിരല്‍ നിലത്തുമുട്ടും. ഇത്രേം മതി. ഞാനുറപ്പിച്ചു. എന്റെ വീട് ഒരു ഇറക്കത്തിലായിരുന്നതുകൊണ്ട് പതിയെ ഈ സാധനവും ഉന്തിക്കോണ്ട് ഞാന്‍ കയറ്റം കയറി.

അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ഞാന്‍ സൈക്കിളിന്റെ കാരിയറിലിരുന്നു. ഏന്തിവലിഞ്ഞാല്‍ ഹാന്‍ഡിലില്‍ പിടിക്കാം. അങ്ങനെയിരുന്ന് കാലൊന്ന് പൊന്തിച്ചുനോക്കി. സൈക്കിള്‍ ആദ്യം പതിയെ, പിന്നെ വേഗത്തില്‍ സൈക്കിള്‍ താഴെക്കുരുണ്ടുതുടങ്ങി. ഇടയ്‌ക്ക് ചെരിയുമ്പോള്‍ ഞാന്‍ കാലുകുത്തി ഒരു തരത്തില്‍ അഡ്‌ജസ്റ്റ് ചെയ്‌തുകൊണ്ടിരുന്നു. സൈക്കിളിന്റെയൊപ്പം പിറകിലത്തെ സീറ്റിലിരുന്നോടി വലിയ കുഴപ്പമൊന്നുമില്ലാതെ ആദ്യവട്ടം പൂര്‍ത്തിയാക്കി. ആവേശത്തില്‍ ഞാന്‍ പിന്നെയും സൈക്കിളുന്തി കയറ്റം കയറി. ഇത്തവണ നേരത്തേതിലും നന്നായി താഴെയെത്തി. ആറേഴുവട്ടമായപ്പോള്‍ കാലുകുത്താതെ തന്നെ താഴെയെത്താം എന്ന അവസ്ഥയിലായി. ങ്ഹും...! എന്നോടാ കളി..! ലോകത്ത് ആദ്യമായി തനിയെ സൈക്കിളോടിക്കാന്‍ പഠിക്കുന്നവന്‍ എന്ന അഹങ്കാരം, അന്നറിയാവുന്ന ഏതോ സിനിമാപ്പാട്ടിന്റെ രൂപത്തില്‍ പുറത്തുവന്നു. വീണ്ടും ഞാന്‍ സൈക്കിള്‍ ഉന്തിക്കയറ്റി മുകളിലെത്തി. അതിരുകവിഞ്ഞ ആത്മവിശ്വാസം ഇപ്രാവശ്യം എന്തായാലും കാലുകുത്തുന്നില്ല എന്ന കടുത്ത തീരുമാനമെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഇത്തവണയും കാരിയറിലിരിക്കുന്ന എന്നെയും വഹിച്ച് പൂര്‍വ്വാധികം ഭംഗിയായി സൈക്കിള്‍ താഴേക്കുരുണ്ടു. പകുതി വഴിയായപ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് സൈക്കിളിനൊരു ശങ്ക... ഹാന്‍ഡിലിലും അതിനുതാഴെ ഉണ്ടായിരുന്ന ചെറിയ കമ്പിയിലും മുറുകിപ്പിടിച്ചത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. പിന്നെ, ഭൂമി കീഴ്‌മേല്‍ മറിയുന്നതുപോലൊരു തോന്നലും അതോടൊപ്പം ഏതോ ഗുഹയില്‍ നിന്നെന്ന പോലെ “പ്‌ധും“ എന്നൊരു ശബ്‌ദവും ഒരുമിച്ചായിരുന്നു. വിഷുക്കാലമല്ലാഞ്ഞിട്ടും പട്ടാപ്പകലായിരുന്നിട്ടും ചക്രവും മത്താപ്പുമൊക്കെ കണ്മുന്നില്‍ കത്തിക്കറങ്ങി. കണ്ണുതുറന്ന് നോക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. സൈക്കിളെങ്ങോട്ടുപോയി ? അല്ല, ഞാനെവിടാ ഈ കിടക്കുന്നത് ? ഭാഗ്യത്തിന് വഴിയരികിലെ ഒരു കയ്യാലക്കുഴിയില്‍ ഉണക്കത്തേക്കില പൊഴിഞ്ഞുകിടക്കുന്നതിനുമുകളിലേക്ക് കൃത്യമായായിരുന്നു ഞാന്‍ പറന്നുവീണത്. സൈക്കിള്‍ കേടുപാടൊന്നുമില്ലാതെ കുറെ മാറി റെസ്റ്റെടുക്കുന്നു..! എഴുന്നേല്‍ക്കാന്‍ നോക്കി, കൈക്കും കാലിനുമൊക്കെ ഒരു വേദന. ഒരു വിധത്തില്‍ സൈക്കിളെടുത്തുനിവര്‍ത്തി. ഹാന്‍ഡിലും മുമ്പിലത്തെ ചക്രവും തമ്മില്‍ ഏതാണ്ട് നാല്‍പ്പത്തഞ്ച് ഡിഗ്രി ചെരിഞ്ഞിരിക്കുന്നു..! നിവര്‍ത്താന്‍ നോക്കിയിട്ട് നിവരുന്നുമില്ല. അങ്ങനെ തന്നെ ഉന്തിക്കൊണ്ട് വീട്ടിലെ അരമതിലില്‍ തന്നെ സൈക്കിള്‍ ചാരിവെച്ചു. ഇത്തവണ സൈക്കിളിന്റെ മുന്‍‌വശം പിറകോട്ടാ‍ക്കിയായിരുന്നു ചാരി വെച്ചത്.

രാവിലെ കുഞ്ഞപ്പന്‍ ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ തലേന്ന് രാത്രി ആലോചിച്ചുകൂട്ടിയ ഐഡിയ പുറത്തെടുത്തു.

“കുഞ്ഞപ്പന്‍ ചേട്ടാ, ഇന്നലെ എന്റെ കൈ തട്ടി സൈക്കിള്‍ മറിഞ്ഞുവീണു, അതിന്റെ ഹാന്‍ഡില്‍ തിരിഞ്ഞുപോയി എന്നുതോന്നുന്നു..!”
“അത്രേയൊള്ളോ..! അത് സാരോല്ല..!”

എന്നു പറഞ്ഞ് അദ്ദേഹം സൈക്കിളിന്റെ മുന്‍‌ചക്രം കാലിന്റെയിടയിലാക്കി പിടിച്ച് ഹാന്‍ഡില്‍ ഒറ്റത്തിരിക്കല്‍..! ദാ ഇപ്പോ സൈക്കിള്‍ പഴയപടി ആയിരിക്കുന്നു..! അതുമോടിച്ചോണ്ട് അങ്ങേര്‍ ആലയിലേക്ക് പോകുന്നത് ഞാന്‍ ആരാധനയോടെ കണ്ടുനിന്നു.

ആ സംഭവത്തോടെ ഞാനൊരു കാര്യം മനസ്സിലാക്കി. ഈ സൈക്കിളിനൊക്കെ രണ്ടുതരം ബ്രേയ്‌ക്കുണ്ട്. ഫ്രണ്ട് ബ്രേയ്‌ക്കും ബാക്ക് ബ്രേയ്‌ക്കും. വലതുവശത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന് താഴെ കാണുന്ന ചെറിയ കമ്പിക്കഷണമാണ് ഫ്രണ്ട് ബ്രേയ്‌ക്ക്. നല്ല വേഗത്തില്‍ പോവുമ്പോള്‍ ഇത് ഹാന്‍‌ഡിലിനോട് ചേറ്ത്ത് പിടിച്ചാല്‍, പ്രത്യേകിച്ചും ഇറക്കത്തിലാണെങ്കില്‍ തലയും കുത്തി താഴെ വീഴുമെന്നത് നൂറുതരം..! അത് സീറ്റിലെന്നല്ല, കാരിയറില്‍ ഇരുന്നാല്‍ പോലും..! അതോടൊപ്പം കുഞ്ഞപ്പന്‍ ചേട്ടന്റെ സൈക്കിളിന് ബെല്ലും ബ്രേയ്‌ക്കുമില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തിരിച്ചിങ്ങനെ പറയുന്നതും പതിവാക്കി.

“ങ്ഹും..! ബ്രേയ്‌ക്കില്ലാന്നോ..? നിനക്കറിയാമ്പാടില്ലാഞ്ഞിട്ടാ...! വേറൊരു സൈക്കിളിനും ഉണ്ടാകില്ല അത്രേം ബ്രേയ്‌ക്ക്..!”


*ആല - കൊല്ലന്മാര്‍ പണിയെടുക്കുവാനായി കെട്ടിയുണ്ടാക്കുന്ന ഷെഡ്ഡ്. വര്‍ക്ക്‍ഷോപ്പിന്റെ പഴയ രൂപം.
*ഇടങ്കാലിട്ടു് ചവിട്ടുക - നിന്നുകൊണ്ട്, ഒരു കാല്‍ സൈക്കിളിന്റെ ക്രോസ് ബാറിനുതാഴെക്കൂടെ നീട്ടി അപ്പുറത്തെ പെഡലില്‍ ചവിട്ടി, പെഡല്‍ അര്‍ദ്ധവൃത്താകൃതിയില്‍ മുമ്പോട്ടും പിറകോട്ടും കറക്കിക്കൊണ്ട് സൈക്കിളോടിക്കുന്നത്. സൈക്കിളില്‍ കാലെത്താത്ത കാലത്തൊക്കെ ഇങ്ങനെ കുട്ടികള്‍ ഓടിക്കുന്നത് കാണാം.