ഒരു വൈകുന്നേരം അടുക്കളയില്‍, *കൊരണ്ടിപ്പലകയിലിരുന്ന് സാമ്പാറോ മോരുകറിയോ ഉണ്ടാക്കിയ മണ്‍ചട്ടിയില്‍ ഇത്തിരി ചോറും വാരിയിട്ട് കുഴച്ച് അകത്താക്കുമ്പോഴാണ് പിന്‍വാതിലില്‍ ആരോ വന്ന് മുട്ടിവിളിച്ചത് കേട്ടത്. (ഇന്നും വീട്ടില്‍ ചെന്നാല്‍ ഇങ്ങനെ ഊണുകഴിക്കാന്‍ തന്നെയാണെനിക്കിഷ്ടം). ഞാനുടനെ ചട്ടിയുമായി നടുമുറിയിലേക്കോടി. അയല്‍പക്കത്ത് പുതുതായി താമസത്തിനുവന്ന ചേച്ചിയാണ്. കൂടെ അഞ്ചാറുവയസ്സുതോന്നിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയും..! ഞാന്‍ കതകിന് മറഞ്ഞുനിന്ന് തലമാത്രം വെളിയിലാക്കി അമ്മയോടുള്ള അവരുടെ സംസാരം ശ്രദ്ധിച്ചു:
“മോള്‍ നാളെ മുതല്‍ ഇവിടുത്തെ സ്‌കൂളില്‍ പോയിത്തുടങ്ങുവാ... ചേച്ചീടെ മോനും അവിടെയല്ലേ...? നാളെ മോന്‍ പോകുമ്പോള്‍ ഇവളേം കൂട്ടിക്കോണ്ട് പോകാമോ..? എനിക്കാണേല്‍ ഇവിടെ ആരേം പരിചയമായിട്ടില്ല..!”
“അതിനെന്താ... പുഷ്‌പേടെ വീടിന്റെ പിറകിലുള്ള വീട്ടിലെയല്ലേ..? ഞാനവനോട് പറഞ്ഞേക്കാം...”
അതുശരി..! അപ്പോള്‍ ഈ കൊച്ചിനേം ഞങ്ങടെ കൂടെ കൂട്ടാനാണ് പരിപാടി...! വലിയ കണ്ണുകളും മുമ്പിലേക്ക് ചുരുണ്ടുകിടക്കുന്ന മുടിയുമുള്ള ഇരുനിറക്കാരിയായ ഒരു കൊച്ചുസുന്ദരി..! കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു...
അങ്ങനെ എനിക്ക് പുതിയൊരു കൂട്ടുകാരിയെക്കൂടി കിട്ടി. പിറ്റേന്നുമുതല്‍ രാവിലെ സ്‌കൂളില്‍ പോകുന്ന വഴി അവളേം കൂട്ടി. അവള്‍ ഒത്തിരി വര്‍ത്തമാനം പറയുമായിരുന്നു. ഒരു കിലുക്കാംപെട്ടി..! ശ്രീലേഖ, അതായിരുന്നു അവളുടെ പേര്.. അച്ചനുമമ്മയും ശ്രീക്കുട്ടി എന്ന് വിളിച്ചുവിളിച്ച് അവസാനം ചിക്കൂട്ടിയായി മാറി. അച്ചേടെ (ചിക്കൂട്ടി അങ്ങനെയാണ് അവളുടെ അച്ഛനെ വിളിച്ചിരുന്നത്) ഇടയ്‌ക്കിടെയുള്ള സ്ഥലം മാറ്റത്തെപ്പറ്റിയും ഇങ്ങനെ മാറിമാറി ഒത്തിരി താമസിക്കേണ്ടിവന്നതിനേപ്പറ്റിയുമൊക്കെ ചിക്കൂട്ടി വാതോരാതെ എനിക്ക് പറഞ്ഞുതന്നു. ഊതിയാല്‍ ഒച്ച കേള്‍ക്കുന്നതോടൊപ്പം നീണ്ടുവരുന്ന പീപ്പിയും, തകരത്തില്‍ കറുപ്പ് നിറം പൂശിയ സ്ലേറ്റും അവള്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്കൊക്കെ പൊട്ടുന്ന സ്ലേറ്റും കറുത്ത കല്ലുപെന്‍സിലുമുള്ളപ്പോള്‍ അവള്‍ക്ക് ഒരു തരം വെളുത്ത കല്ലുപെന്‍സിലായിരുന്നു ഉണ്ടായിരുന്നത്. ഇതൊക്കെ ആയിരുന്നു ആദ്യം അവളുമായി കൂട്ടുകൂടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞങ്ങളുടെ കൂട്ടുകാരില്‍ എന്നോടായിരുന്നു അവള്‍ക്കും കൂടുതലിഷ്‌ടം.
ഞങ്ങള്‍ നാലുപേരായിരുന്നു ആ ഗ്യാങ്ങിലുണ്ടായിരുന്നത്. എന്നോടൊപ്പം പഠിക്കുന്ന സിബി, സിന്ധു, എന്നേക്കാള്‍ ഒരു വയസ്സിന് മൂത്ത സുജ, പിന്നെ ചിക്കൂട്ടിയും ഞാനും. നാലുപേരുടെ കൂടെ പോകുമ്പോള്‍ എല്ലാവരുമായി വര്‍ത്തമാനം പറയേണ്ടിയിരുന്നതുകൊണ്ട് ചിക്കൂട്ടിയുമായി അധികം സംസാരിക്കാനൊക്കുമായിരുന്നില്ല. ഒടുവില്‍ ഞാന്‍ തന്നെ ഒരു പോംവഴി കണ്ടുപിടിച്ചു. രാവിലെ നേരത്തെ സ്‌കൂളില്‍ പോവുക! അപ്പോള്‍ വീട്ടില്‍നിന്നും സ്‌കൂളിലേക്കുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ഞങ്ങള്‍ക്കു് രണ്ടുപേര്‍ക്കും ഒത്തിരി വര്‍ത്തമാനം പറയാം..! അങ്ങനെ സിബിയും സിന്ധുവും സുജയുമൊക്കെ പതിയെ എന്റെ ഗ്യാങ്ങില്‍ നിന്നും പുറത്തുപോയി. അല്ല, ഞാനവരുടെ ഗ്യാങ്ങില്‍ നിന്നും പതിയെ പുറത്തായി. പതിയെപ്പതിയെ, അവളുമായി ആരെങ്കിലും സംസാരിക്കുന്നതോ അവള്‍ ആരെയെങ്കിലും ചിരിച്ചുകാണിക്കുന്നതോ പോലും എനിക്ക് ഇഷ്‌ടമല്ലാതായിത്തുടങ്ങി!
അങ്ങനെയിരിക്കെ ഒരു ദിവസം ചിക്കൂട്ടി കരഞ്ഞോണ്ട് എന്റെയടുത്തുവന്നു. സിബി അവളെ ഉണ്ടക്കണ്ണീന്ന് വിളിച്ചുവത്രേ! എനിക്ക് സഹിക്കുമോ? അവനിട്ട് ഒരു പണികൊടുക്കാന്‍ അവസരവും കാത്ത് ഞാനിരുന്നു. അധികം വൈകിച്ചില്ല, വൈകിട്ട് സ്‌കൂളില്‍ നിന്നും തിരിച്ചുപോരും വഴി സിബിയെ വഴിയരികിലെ കൊങ്ങിണിക്കാട്ടില്‍ തള്ളിയിട്ട് അവളുടെ കയ്യും പിടിച്ചോടി ഞാന്‍ പകരം വീട്ടി! (അന്ന് വൈകിട്ട് സിബിയുടെ അച്ഛന്‍ എന്റെ വീട്ടില്‍ വന്ന് ഇക്കാര്യം പറഞ്ഞതിന് അച്ഛന്റെ കയ്യില്‍ നിന്നും എനിക്ക് കിട്ടിയ വീതം ഞാനൊറ്റക്ക് സഹിച്ചു എന്നത് വേറെ കാര്യം! )
പിന്നീടൊരിക്കല്‍ ഒരു ഉച്ചസമയത്ത് ചിക്കൂട്ടി ക്ലാസിലെ ബോര്‍ഡില്‍ എന്തൊക്കെയോ കുത്തിവരയ്‌ക്കുന്നത് ഞാന്‍ കണ്ടു. മുമ്പോട്ടും പിറകോട്ടും കറക്കാവുന്ന ഒരു തരം ബ്ലോക്ക്‍ബോര്‍ഡായിരുന്നു അന്നുണ്ടായിരുന്നത്. വരയും കഴിഞ്ഞ് അവള്‍ ബോര്‍ഡ് തിരിച്ചിട്ടു. ഇപ്പോള്‍ വരച്ചതൊക്കെ മറുപുറത്ത്. ഉച്ചകഴിഞ്ഞ് ക്ലാസില്‍ വന്ന ടീച്ചര്‍, ബോര്‍ഡിന്റെ ഒരു പുറം എഴുതിത്തീര്‍ത്ത ശേഷം ബോര്‍ഡ് തിരിച്ചപ്പോള്‍ മറുപുറത്തെ അവളുടെ കലാവിരുത് കണ്ട് ഞങ്ങളെയൊക്കെ ഒന്ന് തറപ്പിച്ചുനോക്കി. അവളുടെ മുഖമാണെങ്കില്‍ പേടി കൊണ്ടെന്ന പോലെ വിളറിയിരുന്നു.
“ആരാടാ ഇത് വരച്ചത്...?”
ആ ചോദ്യത്തില്‍ നിന്നും ആമ്പിള്ളേര്‍ ആരോ ആണ് ഈ പണി കാണിച്ചതെന്ന് ടീച്ചര്‍ ഊഹിക്കുന്നുവെന്ന് വ്യക്തം. ഞാനവളെ നോക്കിയപ്പോള്‍ ചിക്കൂട്ടികരച്ചിലിന്റെ വക്കോളമെത്തി നില്‍ക്കുന്നു! ടീച്ചര്‍ ഒന്നുകൂടി ചോദിച്ചാല്‍ ഉറപ്പായും ചിക്കൂട്ടി കരയും. അഞ്ചുവയസ്സുകാരന്റെ ഉള്ളിലെ ത്യാഗി ചാടിയെഴുന്നേറ്റു.
“ടീച്ചര്‍... അത് ഞാനാ... ഇനി വരക്കൂല്ല..!”
“ആങ്ഹാ...! നീട്ടെടാ കൈ..!”
നീട്ടിപ്പിടിച്ച എന്റെ ഉള്ളം കയ്യില്‍ ടീച്ചറിന്റെ കയ്യിലെ വടി രണ്ടുതവണ ഉയര്‍ന്നുതാണു. കൈയ്‌ക്ക് വേദനയെടുത്തെങ്കിലും അവളെ കരയിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞല്ലോയെന്നോര്‍ത്ത് എന്റെയുള്ളില്‍ സന്തോഷമായിരുന്നു. അതുകൊണ്ടായിക്കും എനിക്ക് കരച്ചിലൊന്നും വന്നില്ല്ല. ഇത്തിരി കഴിഞ്ഞപ്പോള്‍ ചിക്കൂട്ടി എന്റെയടുത്ത് വന്ന് എന്റെ കയ്യെടുത്ത് അവളുടെ മടിയില്‍ വെച്ച് ചോദിച്ചു :
“വേദനിച്ചാരുന്നോടാ...?”
“ഇല്ലെടീ... ടീച്ചറ് പയ്യെയാ തല്ലീത്..!”
അങ്ങനെ ഒരു വര്‍ഷം ഏതാണ്ട് കഴിയാറായി. വെക്കേഷന്‍ ആയി. വീണ്ടുമൊരിക്കല്‍ രമണിയേച്ചി (ചിക്കൂട്ടീടെ അമ്മ) എന്റെ വീട്ടില്‍ വന്നു. ഇത്തവണ അവള്‍ കൂടെയില്ലായിരുന്നു.
“ചേച്ചീ, ഞങ്ങള്‍ പോകുവാ... ചേട്ടന് നാട്ടിലേക്ക് തന്നെ സ്ഥലം മാറ്റം കിട്ടി...!”
“ആണോ... നന്നായി...! എന്നാലും ഇത്ര പെട്ടെന്ന്...”
“ഏയ് അല്ല, ഇവിടെ വന്നപ്പോള്‍ മുതല്‍ ചേട്ടന്‍ നോക്കുന്നതാ..! ഇപ്പോഴാ ശരിയായത്...!”
അതിനുശേഷം ഒരാഴ്‌ച കൂടിയേ അവര്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീടൊരിക്കല്‍ കൂടി രമണിയേച്ചി വീട്ടില്‍ വന്നിരുന്നു, ചിക്കൂട്ടിയേം കൂട്ടി. യാത്ര പറയാനായി. അമ്മയുമായി രമണിയേച്ചി നല്ല അടുപ്പത്തിലായിരുന്നതുകൊണ്ട് അമ്മ ഇത്തിരി വിഷമത്തോടെയായിരുന്നു അവരെ യാത്രയാക്കിയത്. അവളാണേലും ആദ്യം കാണുമ്പോഴുള്ള ഉത്സാഹമൊന്നുമില്ലാത്തതുപോലെയായിരുന്നു ഇത്തവണ. എനിക്കിഷ്‌ടപ്പെട്ട മോരുകറിയും മീന്‍വറുത്തതുമൊക്കെ ഉണ്ടായിരുന്നിട്ടും അന്ന് വൈകിട്ട് എനിക്ക് വിശപ്പില്ലായിരുന്നു. അന്ന് മാത്രമല്ല, അത് കഴിഞ്ഞ് ഏതാണ്ട് ഒരാഴ്‌ച കാലത്തോളം ഞാനും ആകെ മൂഡോഫായിരുന്നു. ഒടുവില്‍ സിബിയുടേയും സിന്ധുവിന്റെയും സുജയുടേതുമായ പഴയ ഗ്യാങ്ങിലേക്ക് തിരിച്ചെത്തുന്നതുവരെ!
ഇരുപത്തിനാല് വര്‍ഷം കഴിഞ്ഞ് ഇതെഴുതുമ്പോള്‍ ചിക്കൂട്ടി ഇപ്പോള്‍ എങ്ങിനെയാണെന്നോ എവിടെയുണ്ടെന്നോ എന്തുചെയ്യുകയാണെന്നോ ഒന്നും എനിക്കറിയില്ല. അന്ന് പോയതിനുശേഷം അവരെയാരെപ്പറ്റിയും ഒരു വിവരവുമില്ലായിരുന്നു. ഇപ്പോള്‍ ഒരു പക്ഷെ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ഒന്നോ രണ്ടോ കുട്ടികളെയും കളിപ്പിച്ച് കെട്ടിയവന് ഭക്ഷണവും ഉണ്ടാക്കിക്കൊടുത്ത് നല്ലൊരു വീട്ടമ്മയായി കഴിയുകയായിരിക്കും. ഒരിക്കല്‍ കൂടി അവളെ കാണണമെന്നുണ്ട്. സാധിക്കുമോ എന്നറിയില്ല. എന്നെ കണ്ടാല്‍ അവളോ അവളെ കണ്ടാല്‍ ഞാനോ തിരിച്ചറിയാനും വഴിയില്ല. എന്റെ മനസ്സിലിപ്പോഴും വലിയ കണ്ണുകളുള്ള മുമ്പിലേക്ക് നീണ്ട ചുരുണ്ട മുടിയുള്ള കിലുകിലാന്ന് വര്‍ത്തമാനം പറയുന്ന ചിക്കൂട്ടിയുടെ മുഖമേയുള്ളൂ. എങ്കിലും....
*കൊരണ്ടിപ്പലക - സ്‌റ്റൂളിന്റെ ചെറിയ രൂപം. തറയില്‍ നിന്നും ഒന്നോ രണ്ടോ ഇഞ്ച് മാത്രം ഉയരത്തിലായി സ്ഥിതി ചെയ്യുന്ന പലകയില്‍ ചെറിയ നാലു് കാലും പിടിപ്പിച്ച ഒരു തരം ഇരിപ്പിടം. നാട്ടിന്‍പുറത്തെ പല വീടുകളിലും ഇന്നും ഇവ കാണാം.
Showing posts with label ചിക്കൂട്ടി. Show all posts
Showing posts with label ചിക്കൂട്ടി. Show all posts
Tuesday, July 10, 2007
Subscribe to:
Posts (Atom)