Thursday, July 19, 2007

മഹേഷും ചില ഓര്‍മ്മകളും...

എനിക്കൊരു കൂട്ടുകാരനുണ്ട്, പേര്.. തല്‍ക്കാലം നമുക്കവനെ മഹേഷ് എന്നുവിളിക്കാം. എന്റെ കൂടെ മുമ്പ് ജോലിചെയ്‌തിരുന്നവന്‍. ഇപ്പോള്‍ ഭാര്യയും കുഞ്ഞുമായി ഒരു വിദേശരാജ്യത്ത് സ്ഥിരതാമസമാക്കിയവന്‍. ദീപയുടെ ഇട്ടന്‍സിന്റെ കഥ വായിച്ചപ്പോള്‍ അവനെക്കുറിച്ചും എഴുതിയാലോയെന്ന് തോന്നി. അതുകൊണ്ടെഴുതുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ ഇതിലെ കഥാപാത്രങ്ങളുടെ പേരൊക്കെ ഒന്ന് മാറ്റിയിട്ടുണ്ട്.

ഞാന്‍ ആ കമ്പനിയില്‍ വരുന്നതിനു് വളരെ മുമ്പുതന്നെ മഹേഷ് അവിടെ ഉണ്ടായിരുന്നു. കമ്പനി വക അപ്പാര്‍ട്ട്മെന്റില്‍ ഒരുമിച്ചുള്ള താമസം മൂലം ഞാനും മഹേഷുമായി നല്ല അടുപ്പത്തിലുമായിരുന്നു. മഹേഷിനെപ്പറ്റി എഴുതാനാണെങ്കില്‍ കുറെയേറെയുണ്ട്. ഇതില്‍ ചിലതൊക്കെ ചിരിക്കാന്‍ വക നല്‍കുന്നവയെങ്കിലും മറ്റുചിലത് മനസ്സിനെ നൊമ്പരപ്പെടുത്താന്‍ പര്യാപ്തമായവയുമായിരുന്നു. ഓരോന്നായി പറയാം.

• ഹരിമുരളീരവം

“ആറാം തമ്പുരാന്‍” റിലീസായ സമയം. ഹരിമുരളീരവമൊക്കെ കേട്ട് സംഗീതം തലയ്‌ക്ക് പിടിച്ച മഹേഷിനും ഒരാഗ്രഹം. എന്തുകൊണ്ട് തനിക്കും സംഗീതം പഠിച്ചുകൂടാ..? ഈ മോഹവുമായി ചെന്നുകേറുവാനായി സിംഹത്തിന്റെ മടയൊന്നും അടുത്തില്ലാത്തതിനാല്‍, ആരോ പറഞ്ഞതനുസരിച്ച് അതിരാവിലെ സാധകം ചെയ്‌ത് സ്വയം പഠിക്കുവാന്‍ തന്നെ ആശാന്‍ തീരുമാനിച്ചു. മിക്കവാറും വളരെ വൈകി ഓഫീസിലിരുന്നും ചില ദിവസങ്ങളില്‍ അവിടെ തന്നെ കിടന്നുറങ്ങിയും ശീലിച്ചിരുന്നതുകൊണ്ട് ഈയുള്ളവന് മഹേഷിന്റെ സംഗീതപഠനം ആസ്വദിക്കുവാന്‍ വളരെ കുറച്ച് അവസരങ്ങളേ കിട്ടിയിരുന്നുള്ളൂ. ദോഷം പറയരുതല്ലോ, ലെവന്‍ പാടാന്‍ തുടങ്ങിയാല്‍ ഇന്നേവരെ ഒരു സീരിയല്‍ പോലും കാണാത്ത, സീരിയല്‍ കണ്ടു് മൂക്കും പിഴിഞ്ഞിരിക്കുന്ന പെണ്ണുമ്പിള്ളയെ വഴക്കുപറയുന്ന, അയല്‍‌പക്കത്തെ ചേട്ടന്മാര്‍ പോലും ടി.വി. ഫുള്‍ വോളിയത്തിലിട്ട് സീരിയല്‍ കാണും..! ലെവന്റെ താളബോധമാണെങ്കില്‍ പറയുകയും വേണ്ട, കൂട്ടുകാര്‍ ചേര്‍ന്ന് ഒരുമിച്ച് കൈകൊട്ടി ഒരു പാട്ട് പാടിയാല്‍ കൂടെയുള്ള മറ്റാരെക്കാലും അഞ്ചാറ്‌ കൊട്ടെങ്കിലും കൂടുതല്‍ മഹേഷ് കൊട്ടിയിരിക്കും..! അഞ്ചാറ് കൊട്ട് കൂടുതല്‍ കൊട്ടിയാലെന്താ, കുറഞ്ഞുപോയീന്ന് ആരും കുറ്റം പറയില്ലല്ലോ..!

ആയിടയ്‌ക്ക് ഒരു ദിവസം രാത്രി വല്ലാതെ വൈകി ഓഫീസിലിരിക്കേണ്ടിവന്നതുകൊണ്ട് എന്റെ പ്രൊജക്റ്റ് ലീഡര്‍ ദേവേട്ടന് സ്വന്തം വീട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. കമ്പനിയില്‍ കിടന്നുറങ്ങാമെന്നുവെച്ചാല്‍ ആശാന് കൊതുകുകടി കൊണ്ടൊന്നും അങ്ങനെ ശീലമില്ല താനും. സാരമില്ല, കമ്പനിയുടെ അപ്പാര്‍ട്ട്മെന്റുണ്ടല്ലോ എന്നുകരുതി നട്ടപ്പാതിരയ്‌ക്ക് നേരെ എന്റെ കൂടെ അപ്പാര്‍ട്ട്മെന്റിലേക്ക് വിട്ടു. മഹേഷ് ഉറങ്ങാനൊരുങ്ങുമ്പോഴാണ് ആശാന്റെ ആഗമനം. ഇനി ദേവേട്ടനെപ്പറ്റിയും രണ്ടുവാക്ക്. നല്ല സംഗീതബോധമുള്ള, ഗിറ്റാറും വയലിനും അത്യാവശ്യം കീബോര്‍ഡും വലിയ കുഴപ്പമില്ലാതെ കൈകാര്യം ചെയ്യാനറിയാവുന്ന ഒരു പാ‍വം മനുഷ്യന്‍. മഹേഷിന് ആനന്ദലബ്‌ധിക്കിനിയെന്തുവേണം..? സംഗീതബോധമില്ലാത്ത ആരും കൂടെയില്ലാത്തതിന്റെ വിഷമം അവനല്ലേ അറിയൂ..! ഒരു ദിവസമെങ്കില്‍ ഒരു ദിവസം, സംഗീതം ആസ്വദിക്കാന്‍ കഴിയുന്ന ഒരാളെ കൂടെ കിട്ടിയല്ലോ..! നാളത്തെ സാധകം തകര്‍ക്കണം. മഹേഷ് മനസ്സിലുറപ്പിച്ചു.

പിറ്റേന്ന് അതിരാവിലെ നാലുമണിയോടുകൂടി മഹേഷ് സാധകകലാപരിപാടികള്‍ തുടങ്ങി. രാവിലെ കുളിച്ചുകുറിയിട്ട്, കിടക്കപ്പായയില്‍ ചമ്രം പടിഞ്ഞിരുന്ന് സരസ്വതിയെ മനസ്സില്‍ ധ്യാനിച്ച് തുടങ്ങി...

“ആ‍ാ...........ആ... ആ... ആ... ആ...”

ആദ്യം നീട്ടിയൊരു ആ. അതിനുസപ്പോര്‍ട്ടായി പിറകെ തലങ്ങും വിലങ്ങും ഒരു മൂന്നുനാലെണ്ണം കൂടി. ഒരു വഴിക്ക് പോകുവല്ലേ, ഇരിക്കട്ടെ എന്നുകരുതിക്കാണും..! ഇടതുകൈകൊണ്ട് തുടയില്‍ താളമൊക്കെ പിടിച്ച് വലതുകൈ കൊണ്ട് , ഈച്ചയാട്ടുന്നതുപോലെയും തട്ടുകടക്കാരന്‍ ഓം‌ലെറ്റ് മറിച്ചിടുന്ന പോലെയും കൊതുകിനെ കൈനീട്ടിപ്പിടിക്കുന്നതുപോലെയുമൊക്കെയുള്ള അംഗവിക്ഷേപങ്ങളോടെയാണ് സാധകം. അധികനേരം കഴിഞ്ഞില്ല, ദേവേട്ടന്‍ കിടന്നിരുന്ന മുറിയുടെ വാതില്‍ പതിയെ തുറന്നു. മഹേഷ് കാത്തിരുന്നതും അതുതന്നെ. ദേവേട്ടന്‍ വാതില്‍പ്പടിയില്‍ ചാരി, ഒരു കൈ എളിയില്‍ കുത്തി, ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്‌ണനെപ്പോലെ കാലുകള്‍ പിണച്ചുവെച്ച് നിന്ന്‌, മറുകൈ കൊണ്ട് താടിയും തടവി സാധകം ആസ്വദിച്ചുതുടങ്ങി. മഹേഷിന് ഉത്സാഹമേറി. ഈച്ചയാട്ടലും കൊതുകുപിടുത്തവുമൊക്കെ വേഗത്തിലായി, അകമ്പടിയായി വന്നിരുന്ന ‘ആ’യുടെ കൂടെ സാരിയും ഗാമയുമൊക്കെ വന്നുതുടങ്ങി. ഇത്തിരി നേരം കഴിഞ്ഞ് മഹേഷ് ഒന്നുനിര്‍ത്തി എങ്ങനെയുണ്ട് എന്ന അര്‍ത്ഥത്തില്‍ ദേവേട്ടനെ ഒന്ന് നോക്കി. മഹേഷിനെത്തന്നെ നോക്കിനില്‍ക്കുന്ന ദേവേട്ടന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല. ഇത്തിരി കഴിഞ്ഞ് സാധകത്തിന്റെ രണ്ടാംഭാഗത്തിനായി തയ്യാറെടുത്തുവരുന്ന മഹേഷിനെ ദേവേട്ടന്‍ കൈകാട്ടി വിളിച്ചു. മഹേഷ് ഓടി അടുത്തുചെന്നു.

“അതേയ്, മഹേഷേ... മഹേഷ് പാടുമ്പോള്‍ ഇങ്ങനെ ഒറ്റക്കിരുന്ന് പാടരുത്. ഇതൊക്കെ റെക്കോര്‍ഡ് ചെയ്‌തുവെക്കൂ...!”
“അത്... ദേവേട്ടാ... ഞാന്‍...” ഹൃദയത്തില്‍ നിന്നും പുറത്തുവന്ന ആ പ്രശംസയില്‍ മഹേഷ് ഗദ്‌ഗദകണ്ഠനായി... ഒന്ന് മുരടനക്കി കണ്ഠശുദ്ധി വരുത്തി മഹേഷ് മനസിലോര്‍ത്തു, അപ്പോള്‍ സംഗീതം ആസ്വദിക്കുവാന്‍ കഴിവുള്ളവരും ഉണ്ട്...!

ദേവേട്ടന്‍ തുടര്‍ന്നു...

“ഇതൊക്കെ റെക്കോര്‍ഡ് ചെയ്‌ത് വെച്ചിട്ട്, ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ഹെഡ്‌ഫോണും വെച്ച് നീ തന്നെ കേട്ടുനോക്കണം..”

ഇതോടുകുടി ദേവേട്ടന്റെ ഭാവം മാറി. കുറച്ചുകൂടി ഉറക്കെ, മുഖമൊക്കെ ചുവപ്പിച്ച് മഹേഷിനെ തറപ്പിച്ച് നോക്കി, ചൂണ്ടുവിരല്‍ അവന്റെ കണ്ണിനുനേരെ ഉയര്‍ത്തിപ്പിടിച്ച് ദേവേട്ടന്‍ തുടര്‍ന്നു.

“എന്നാലേ ബാക്കിയുള്ളവരോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് നീയൊക്കെ അറിയൂ...! പോയിക്കെടന്നുറങ്ങാന്‍ നോക്കെടാ..! ഒരു മുത്തുസ്വാമിദീക്ഷിതര്‍ വന്നിരിക്കുന്നു..! നട്ടപ്പാതിരയ്‌ക്ക് ചെവിതലകേള്‍പ്പിക്കേലെന്ന് വെച്ചാല്‍...?”

ഇതും പറഞ്ഞ് ദേവേട്ടന്‍ വെട്ടിത്തിരിഞ്ഞ് സ്വന്തം മുറിയിലേക്ക് പോയപ്പോള്‍ പിറകില്‍ കൊട്ടിയടയ്‌ക്കപ്പെട്ടത് ആ മുറിയുടെ വാതില്‍ വാതില്‍ മാത്രമായിരുന്നില്ല, ഒരു പക്ഷെ, നാളെ സംഗീതലോകത്തിന് ഒരു വാഗ്‌ദാനമായേക്കാവുന്ന ഒരുവന്റെ സംഗീതലോകത്തേയ്‌ക്കുള്ള വാതായനങ്ങള്‍ കൂടിയായിരുന്നു..!

• ലേഡീസ് സീറ്റ്

അങ്ങനെ സംഗീതപഠനമൊക്കെ നിര്‍ത്തി മഹേഷ് അടങ്ങിയൊതുങ്ങി കഴിയാന്‍ തുടങ്ങി. ഒരിക്കല്‍ ആശാന്‍ ഇത്തിരി ദൂരെയുള്ള ഒരു ബന്ധുവീട്ടിലേക്ക് യാത്ര പോവുകയായിരുന്നു. ബസ്സില്‍ കയറി നോക്കിയപ്പോള്‍ സീറ്റെല്ലാം ഫില്ലായി. ആകെ ഒരു സീറ്റുണ്ട്, അതൊരു ലേഡീസ് സീറ്റ്. മാത്രവുമല്ല, രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ നിലവില്‍ ഒരു പെണ്‍‌കുട്ടി ഇരിക്കുന്നുമുണ്ട്. ബസ്സിലെ ബാക്കി യാത്രക്കാരൊക്കെ ഇരിക്കുകയാണ്. മഹേഷ് ആ ഒഴിവുള്ള സീറ്റിന്റെയരികില്‍ കുറച്ചുനേരം ചുറ്റിപ്പറ്റി നിന്നു. എന്നിട്ട് ആ പെണ്‍കുട്ടിയെ ആകമാനമൊന്ന് നോക്കി. ഏതോ ജ്വല്ലറിയുടെ പരസ്യമെന്നവണ്ണം കയ്യിലും കഴുത്തിലുമൊക്കെ സ്വര്‍ണ്ണം വാരിപ്പൂശിയ ഒരു പെണ്‍‌കുട്ടി. കല്യാണം കഴിഞ്ഞിട്ട് അധികകാലമായില്ലെന്ന് തോന്നുന്നു. മഹേഷിന്റെ തുടരെത്തുടരെയുള്ള നോട്ടം കണ്ടിട്ടാവണം ആ കുട്ടി പിറകിലേക്കൊന്ന് തിരിഞ്ഞുനോക്കി. ഇത്തിരി മാറി ആരോടോ വര്‍ത്തമാനം പറഞ്ഞുകൊണ്ട് പിറകിലിരുന്ന ആ കുട്ടിയുടെ ഭര്‍ത്താവ് മഹേഷിനോട് കൈകൊണ്ട് ആംഗ്യം കാണിച്ചു, താനവിടെ ഇരുന്നോളൂ എന്ന അര്‍ത്ഥത്തില്‍. ഒരു ദീര്‍ഘശ്വാസത്തോടെ മഹേഷ് അവിടിരുന്നു.

പെണ്‍കുട്ടിയാണെങ്കില്‍, കാണാന്‍ വലിയ തരക്കേടൊന്നുമില്ലാത്ത കൊച്ച്. സീറ്റിലിരുന്നെങ്കിലും മഹേഷ് ഇടയ്‌ക്കിടെ അവളെ നോക്കിക്കൊണ്ടിരുന്നു. മഹേഷിന്റെ നോട്ടത്തെക്കുറിച്ച് രണ്ടുവാക്കുകൂടി പറഞ്ഞോട്ടെ. മഹേഷിന്റെ നോട്ടം കൂട്ടുകാരുടെയിടയില്‍ കുപ്രസിദ്ധമാണ്. ഒളിഞ്ഞുനോട്ടമൊന്നുമില്ലാത്ത ഒരു ശുദ്ധനാണ് മഹേഷ്. നോക്കണമെന്ന് തോന്നിയാല്‍ നേരെ നോക്കും. അവന്റെ നോട്ടം കണ്ടാല്‍ ആമ്പിള്ളേര്‍ പോലും ഷര്‍ട്ടിന്റെ കോളര്‍ ഒന്ന് വലിച്ച് നേരെയിടും. ഇമ്മാതിരി നോട്ടമാണ് ആ പെണ്‍‌കുട്ടിയേയും നോക്കിക്കൊണ്ടിരുന്നത്. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അസ്വസ്ഥതയോടുകൂടി പെണ്‍‌കുട്ടി ഇടയ്‌ക്കിടെ പിറകിലേക്ക് തിരിഞ്ഞുനോക്കിത്തുടങ്ങി. ഇതൊക്കെ മഹേഷ് കാണുന്നുണ്ടായിരുന്നെങ്കിലും വലിയ കാര്യമാക്കിയില്ല. അല്‍പ്പസമയം കഴിഞ്ഞ് പെണ്‍‌‌കുട്ടി ഒന്ന് വെട്ടിത്തിരിഞ്ഞ് പിറകിലേക്ക് നോക്കിയതും പിറകില്‍ നിന്ന് കൈകൊട്ടുന്നൊരു ശബ്‌ദം കേട്ടു.

“എടോ, താനിങ്ങുപോരേ... ഇവിടിരുന്നോ..! ഞാനവിടെ ഇരുന്നോളാം..!”

അതെ, പെണ്‍‌കുട്ടിയുടെ കെട്ടിയവനാണ്. മഹേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍, കൂട്ടുകാരനോ മറ്റോ ആയി അവിടെ നടത്തിക്കൊണ്ടിരുന്ന അയാളുടെ സംസാരം അവസാനിച്ചതുകൊണ്ട്, ഇനി ഭാര്യയുടെ കൂടെത്തന്നെ ഇരിക്കമെന്നുകരുതിയാണ് അയാള്‍ അങ്ങനെ പറഞ്ഞത്. പക്ഷെ, ഇത്തിരി വിളറിയ മുഖവുമായി എഴുന്നേറ്റ് പിറകിലേക്ക് നടന്നുപോകുന്ന മഹേഷിനെ കണ്ട് ബസ്സിലെ മറ്റുയാത്രക്കാര്‍ അടക്കം പറഞ്ഞതും ചിരിച്ചതുമെന്തിനാണാവോ..?

• മണ്ണും ചാരി നിന്നവന്‍

ആയിടയ്‌ക്കാണ് ജേക്കബ് എന്നൊരു കക്ഷി പുതുതായി കമ്പനിയില്‍ ജോയിന്‍ ചെയ്‌തത്. ഈ ജേക്കബ്ബും ഈയുള്ളവനും ഐശ്വര്യ എന്നൊരു കുട്ടിയും ഒരുമിച്ച് ഒരു പ്രൊജക്റ്റിലായിരുന്നു കുറെ കാലം. ഏതാണ്ട് രണ്ടുവര്‍ഷത്തോളം. എന്നും രാവിലെ കസ്റ്റമര്‍ സൈറ്റിലേക്ക് മൂന്നുപേരും പോകും. വൈകിട്ട് ഒരുമിച്ച് തിരിച്ചുവരും. ഐശ്വര്യയെക്കുറിച്ചും രണ്ടു് വാക്ക്. മഹേഷിന്റെ പഴയ ക്ലാസ്‌മേറ്റായിരുന്ന ഐശ്വര്യ, പഠനമൊക്കെ കഴിഞ്ഞ് വീട്ടില്‍ വെറുതെ പരദൂഷണവും പറഞ്ഞിരിക്കുമ്പോഴാണ് മഹേഷ് താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു ജോലി തരപ്പെടുത്തിത്തരാമെന്ന് ഓഫര്‍ കൊടുക്കുന്നത്. കമ്പനിയില്‍ ഒരു വേക്കന്‍സി വന്നപ്പോള്‍ മഹേഷ് ഐശ്വര്യയുടെ കാര്യം പറയുകയും, മഹേഷിന്റെ സീനിയോരിറ്റിയും ജോലിയിലെ സാമര്‍ത്ഥ്യവും കാരണം മഹേഷ് നിര്‍ദ്ദേശിക്കുന്ന ഒരാളെ കമ്പനിയ്‌ക്ക് അത്രയെളുപ്പം തഴയാന്‍ സാധിക്കാത്തതുകൊണ്ട് ഐശ്വര്യയെ കമ്പനിയില്‍ ജോലിക്കെടുക്കുകയും ചെയ്‌തു.

നന്നായി സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു ഐശ്വര്യ. സിസ്റ്റം സ്റ്റഡി എന്ന പേരില്‍ നടത്തിയിരുന്ന ഡിസ്‌ക്കഷനും സോഫ്റ്റ്വെയര്‍ ഡിസൈനുമൊക്കെ പലപ്പോഴും ജേക്കബ്ബും ഐശ്വര്യയും തമ്മിലുള്ള ഒച്ചപ്പാടിലും ബഹളത്തിലുമായിരുന്നു അവസാനിച്ചിരുന്നത്. ഈയുള്ളവന്റെ റോള്‍ ഇരുവരുടേയുമിടയില്‍ മാധ്യസ്ഥം പറയുക എന്നതിലേക്ക് എപ്പോഴോ മാറ്റപ്പെട്ടു. ജേക്കബ്ബാണെങ്കില്‍ സംശയത്തിന്റെ ആശാന്‍. പെട്രോള്‍ വില കൂടിയാല്‍ സമൂഹത്തിലെ അത്താഴപ്പട്ടിണിക്കാരനെ അതെങ്ങനെ ബാധിക്കും എന്ന് ജേക്കബ്ബിനോട് ചോദിച്ചാല്‍, ഈ പറയുന്ന അത്താഴപ്പട്ടിണിക്കാരന് വഴിയില്‍ കിടന്ന് മാവേലി ലോട്ടറിട്ടിക്കറ്റ് കിട്ടുകയും, അതിന് ഒന്നാം സമ്മാനമായി മാരുതിക്കാര്‍ ലഭിക്കുകയും ചെയ്‌താല്‍ അതിന് പെട്രോളൊഴിക്കാന്‍ നേരത്ത് അവനെയും ഈ വിലക്കയറ്റം ബാധിക്കും എന്ന് പറയുന്ന ഇനമാണ് ജേക്കബ്ബ്. ഇതിന്റെ പരിഹാരം ചോദിച്ചാല്‍ ആ കാറുവിറ്റ് ഒരു ഡീസല്‍ ജീപ്പുവാങ്ങിയാല്‍ പോരേയെന്ന് ചോദിക്കുന്ന ഇനമായിരുന്നു ഐശ്വര്യയും.

ഈ കാലഘട്ടത്തിനിടയിലെപ്പോഴോ ജേക്കബ്ബിന്റെയുള്ളില്‍ ഐശ്വര്യയോടൊരു ഇഷ്‌ടമൊക്കെ തോന്നിത്തുടങ്ങി. ഇഷ്‌ടമെന്നുവെച്ചാല്‍ ഇത്തിരി സീരിയസായ ഇഷ്‌ടം. ഇഷ്‌ടന് ഈ ഇഷ്‌ടം ഇഷ്‌ടക്കാരിയോട് നേരിട്ടുപറയാനൊരു പേടിയും. അവള്‍ക്ക് തന്നോട് ഇഷ്‌ടമുണ്ടോയെന്നറിഞ്ഞിട്ട് പറയാം എന്ന്‌ ജേക്കബ്ബ് തീരുമാനിച്ചു. ഇനി അവളോട് ഇക്കാര്യം ചോദിക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്തണം. ഈയുള്ളവനോട് ഇക്കാര്യം പറഞ്ഞപ്പോള്‍, നാക്കിനെല്ലില്ലാത്തവളാണ് ഐശ്വര്യ എന്ന സഹപ്രവര്‍ത്തകരുടെ സംസാരത്തില്‍ കഴമ്പില്ലാതില്ല എന്ന് ശരിക്കറിയാവുന്നതുകൊണ്ടും നല്ലൊന്നന്തരം നാടന്‍ തല്ല് നാട്ടില്‍ കിട്ടുമ്പോല്‍ എന്തിനാ ഇവിടെ വന്ന് തല്ലുകൊള്ളുന്നതെന്ന തിരിച്ചറിവുള്ളതുകൊണ്ടും ഈയുള്ളവന്‍ കൈമലര്‍ത്തി. ഒടുവില്‍ ജേക്കബ്ബ് തന്നെ ആളെ തപ്പിയെടുത്തു. വേറാരുമല്ല, നമ്മുടെ കഥാനായകന്‍ മഹേഷ് ആയിരുന്നു ഹംസവേഷമണിയാന്‍ നിയോഗിക്കപ്പെട്ടവന്‍.

കാര്യം മഹേഷിനെ അറിയിച്ചപ്പോള്‍ മഹേഷ് സന്തോഷത്തോടെ സമ്മതിച്ചു. അച്ചായന്‍ വിഷമിക്കണ്ട, ഇതെനിക്ക് വിട്ടേക്ക് എന്നൊരു ഡയലോഗും കാച്ചി. ജേക്കബ്ബ് ഹാപ്പി. പിന്നീട് ആഴ്‌ചയിലൊരിക്കലെങ്കിലും അച്ചായനേയും കൂട്ടി സ്റ്റാറ്റസ് അപ്‌ഡേഷന്‍ എന്ന വ്യാജേന ചുവന്ന വെളിച്ചത്തിലിരുന്ന് അത്താഴം കഴിക്കുന്നത് മഹേഷ് ഒരു ശീലമാക്കി. അങ്ങനെ മാസം രണ്ടുമൂന്ന് കഴിഞ്ഞു. മഹേഷും ഐശ്വര്യയും ഇടയ്‌ക്കിടെ മാറിനിന്ന് സംസാരിക്കുന്നതൊക്കെ കാണാറുണ്ടായിരുന്ന അച്ചായന്‍ ഉള്ളില്‍ സന്തോഷിച്ചു. എന്തായാലും ഇവന്‍ കാര്യങ്ങള്‍ക്കൊരു നീക്കുപോക്കുണ്ടാക്കിത്തരും. പക്ഷെ, ഒരിക്കല്‍ മഹേഷും ഐശ്വര്യയും ഒരുമിച്ച് പതിവിലുമധികം സന്തോഷത്തോടെ സംസാരിച്ചുകൊണ്ടുവരുന്നതു് കണ്ടപ്പോള്‍ അച്ചായനൊരു സംശയം. എവന്‍ തന്റെ കാര്യമൊന്നും പറയുന്നില്ലേ ? തന്നെ അവളൊന്ന് മൈന്‍ഡ് ചെയ്യുകപോലും ചെയ്‌തില്ലല്ലോ..! എന്തായാലും ആ വാരാന്ത്യത്തിലെ ചുവന്ന വെളിച്ചത്തിലെ അത്താഴവേളയില്‍ കാര്യങ്ങള്‍ എവിടെവരെയായി എന്ന് മഹേഷിനെക്കൊണ്ട് പറയിപ്പിക്കാമെന്നുതന്നെ അച്ചായന്‍ ഉറപ്പിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി.

“ജേക്കബ്ബേ, നിനക്കറിയ്യോ... എവളില്ലേ... എവളെന്റെ കൂടെ പഠിച്ചതാ... പണ്ട്..”
“അതെനിക്കറിയാല്ലോ മഹേഷേ.. അതുകൊണ്ടല്ലേ മഹേഷിനെത്തന്നെ ഇക്കാര്യം ഏല്‍പ്പിച്ചത്..?”
“ങും... അന്നൊരിക്കല്‍ എനിക്കവളെ ഇഷ്ടമാണെന്ന് ഞാനവളോട് പറഞ്ഞാരുന്നു...!”

ങ്ഹേ..! അച്ചായന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി.

“ങ്ഹും, എന്നിട്ട്..?”
“അന്നവള്‍ എന്നോട് പറഞ്ഞതെന്താന്നറിയ്യോ..? ഈ കട്ടിലു് കണ്ട് പനിക്കണ്ടാന്ന്...! ഇവളെത്തന്നെ ജേക്കബ്ബിന് വേണോ..?”

ഹോ, സമാധാനമായി. മുമ്പില്‍ സോഡാ ചേര്‍ത്ത് വച്ചിരുന്നത് ഒറ്റവലിക്ക് വീശി, അടുത്ത പെഗ്ഗ് ഗ്ലാസിലേക്കൊഴിച്ചുകൊണ്ട് അച്ചായന്‍ പറഞ്ഞു.

“അത് സാരമില്ല മഹേഷേ... പഠിക്കുന്ന കാലത്ത് നമ്മളെന്തൊക്കെ പറയാറുണ്ട്..? അതൊക്കെ കുറെ കഴിയുമ്പോള്‍ നമ്മളൊക്കെ മറക്കില്ലേ..?”
“മറക്കുവാരിക്കും, പക്ഷേ...”
“പക്ഷേ...?”
“ഇപ്പോ അവള് പറയുന്നു അവള്‍ക്കന്നുതൊട്ട് എന്നെ ഇഷ്‌ടമായിരുന്നൂന്ന്...!”

അച്ചായന്‍ മൌനം. നേരത്തെ മുമ്പിലൊഴിച്ചുവെച്ചത് ഒറ്റവലിയ്‌ക്ക്കത്താക്കി. ഇത്തവണ സോഡയൊന്നും ഒഴിക്കാന്‍ നിന്നില്ല. എന്തിനാ വെറുതെ സോഡയൊക്കെ ഒഴിച്ച് സമയം കളയുന്നതെന്ന് കരുതിക്കാണും...

ബാക്കി ഊഹിക്കാമല്ലോ. അച്ചായന്‍ പതിയെ സ്‌ക്രീനില്‍ നിന്നും ഔട്ട്. മഹേഷ് - ഐശ്വര്യ ബന്ധം പൂര്‍വ്വാധികം ശക്തമായി. അല്ലറചില്ലറ വിവാദങ്ങള്‍ക്കൊടുവില്‍ മഹേഷ് ഐശ്വര്യയെ വിവാഹം കഴിച്ചു. ഐശ്വര്യയെ വിവാഹം കഴിച്ചതിനുശേഷം മഹേഷിന് നല്ല കാലമായിരുന്നു. ഒരു വിദേശകമ്പനിയില്‍ ജോലി കിട്ടി. ഐശ്വര്യയുമായി ഐശ്വര്യമായി വിദേശത്തേക്ക് പറന്നു. ഇപ്പോള്‍ ഒരു കുട്ടിയുമായി സസുഖം വാഴുന്നു. അച്ചായനോ..? പുരനിറഞ്ഞ്, അതും കഴിഞ്ഞ് പഞ്ചായത്തും നിറഞ്ഞുതുടങ്ങിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും കൂടി തകൃതിയായി പെണ്ണാലോചിച്ചുതുടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ആ... ആര്‍ക്കറിയാം..?

• മുഖം മനസ്സിന്റെ കണ്ണാടി ?

ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ മഹേഷിന്റെ വിശ്വവിഖ്യാതമായ നോട്ടത്തെപ്പറ്റി. നോട്ടം മാത്രമല്ല, ഐശ്വര്യയ്‌ക്കെന്നപോലെ മഹേഷിന്റെ നാക്കിനും ഒരു ലൈസന്‍‌സുമില്ലായിരുന്നു. ഒരിക്കല്‍ മഹേഷ് വഴിയില്‍ വെച്ച് എതിരെ വന്ന ഒരു പെണ്‍‌കുട്ടിയെപ്പറ്റി “നല്ല“ എന്തോ അഭിപ്രായം പറഞ്ഞതിന് (കമന്റടിച്ചു എന്ന് ആംഗലേയത്തില്‍ പറയാം) ആ കുട്ടി തിരിഞ്ഞുനിന്ന്, “നിനക്കൊന്നും വീട്ടില്‍ അമ്മേം പെങ്ങമ്മാരുമൊന്നുമില്ലേടാ” എന്നു് ചോദിച്ചതിന്, “ശ്ശെ, അതൊക്കെ മോശമല്ലേ..? അവരോട് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ..?” എന്ന് മഹേഷ് തിരിച്ചുചോദിച്ചുവെന്നത് അന്ന് അവന്റെ കൂടെയുണ്ടായിരുന്നവര്‍ കമ്പനിയില്‍ വന്ന് വിളമ്പിയിരുന്നു. മഹേഷിനോട് ചോദിച്ചപ്പോള്‍ അവന്‍ നിഷേധിക്കാനും പോയില്ല. അവനങ്ങനെയാ, ലീഡര്‍ കാണിക്കുന്നതുപോലെ “ആരുപറഞ്ഞു? എപ്പോള്‍ പറഞ്ഞു? എന്തിന് പറഞ്ഞു? ഞാനങ്ങനെ പറഞ്ഞിട്ടേയില്ല!” എന്ന ഉത്തരം പ്രതീക്ഷിച്ച് അവന്റെയടുത്ത് ചെന്നാല്‍ നിരാശയാവും ഫലം.!

പിന്നീടൊരിക്കല്‍ക്കൂടി അമ്മ പെങ്ങന്മാരെപ്പറ്റിയുള്ള ഇത്തരമൊരു “അന്വേഷണം” അവനു് കിട്ടി. ഇത്തവണ കമ്പനിയില്‍ വെച്ചുതന്നെയായിരുന്നു. അതും പുതുതായി ജോയിന്‍ ചെയ്‌ത ഒരു ചേച്ചിയില്‍ നിന്നും. മഹേഷിന്റെ നിഷ്‌കളങ്കമായ മറുപടി ഇങ്ങനെ :

“ഇതാ എനിക്ക് മനസ്സിലാകാത്തത്..! എല്ലാവരും ഇങ്ങനെ തന്നെയാ തിരിച്ചുചോദിക്കുന്നത്..! എന്തിനാണാവോ..?”

ആയിടയ്‌ക്കാണ് പെട്ടെന്നൊരു ദിവസം ഞങ്ങള്‍ക്കൊരു വാര്‍ത്ത കിട്ടുന്നത്. മഹേഷിന്റെ അമ്മയ്‌ക്ക് അസുഖം കൂടുതലാണ്. ക്യാന്‍‌സര്‍ ആയി കുറെ നാളായി കിടപ്പിലായിരുന്നുവത്രേ! ഇതൊന്നും ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നില്ല. ഞങ്ങളോടൊന്നും അവന്‍ പറഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം. വിവരമറിഞ്ഞ ഞങ്ങള്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്‌ച! അമ്മ കട്ടിലില്‍ കിടക്കുന്നു. ക്യാന്‍‌സര്‍ ആ ശരീരത്തിനെ വല്ലാതെ ഉണക്കിയിരുന്നു. ആകെ മെലിഞ്ഞ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു അവര്‍. മഹേഷിന് രണ്ട് ചേട്ടന്മാര്‍. പെങ്ങന്മാരാരുമില്ല. ചേട്ടന്മാര്‍ രണ്ടിനും ജോലിയുള്ളതുകൊണ്ട് ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ വീട്ടുകാര്യങ്ങളൊക്കെ കുറെക്കാലമായി ചെയ്‌തിരുന്നത് അവന്റെ അച്ഛനായിരുന്നു. ഈ പുതിയ അറിവുകള്‍ ഞങ്ങള്‍ക്കൊക്കെ ഒരു ഷോക്കായിരുന്നു. ഞങ്ങള്‍ക്കറിയാവുന്ന മഹേഷിന് ഇങ്ങനെയൊരു കുടുംബപശ്ചാത്തലമുണ്ടെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അധികം താമസിയാതെ അവന്റെ അമ്മ ഈ ലോകത്തോട് യാത്ര പറഞ്ഞു. അന്ന് മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയ ഞങ്ങളോട് തമാശരൂപേണ അവന്‍ പറഞ്ഞു :

“ഇനിയിപ്പോ നിനക്ക് വീട്ടില്‍ അമ്മേം പെങ്ങന്മാരുമൊന്നുമില്ലേടാ എന്നുചോദിക്കുന്നവരോട് ധൈര്യമായി പറയാല്ലോ ഇല്ലാന്ന്...!”

ചുണ്ടില്‍ ഒരു ചിരിയോടുകൂടിയാണ് അവനിതുപറഞ്ഞതെങ്കിലും ആ സമയത്ത് അവന്റെ കണ്ണുകളിലുണ്ടായിരുന്ന വികാരം ഞങ്ങള്‍ക്ക് തിരിച്ചറിയാനായില്ല. പക്ഷെ, നെഞ്ചിലൊരു ഉടക്കുളി കൊളുത്തിവലിച്ചപോലൊരു വേദനയാണ് അവന്റെ ഈ വാചകം ഞങ്ങള്‍ക്ക് സമ്മാനിച്ചത്.
ഒരു വര്‍ഷത്തിനുശേഷം അപ്രതീക്ഷിതമായുണ്ടായ ഒരു ഹൃദയസ്തംഭനം അവന്റെ അച്ഛനെയും ഈ ലോകത്തുനിന്ന് യാത്രയാക്കി. ദൈവത്തിന്റെ വികൃതികള്‍ എന്നല്ലാതെ ഇതിനെ എന്തുവിളിക്കാന്‍..? അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിച്ചിരുന്ന ഞങ്ങളോട് ഇത്തവണയും അവന്‍ പറഞ്ഞ വാചകം ഞങ്ങളെ വേദനിപ്പിച്ചു.

“അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഈ മൂന്ന് തടിമാടന്മാര്‍ക്ക് വെച്ചുണ്ടാക്കിക്കൊടുത്ത് ഞാന്‍ മടുത്തൂന്ന്. ഇനി അച്ഛന് ഞങ്ങള്‍ക്ക് വെച്ചുണ്ടാക്കിത്തരണ്ടല്ലോ?”

മറുപടിയൊന്നുമില്ലാതെ പകച്ചുനിന്ന ഞങ്ങളൊട് അവന്‍ തുടര്‍ന്നു :

“നിനക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേടാ എന്ന് ഇനിയാരേലും ചോദിച്ചാല്‍ അവരോടും പറയാല്ലോ ആരുമില്ലെന്ന്..!”

ഒന്നും മിണ്ടാനാകാതെ തലകുനിച്ചുനില്‍ക്കുവാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.
വിധിയുടെ വിളയാട്ടം അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല. നല്ലൊരു കലാകാരനായിരുന്ന അവന്റെ മൂത്ത ജ്യേഷ്‌ഠനെയും ലുക്കീമിയയുടെ രൂപത്തില്‍ വന്ന് അച്ഛന്റെയും അമ്മയുടേയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതായിരുന്നു അടുത്ത സംഭവം. അതും വിവാഹിതനായി, രണ്ടുവര്‍ഷത്തിനുള്ളില്‍. സ്വന്തം കുഞ്ഞിന്റെ മുഖം ഒരു നോക്കുപോലും കാണാനനുവദിക്കാതെ.. ഈശ്വരാ എന്നുവിളിച്ചുപോകുമ്പോഴും സത്യത്തില്‍ അങ്ങനെയൊന്നുണ്ടോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍.

മഹേഷുമായി ഞാനിപ്പോഴും മെയില്‍ വഴി ബന്ധപ്പെടാറുണ്ട്. നേരത്തെ പറഞ്ഞ ജേക്കബ്ബച്ചായനുമായും. ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന പലര്‍ക്കും ഇങ്ങനെ സ്വകാര്യമായ വിഷമങ്ങള്‍ ഒത്തിരിയുണ്ടാകും. ചിരിക്കുവാനും മറ്റുള്ളവരെ ചിരിപ്പിക്കുവാനും എപ്പോഴും ശ്രമിക്കുന്ന പലരും പലപ്പോഴും സ്വന്തം നൊമ്പരങ്ങള്‍ മൂടിവെക്കുവാനായാണ് ഈ സന്തോഷത്തിന്റെ മുഖം‌മൂടി അണിയുന്നതെന്ന് മഹേഷിന്റെ ജീവിതം ഞങ്ങളെ പഠിപ്പിച്ചു. അതിനുശേഷവും മഹേഷിനെപ്പോലെ പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. മുഖം മനസ്സിന്റെ കണ്ണാ‍ടിയാണെങ്കിലും ആ കണ്ണാടിയിലും ഒരിക്കലും പ്രതിഫലിക്കാത്ത മനസ്സുള്ള പലരെയും. സന്തോഷം പങ്കിട്ടാല്‍ ഇരട്ടിക്കും, സങ്കടം പങ്കിട്ടാല്‍ പകുതിയാകും എന്ന പഴമൊഴിയിലെ ഇരട്ടിക്കുന്ന സന്തോഷം മാത്രം പുറമേ കാണിക്കുന്ന, ആ പൊയ്‌മുഖത്തിന്റെ മറവില്‍ ദുഃഖത്തിന്റെ കനലുകള്‍ മൂടി വെക്കുന്ന, സ്വന്തം വേദനകള്‍ ഒരിക്കലും മറ്റുള്ളവരിലേക്ക് പകരാതെ വിദൂഷകവേഷം കെട്ടിയാടുന്ന ഇങ്ങനെയുള്ള എത്രയെത്ര മനുഷ്യര്‍ നമുക്കുചുറ്റുമുണ്ട്‍..?

Monday, July 16, 2007

ഡ്രൈവിംഗ് പരീക്ഷണങ്ങള്‍ ഒന്നാം ഭാഗം അഥവാ സൈക്കിള്‍ യജ്ഞം

പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങിയപ്പോള്‍ മുതല്‍ ഈയുള്ളവന്റെ ആഗ്രഹമായിരുന്നു സൈക്കിളോടിക്കാന്‍ പഠിക്കുക എന്നത്. അതെങ്ങനാ? സൈക്കിള്‍ വാടകയ്‌ക്ക് കിട്ടണമെങ്കില്‍ മൂന്നുകിലോമീറ്റര്‍ നടന്നുപോയി ഒരു കടയിലെത്തണം. ഇനി പോകാമെന്നുവെച്ചാല്‍ തന്നെ, ആര് പഠിപ്പിക്കും? ഇനി പഠിപ്പിക്കാന്‍ ആരെയെങ്കിലും കിട്ടിയെന്നും വെക്കുക, സ്‌ക്കൂളിലേക്കുള്ള ബസ്സുകാശ് തന്നെ രാഹുകാലം നോക്കി അമ്മ വഴി അച്ഛനോട് പറഞ്ഞാല്‍ മാത്രം കിട്ടിയിരുന്ന കാലത്ത്, സൈക്കിള്‍ വാടകയ്‌ക്കെടുക്കാനാണെന്നും പറഞ്ഞാല്‍ ചിലപ്പോള്‍ ഭാവിയില്‍ വല്ല ജയ്പ്പൂര്‍ കാലും വെച്ച് സൈക്കിള്‍ ചവിട്ടേണ്ടിവരും. കാരണം, ആവശ്യമില്ലാത്ത പണിക്ക് പോയാല്‍ മുട്ടുകാലുതല്ലിയൊടുക്കുമെന്ന് അച്ഛന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അച്ഛനെ നല്ല പേടിയുണ്ടായിരുന്നതുകൊണ്ടും ഈ സൈക്കിള്‍ പഠനം എന്ന എന്റെ ആവശ്യം ഒരു അനാവശ്യമായി അമ്മയ്‌ക്ക് തോന്നിയിരുന്നതുകൊണ്ടും എനിക്കുവേണ്ടി സൈക്കിളിന്റെ കാര്യത്തില്‍ വക്കാലത്ത് പറയാന്‍ അമ്മയും വന്നില്ല. അങ്ങനെ സൈക്കിള്‍ ഓടിക്കുവാന്‍ പഠിക്കുക എന്നത് ഒരു സ്വപ്നമായി ഞാന്‍ കുറെ നാള്‍ കൊണ്ടുനടന്നു.

ഒടുവില്‍ ആറാം ക്ലാസിലെത്തിയപ്പോഴാണ് എനിക്ക് പഠിക്കുവാനായി ഒരു സൈക്കിള്‍ അച്ഛന്റെ സുഹൃത്തായ കുഞ്ഞപ്പന്‍ ചേട്ടന്‍ വശം ദൈവം തമ്പുരാന്‍ കൊടുത്തയച്ചത്. കുഞ്ഞപ്പന്‍ ചേട്ടന് അക്കാലത്ത് അങ്ങാടിയില്‍ ഒരു *ആല ഉണ്ടായിരുന്നു. അവിടെ പോകുവാനായി സ്വന്തമായി അസംബിള്‍ ചെയ്‌തെടുത്തതാണ് ആ സൈക്കിള്‍. ഒട്ടും ആഢംബരപ്രിയനല്ലാത്തതുകൊണ്ട് ബെല്ല്, ബ്രേയ്‌ക്ക്, മഡ്‌ഗാര്‍ഡ്, സ്റ്റാന്‍ഡ് ഇത്യാദിയൊന്നുമില്ലാതെയും, ത്രികോണാകൃതിയില്‍ വെട്ടിയുണ്ടാക്കിയ ഒരു മരക്കഷണം സീറ്റായി ഉപയോഗിച്ചുമായിരുന്നു കുഞ്ഞപ്പന്‍ ചേട്ടന്‍ സ്വന്തം ശകടത്തെ കൊണ്ടുനടന്നിരുന്നത്. പിറകിലത്തെ ചക്രത്തിന്റെ ബ്രേയ്‌ക്കില്‍ നിന്നും സൈക്കിളിന്റെ ഹാന്‍ഡിലിലേക്കെത്തുന്ന ഒരു കമ്പിക്കഷണം, അതില്‍ എഴുന്നേറ്റ് നിന്ന് ചവിട്ടി കൃത്യമായി ബ്രേയ്‌ക്ക് നിയന്ത്രിക്കുവാനും അങ്ങേര്‍ക്കറിയാമായിരുന്നു. എന്തായാലും ഇറക്കത്ത് പെഡല്‍ ചവിട്ടേണ്ട കാര്യമില്ല, പിന്നെ ആ കാലുകൊണ്ട് ബ്രേയ്‌ക്ക് ചവിട്ടുന്നതുകൊണ്ട് എന്താണ് കുഴപ്പം? മോട്ടോര്‍ സൈക്കിള്‍ മോഡലില്‍ കാ‍ലുകൊണ്ട് ബ്രേയ്‌ക്ക് ചവിട്ടാവുന്ന ഇങ്ങനെയൊരു സൈക്കിള്‍ ആ നാട്ടില്‍ കുഞ്ഞപ്പന്‍ ചേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതിന്റെ അഹങ്കാരമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. മഴക്കാലമായാല്‍ കുഞ്ഞപ്പന്‍ ചേട്ടന്റെ വീട്ടിലേക്ക് സൈക്കിളിലുള്ള പോക്ക് അസാദ്ധ്യമായതിനാല്‍ എന്റെ വീടിന്റെ അരമതിലില്‍ ചാരിയായിരുന്നു ആ സൈക്കിള്‍ അക്കാലത്ത് ഉറങ്ങിയിരുന്നത്. സൈക്കിളെന്നല്ല, നടന്നുതന്നെ പോകുവാന്‍ വളരെ ബുദ്ധിമുട്ടുള്ള രീതിയില്‍ മുട്ടൊപ്പം ചെളി നിറഞ്ഞതായിരുന്നു അങ്ങോട്ടുള്ള അക്കാലത്തെ വഴി.

സ്വന്തം വീടിനുമുന്നില്‍ സ്ഥിരമായി ഒരു സൈക്കിള്‍ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ എനിക്കൊരാഗ്രഹം. എന്തുകൊണ്ട് എനിക്ക് തനിയെ ഇതുകൊണ്ട് സൈക്കിളോടിക്കാന്‍ പഠിച്ചുകൂടാ ? എന്തായാലും വൈകുന്നേരം മുതല്‍ രാവിലെ വരെ ആ സൈക്കിള്‍ അവിടെ ചുമ്മാ ഇരിക്കുകയാണ്. പ്രത്യേകിച്ച് പെട്രോളോ ഡീസലോ ഒന്നും ഒഴിക്കണ്ട താനും. അച്ഛന്‍ പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. ഈ രണ്ട് രണ്ടര മണിക്കൂര്‍ സൈക്കിള്‍ പഠനത്തിനായി വിനിയോഗിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അന്നു് രാത്രി കൈവിട്ട് സൈക്കിളോടിക്കുന്നതും സൈക്കിളില്‍ അനിയനെ പിറകിലിരുത്തി ഡബിള്‍സടിക്കുന്നതും ഞാന്‍ സ്വപ്‌നം കണ്ടു.

പിറ്റേന്ന് വൈകിട്ട് ഗണപതിയെ ധ്യാനിച്ച് സൈക്കിളിലെ ഹാന്‍ഡിലില്‍ തൊട്ട് കൈ നെഞ്ചോട് ചേര്‍ത്ത് ഒരു മിനിറ്റ് പ്രാര്‍ത്ഥിച്ച് പഠനം തുടങ്ങി. അപ്പോഴാണ് വേറൊരു പ്രശ്‌നം. സൈക്കിളിന്റെ സീറ്റിലിരിക്കാന്‍ കാലെത്തില്ല. *ഇടങ്കാലിട്ടുചവിട്ടാന്‍ അറിയത്തില്ല താനും. എന്റെ വിഷമാവസ്ഥ മുന്‍‌കൂട്ടി അറിഞ്ഞിരുന്ന ദൈവം, സീറ്റില്ലെങ്കിലും പണിയായുധങ്ങള്‍ വെക്കുവാനായി കാരിയര്‍ പോലൊരു സംഭവം ആ സൈക്കിളിന്റെ പിറകില്‍ വെച്ചുപിടിപ്പിക്കുവാന്‍ കുഞ്ഞപ്പന്‍ ചേട്ടനെക്കൊണ്ട് തോന്നിപ്പിക്കുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും ചെയ്‌തിരുന്നു. ആ കാരിയറില്‍ ഇരുന്നാല്‍ കഷ്‌ടിച്ച് പെരുവിരല്‍ നിലത്തുമുട്ടും. ഇത്രേം മതി. ഞാനുറപ്പിച്ചു. എന്റെ വീട് ഒരു ഇറക്കത്തിലായിരുന്നതുകൊണ്ട് പതിയെ ഈ സാധനവും ഉന്തിക്കോണ്ട് ഞാന്‍ കയറ്റം കയറി.

അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ഞാന്‍ സൈക്കിളിന്റെ കാരിയറിലിരുന്നു. ഏന്തിവലിഞ്ഞാല്‍ ഹാന്‍ഡിലില്‍ പിടിക്കാം. അങ്ങനെയിരുന്ന് കാലൊന്ന് പൊന്തിച്ചുനോക്കി. സൈക്കിള്‍ ആദ്യം പതിയെ, പിന്നെ വേഗത്തില്‍ സൈക്കിള്‍ താഴെക്കുരുണ്ടുതുടങ്ങി. ഇടയ്‌ക്ക് ചെരിയുമ്പോള്‍ ഞാന്‍ കാലുകുത്തി ഒരു തരത്തില്‍ അഡ്‌ജസ്റ്റ് ചെയ്‌തുകൊണ്ടിരുന്നു. സൈക്കിളിന്റെയൊപ്പം പിറകിലത്തെ സീറ്റിലിരുന്നോടി വലിയ കുഴപ്പമൊന്നുമില്ലാതെ ആദ്യവട്ടം പൂര്‍ത്തിയാക്കി. ആവേശത്തില്‍ ഞാന്‍ പിന്നെയും സൈക്കിളുന്തി കയറ്റം കയറി. ഇത്തവണ നേരത്തേതിലും നന്നായി താഴെയെത്തി. ആറേഴുവട്ടമായപ്പോള്‍ കാലുകുത്താതെ തന്നെ താഴെയെത്താം എന്ന അവസ്ഥയിലായി. ങ്ഹും...! എന്നോടാ കളി..! ലോകത്ത് ആദ്യമായി തനിയെ സൈക്കിളോടിക്കാന്‍ പഠിക്കുന്നവന്‍ എന്ന അഹങ്കാരം, അന്നറിയാവുന്ന ഏതോ സിനിമാപ്പാട്ടിന്റെ രൂപത്തില്‍ പുറത്തുവന്നു. വീണ്ടും ഞാന്‍ സൈക്കിള്‍ ഉന്തിക്കയറ്റി മുകളിലെത്തി. അതിരുകവിഞ്ഞ ആത്മവിശ്വാസം ഇപ്രാവശ്യം എന്തായാലും കാലുകുത്തുന്നില്ല എന്ന കടുത്ത തീരുമാനമെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഇത്തവണയും കാരിയറിലിരിക്കുന്ന എന്നെയും വഹിച്ച് പൂര്‍വ്വാധികം ഭംഗിയായി സൈക്കിള്‍ താഴേക്കുരുണ്ടു. പകുതി വഴിയായപ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് സൈക്കിളിനൊരു ശങ്ക... ഹാന്‍ഡിലിലും അതിനുതാഴെ ഉണ്ടായിരുന്ന ചെറിയ കമ്പിയിലും മുറുകിപ്പിടിച്ചത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. പിന്നെ, ഭൂമി കീഴ്‌മേല്‍ മറിയുന്നതുപോലൊരു തോന്നലും അതോടൊപ്പം ഏതോ ഗുഹയില്‍ നിന്നെന്ന പോലെ “പ്‌ധും“ എന്നൊരു ശബ്‌ദവും ഒരുമിച്ചായിരുന്നു. വിഷുക്കാലമല്ലാഞ്ഞിട്ടും പട്ടാപ്പകലായിരുന്നിട്ടും ചക്രവും മത്താപ്പുമൊക്കെ കണ്മുന്നില്‍ കത്തിക്കറങ്ങി. കണ്ണുതുറന്ന് നോക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. സൈക്കിളെങ്ങോട്ടുപോയി ? അല്ല, ഞാനെവിടാ ഈ കിടക്കുന്നത് ? ഭാഗ്യത്തിന് വഴിയരികിലെ ഒരു കയ്യാലക്കുഴിയില്‍ ഉണക്കത്തേക്കില പൊഴിഞ്ഞുകിടക്കുന്നതിനുമുകളിലേക്ക് കൃത്യമായായിരുന്നു ഞാന്‍ പറന്നുവീണത്. സൈക്കിള്‍ കേടുപാടൊന്നുമില്ലാതെ കുറെ മാറി റെസ്റ്റെടുക്കുന്നു..! എഴുന്നേല്‍ക്കാന്‍ നോക്കി, കൈക്കും കാലിനുമൊക്കെ ഒരു വേദന. ഒരു വിധത്തില്‍ സൈക്കിളെടുത്തുനിവര്‍ത്തി. ഹാന്‍ഡിലും മുമ്പിലത്തെ ചക്രവും തമ്മില്‍ ഏതാണ്ട് നാല്‍പ്പത്തഞ്ച് ഡിഗ്രി ചെരിഞ്ഞിരിക്കുന്നു..! നിവര്‍ത്താന്‍ നോക്കിയിട്ട് നിവരുന്നുമില്ല. അങ്ങനെ തന്നെ ഉന്തിക്കൊണ്ട് വീട്ടിലെ അരമതിലില്‍ തന്നെ സൈക്കിള്‍ ചാരിവെച്ചു. ഇത്തവണ സൈക്കിളിന്റെ മുന്‍‌വശം പിറകോട്ടാ‍ക്കിയായിരുന്നു ചാരി വെച്ചത്.

രാവിലെ കുഞ്ഞപ്പന്‍ ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ തലേന്ന് രാത്രി ആലോചിച്ചുകൂട്ടിയ ഐഡിയ പുറത്തെടുത്തു.

“കുഞ്ഞപ്പന്‍ ചേട്ടാ, ഇന്നലെ എന്റെ കൈ തട്ടി സൈക്കിള്‍ മറിഞ്ഞുവീണു, അതിന്റെ ഹാന്‍ഡില്‍ തിരിഞ്ഞുപോയി എന്നുതോന്നുന്നു..!”
“അത്രേയൊള്ളോ..! അത് സാരോല്ല..!”

എന്നു പറഞ്ഞ് അദ്ദേഹം സൈക്കിളിന്റെ മുന്‍‌ചക്രം കാലിന്റെയിടയിലാക്കി പിടിച്ച് ഹാന്‍ഡില്‍ ഒറ്റത്തിരിക്കല്‍..! ദാ ഇപ്പോ സൈക്കിള്‍ പഴയപടി ആയിരിക്കുന്നു..! അതുമോടിച്ചോണ്ട് അങ്ങേര്‍ ആലയിലേക്ക് പോകുന്നത് ഞാന്‍ ആരാധനയോടെ കണ്ടുനിന്നു.

ആ സംഭവത്തോടെ ഞാനൊരു കാര്യം മനസ്സിലാക്കി. ഈ സൈക്കിളിനൊക്കെ രണ്ടുതരം ബ്രേയ്‌ക്കുണ്ട്. ഫ്രണ്ട് ബ്രേയ്‌ക്കും ബാക്ക് ബ്രേയ്‌ക്കും. വലതുവശത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന് താഴെ കാണുന്ന ചെറിയ കമ്പിക്കഷണമാണ് ഫ്രണ്ട് ബ്രേയ്‌ക്ക്. നല്ല വേഗത്തില്‍ പോവുമ്പോള്‍ ഇത് ഹാന്‍‌ഡിലിനോട് ചേറ്ത്ത് പിടിച്ചാല്‍, പ്രത്യേകിച്ചും ഇറക്കത്തിലാണെങ്കില്‍ തലയും കുത്തി താഴെ വീഴുമെന്നത് നൂറുതരം..! അത് സീറ്റിലെന്നല്ല, കാരിയറില്‍ ഇരുന്നാല്‍ പോലും..! അതോടൊപ്പം കുഞ്ഞപ്പന്‍ ചേട്ടന്റെ സൈക്കിളിന് ബെല്ലും ബ്രേയ്‌ക്കുമില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തിരിച്ചിങ്ങനെ പറയുന്നതും പതിവാക്കി.

“ങ്ഹും..! ബ്രേയ്‌ക്കില്ലാന്നോ..? നിനക്കറിയാമ്പാടില്ലാഞ്ഞിട്ടാ...! വേറൊരു സൈക്കിളിനും ഉണ്ടാകില്ല അത്രേം ബ്രേയ്‌ക്ക്..!”


*ആല - കൊല്ലന്മാര്‍ പണിയെടുക്കുവാനായി കെട്ടിയുണ്ടാക്കുന്ന ഷെഡ്ഡ്. വര്‍ക്ക്‍ഷോപ്പിന്റെ പഴയ രൂപം.
*ഇടങ്കാലിട്ടു് ചവിട്ടുക - നിന്നുകൊണ്ട്, ഒരു കാല്‍ സൈക്കിളിന്റെ ക്രോസ് ബാറിനുതാഴെക്കൂടെ നീട്ടി അപ്പുറത്തെ പെഡലില്‍ ചവിട്ടി, പെഡല്‍ അര്‍ദ്ധവൃത്താകൃതിയില്‍ മുമ്പോട്ടും പിറകോട്ടും കറക്കിക്കൊണ്ട് സൈക്കിളോടിക്കുന്നത്. സൈക്കിളില്‍ കാലെത്താത്ത കാലത്തൊക്കെ ഇങ്ങനെ കുട്ടികള്‍ ഓടിക്കുന്നത് കാണാം.

Tuesday, July 10, 2007

കളിക്കൂട്ടുകാരി...

ഒരു വൈകുന്നേരം അടുക്കളയില്‍, *കൊരണ്ടിപ്പലകയിലിരുന്ന് സാമ്പാറോ മോരുകറിയോ ഉണ്ടാക്കിയ മണ്‍‌ചട്ടിയില്‍ ഇത്തിരി ചോറും വാരിയിട്ട് കുഴച്ച് അകത്താക്കുമ്പോഴാണ് പിന്‍‌വാതിലില്‍ ആരോ വന്ന് മുട്ടിവിളിച്ചത് കേട്ടത്. (ഇന്നും വീട്ടില്‍ ചെന്നാല്‍ ഇങ്ങനെ ഊണുകഴിക്കാന്‍ തന്നെയാണെനിക്കിഷ്ടം). ഞാനുടനെ ചട്ടിയുമായി നടുമുറിയിലേക്കോടി. അയല്‍‌പക്കത്ത് പുതുതായി താമസത്തിനുവന്ന ചേച്ചിയാണ്. കൂടെ അഞ്ചാറുവയസ്സുതോന്നിക്കുന്ന ഒരു കൊച്ചുപെണ്‍‌കുട്ടിയും..! ഞാന്‍ കതകിന് മറഞ്ഞുനിന്ന് തലമാത്രം വെളിയിലാക്കി അമ്മയോടുള്ള അവരുടെ സംസാരം ശ്രദ്ധിച്ചു:

“മോള്‍ നാളെ മുതല്‍ ഇവിടുത്തെ സ്‌കൂളില്‍ പോയിത്തുടങ്ങുവാ... ചേച്ചീടെ മോനും അവിടെയല്ലേ...? നാളെ മോന്‍ പോകുമ്പോള്‍ ഇവളേം കൂട്ടിക്കോണ്ട് പോകാമോ..? എനിക്കാണേല്‍ ഇവിടെ ആരേം പരിചയമായിട്ടില്ല..!”
“അതിനെന്താ... പുഷ്‌പേടെ വീടിന്റെ പിറകിലുള്ള വീട്ടിലെയല്ലേ..? ഞാനവനോട് പറഞ്ഞേക്കാം...”

അതുശരി..! അപ്പോള്‍ ഈ കൊച്ചിനേം ഞങ്ങടെ കൂടെ കൂട്ടാനാണ് പരിപാടി...! വലിയ കണ്ണുകളും മുമ്പിലേക്ക് ചുരുണ്ടുകിടക്കുന്ന മുടിയുമുള്ള ഇരുനിറക്കാരിയായ ഒരു കൊച്ചുസുന്ദരി..! കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു...

അങ്ങനെ എനിക്ക് പുതിയൊരു കൂട്ടുകാരിയെക്കൂടി കിട്ടി. പിറ്റേന്നുമുതല്‍ രാവിലെ സ്‌കൂളില്‍ പോകുന്ന വഴി അവളേം കൂട്ടി. അവള്‍ ഒത്തിരി വര്‍ത്തമാനം പറയുമായിരുന്നു. ഒരു കിലുക്കാം‌പെട്ടി..! ശ്രീലേഖ, അതായിരുന്നു അവളുടെ പേര്.. അച്ചനുമമ്മയും ശ്രീക്കുട്ടി എന്ന് വിളിച്ചുവിളിച്ച് അവസാനം ചിക്കൂട്ടിയായി മാറി. അച്ചേടെ (ചിക്കൂട്ടി അങ്ങനെയാണ് അവളുടെ അച്ഛനെ വിളിച്ചിരുന്നത്) ഇടയ്‌ക്കിടെയുള്ള സ്ഥലം മാറ്റത്തെപ്പറ്റിയും ഇങ്ങനെ മാറിമാറി ഒത്തിരി താമസിക്കേണ്ടിവന്നതിനേപ്പറ്റിയുമൊക്കെ ചിക്കൂട്ടി വാതോരാതെ എനിക്ക് പറഞ്ഞുതന്നു. ഊതിയാല്‍ ഒച്ച കേള്‍ക്കുന്നതോടൊപ്പം നീണ്ടുവരുന്ന പീപ്പിയും, തകരത്തില്‍ കറുപ്പ് നിറം പൂശിയ സ്ലേറ്റും അവള്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്കൊക്കെ പൊട്ടുന്ന സ്ലേറ്റും കറുത്ത കല്ലുപെന്‍‌സിലുമുള്ളപ്പോള്‍ അവള്‍ക്ക് ഒരു തരം വെളുത്ത കല്ലുപെന്‍സിലായിരുന്നു ഉണ്ടായിരുന്നത്. ഇതൊക്കെ ആയിരുന്നു ആദ്യം അവളുമായി കൂട്ടുകൂടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞങ്ങളുടെ കൂട്ടുകാരില്‍ എന്നോടായിരുന്നു അവള്‍ക്കും കൂടുതലിഷ്‌ടം.

ഞങ്ങള്‍ നാലുപേരായിരുന്നു ആ ഗ്യാങ്ങിലുണ്ടായിരുന്നത്. എന്നോടൊപ്പം പഠിക്കുന്ന സിബി, സിന്ധു, എന്നേക്കാള്‍ ഒരു വയസ്സിന് മൂത്ത സുജ, പിന്നെ ചിക്കൂട്ടിയും ഞാനും. നാലുപേരുടെ കൂടെ പോകുമ്പോള്‍ എല്ലാവരുമായി വര്‍ത്തമാനം പറയേണ്ടിയിരുന്നതുകൊണ്ട് ചിക്കൂട്ടിയുമായി അധികം സംസാരിക്കാനൊക്കുമായിരുന്നില്ല. ഒടുവില്‍ ഞാന്‍ തന്നെ ഒരു പോംവഴി കണ്ടുപിടിച്ചു. രാവിലെ നേരത്തെ സ്‌കൂളില്‍ പോവുക! അപ്പോള്‍ വീട്ടില്‍നിന്നും സ്‌കൂളിലേക്കുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ഞങ്ങള്‍ക്കു് രണ്ടുപേര്‍ക്കും ഒത്തിരി വര്‍ത്തമാനം പറയാം..! അങ്ങനെ സിബിയും സിന്ധുവും സുജയുമൊക്കെ പതിയെ എന്റെ ഗ്യാങ്ങില്‍ നിന്നും പുറത്തുപോയി. അല്ല, ഞാനവരുടെ ഗ്യാങ്ങില്‍ നിന്നും പതിയെ പുറത്തായി. പതിയെപ്പതിയെ, അവളുമായി ആരെങ്കിലും സംസാരിക്കുന്നതോ അവള്‍ ആരെയെങ്കിലും ചിരിച്ചുകാണിക്കുന്നതോ പോലും എനിക്ക് ഇഷ്‌ടമല്ലാതായിത്തുടങ്ങി!

അങ്ങനെയിരിക്കെ ഒരു ദിവസം ചിക്കൂട്ടി കരഞ്ഞോണ്ട് എന്റെയടുത്തുവന്നു. സിബി അവളെ ഉണ്ടക്കണ്ണീന്ന് വിളിച്ചുവത്രേ! എനിക്ക് സഹിക്കുമോ? അവനിട്ട് ഒരു പണികൊടുക്കാന്‍ അവസരവും കാത്ത് ഞാനിരുന്നു. അധികം വൈകിച്ചില്ല, വൈകിട്ട് സ്‌കൂളില്‍ നിന്നും തിരിച്ചുപോരും വഴി സിബിയെ വഴിയരികിലെ കൊങ്ങിണിക്കാട്ടില്‍ തള്ളിയിട്ട് അവളുടെ കയ്യും പിടിച്ചോടി ഞാന്‍ പകരം വീട്ടി! (അന്ന് വൈകിട്ട് സിബിയുടെ അച്ഛന്‍ എന്റെ വീട്ടില്‍ വന്ന് ഇക്കാര്യം പറഞ്ഞതിന് അച്ഛന്റെ കയ്യില്‍ നിന്നും എനിക്ക് കിട്ടിയ വീതം ഞാനൊറ്റക്ക് സഹിച്ചു എന്നത് വേറെ കാര്യം! )

പിന്നീടൊരിക്കല്‍ ഒരു ഉച്ചസമയത്ത് ചിക്കൂട്ടി ക്ലാസിലെ ബോര്‍ഡില്‍ എന്തൊക്കെയോ കുത്തിവരയ്‌ക്കുന്നത് ഞാന്‍ കണ്ടു. മുമ്പോട്ടും പിറകോട്ടും കറക്കാവുന്ന ഒരു തരം ബ്ലോക്ക്‍ബോര്‍ഡായിരുന്നു അന്നുണ്ടായിരുന്നത്. വരയും കഴിഞ്ഞ് അവള്‍ ബോര്‍ഡ് തിരിച്ചിട്ടു. ഇപ്പോള്‍ വരച്ചതൊക്കെ മറുപുറത്ത്. ഉച്ചകഴിഞ്ഞ് ക്ലാസില്‍ വന്ന ടീച്ചര്‍, ബോര്‍ഡിന്റെ ഒരു പുറം എഴുതിത്തീര്‍ത്ത ശേഷം ബോര്‍ഡ് തിരിച്ചപ്പോള്‍ മറുപുറത്തെ അവളുടെ കലാവിരുത് കണ്ട് ഞങ്ങളെയൊക്കെ ഒന്ന് തറപ്പിച്ചുനോക്കി. അവളുടെ മുഖമാണെങ്കില്‍ പേടി കൊണ്ടെന്ന പോലെ വിളറിയിരുന്നു.

“ആരാടാ ഇത് വരച്ചത്...?”

ആ ചോദ്യത്തില്‍ നിന്നും ആമ്പിള്ളേര്‍ ആരോ ആണ് ഈ പണി കാണിച്ചതെന്ന് ടീച്ചര്‍ ഊഹിക്കുന്നുവെന്ന് വ്യക്തം. ഞാനവളെ നോക്കിയപ്പോള്‍ ചിക്കൂട്ടികരച്ചിലിന്റെ വക്കോളമെത്തി നില്‍ക്കുന്നു! ടീച്ചര്‍ ഒന്നുകൂടി ചോദിച്ചാല്‍ ഉറപ്പായും ചിക്കൂട്ടി കരയും. അഞ്ചുവയസ്സുകാരന്റെ ഉള്ളിലെ ത്യാഗി ചാടിയെഴുന്നേറ്റു.

“ടീച്ചര്‍... അത് ഞാനാ... ഇനി വരക്കൂല്ല..!”
“ആങ്ഹാ...! നീട്ടെടാ കൈ..!”

നീട്ടിപ്പിടിച്ച എന്റെ ഉള്ളം കയ്യില്‍ ടീച്ചറിന്റെ കയ്യിലെ വടി രണ്ടുതവണ ഉയര്‍ന്നുതാണു. കൈയ്‌ക്ക് വേദനയെടുത്തെങ്കിലും അവളെ കരയിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞല്ലോയെന്നോര്‍ത്ത് എന്റെയുള്ളില്‍ സന്തോഷമായിരുന്നു. അതുകൊണ്ടായിക്കും എനിക്ക് കരച്ചിലൊന്നും വന്നില്ല്ല. ഇത്തിരി കഴിഞ്ഞപ്പോള്‍ ചിക്കൂട്ടി എന്റെയടുത്ത് വന്ന് എന്റെ കയ്യെടുത്ത് അവളുടെ മടിയില്‍ വെച്ച് ചോദിച്ചു :

“വേദനിച്ചാരുന്നോടാ...?”
“ഇല്ലെടീ... ടീച്ചറ്‌ പയ്യെയാ തല്ലീത്..!”

അങ്ങനെ ഒരു വര്‍ഷം ഏതാണ്ട് കഴിയാറായി. വെക്കേഷന്‍ ആയി. വീണ്ടുമൊരിക്കല്‍ രമണിയേച്ചി (ചിക്കൂട്ടീടെ അമ്മ) എന്റെ വീട്ടില്‍ വന്നു. ഇത്തവണ അവള്‍ കൂടെയില്ലായിരുന്നു.

“ചേച്ചീ, ഞങ്ങള്‍ പോകുവാ... ചേട്ടന് നാട്ടിലേക്ക് തന്നെ സ്ഥലം മാറ്റം കിട്ടി...!”
“ആണോ... നന്നായി...! എന്നാലും ഇത്ര പെട്ടെന്ന്...”
“ഏയ് അല്ല, ഇവിടെ വന്നപ്പോള്‍ മുതല്‍ ചേട്ടന്‍ നോക്കുന്നതാ..! ഇപ്പോഴാ ശരിയായത്...!”

അതിനുശേഷം ഒരാഴ്‌ച കൂടിയേ അവര്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീടൊരിക്കല്‍ കൂടി രമണിയേച്ചി വീട്ടില്‍ വന്നിരുന്നു, ചിക്കൂട്ടിയേം കൂട്ടി. യാത്ര പറയാനായി. അമ്മയുമായി രമണിയേച്ചി നല്ല അടുപ്പത്തിലായിരുന്നതുകൊണ്ട് അമ്മ ഇത്തിരി വിഷമത്തോടെയായിരുന്നു അവരെ യാത്രയാക്കിയത്. അവളാണേലും ആദ്യം കാണുമ്പോഴുള്ള ഉത്സാഹമൊന്നുമില്ലാത്തതുപോലെയായിരുന്നു ഇത്തവണ. എനിക്കിഷ്‌ടപ്പെട്ട മോരുകറിയും മീന്‍‌വറുത്തതുമൊക്കെ ഉണ്ടായിരുന്നിട്ടും അന്ന് വൈകിട്ട് എനിക്ക് വിശപ്പില്ലായിരുന്നു. അന്ന് മാത്രമല്ല, അത് കഴിഞ്ഞ് ഏതാണ്ട് ഒരാഴ്‌ച കാലത്തോളം ഞാനും ആകെ മൂഡോഫായിരുന്നു. ഒടുവില്‍ സിബിയുടേയും സിന്ധുവിന്റെയും സുജയുടേതുമായ പഴയ ഗ്യാങ്ങിലേക്ക് തിരിച്ചെത്തുന്നതുവരെ!

ഇരുപത്തിനാല് വര്‍ഷം കഴിഞ്ഞ് ഇതെഴുതുമ്പോള്‍ ചിക്കൂട്ടി ഇപ്പോള്‍ എങ്ങിനെയാണെന്നോ എവിടെയുണ്ടെന്നോ എന്തുചെയ്യുകയാണെന്നോ ഒന്നും എനിക്കറിയില്ല. അന്ന് പോയതിനുശേഷം അവരെയാരെപ്പറ്റിയും ഒരു വിവരവുമില്ലായിരുന്നു. ഇപ്പോള്‍ ഒരു പക്ഷെ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ഒന്നോ രണ്ടോ കുട്ടികളെയും കളിപ്പിച്ച് കെട്ടിയവന് ഭക്ഷണവും ഉണ്ടാക്കിക്കൊടുത്ത് നല്ലൊരു വീട്ടമ്മയായി കഴിയുകയായിരിക്കും. ഒരിക്കല്‍ കൂടി അവളെ കാണണമെന്നുണ്ട്. സാധിക്കുമോ എന്നറിയില്ല. എന്നെ കണ്ടാല്‍ അവളോ അവളെ കണ്ടാല്‍ ഞാനോ തിരിച്ചറിയാനും വഴിയില്ല. എന്റെ മനസ്സിലിപ്പോഴും വലിയ കണ്ണുകളുള്ള മുമ്പിലേക്ക് നീണ്ട ചുരുണ്ട മുടിയുള്ള കിലുകിലാന്ന് വര്‍ത്തമാനം പറയുന്ന ചിക്കൂട്ടിയുടെ മുഖമേയുള്ളൂ. എങ്കിലും....


*കൊരണ്ടിപ്പലക - സ്‌റ്റൂളിന്റെ ചെറിയ രൂപം. തറയില്‍ നിന്നും ഒന്നോ രണ്ടോ ഇഞ്ച് മാത്രം ഉയരത്തിലായി സ്ഥിതി ചെയ്യുന്ന പലകയില്‍ ചെറിയ നാലു് കാലും പിടിപ്പിച്ച ഒരു തരം ഇരിപ്പിടം. നാട്ടിന്‍‌പുറത്തെ പല വീടുകളിലും ഇന്നും ഇവ കാണാം.

Monday, July 9, 2007

എന്നാലുമെന്റെ ജിന്‍സേ ...

അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പണിപഠിച്ചും പണികൊടുത്തും നടന്നിരുന്ന സമയത്താണ് ഞാനീ പറയുന്ന സംഭവം നടക്കുന്നത്. സഹപ്രവര്‍ത്തകനായ, ഞങ്ങളെല്ലാം തൊമ്മന്‍ എന്നുവിളിക്കുന്ന (മറ്റുപലതും വിളിക്കുമെങ്കിലും എല്ലാം ഇവിടെ എഴുതാനൊക്കില്ലല്ലോ..!) തോമസ് എന്ന കൂട്ടുകാരന്റെ വീട്ടില്‍ ഈസ്റ്റര്‍ ഘോഷിക്കുവാനായി എന്നെ വിളിക്കുന്നു. ഇതിനുമുമ്പ് പലപ്പോഴും മൂപ്പര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടും പോകാതിരുന്നതിലെ പരാതിയും പരിഭവവുമൊക്കെ ചേര്‍ത്താണ് ഇത്തവണത്തെ വിളി. (ആ വിളി ഒരു ഒന്നൊന്നര വിളിയായിരുന്നുവെന്ന് ചുരുക്കം) അന്ന് ഈ പറയുന്ന തൊമ്മനോ എനിക്കോ മൊബൈല്‍ ഫോണൊന്നും സ്വന്തമായില്ലാത്തതുകൊണ്ട് കക്ഷിയുടെ വീട്ടിലെ നമ്പര്‍ ഒരു കടലാസുകഷണത്തില്‍ കുറിച്ചെടുത്ത് പിറ്റേന്ന് അങ്ങെത്തിയേക്കാമെന്നും പറഞ്ഞ് ഈസ്റ്ററിന്റെ തലേന്ന് കക്ഷിയെ ഒരു വിധത്തില്‍ സമാധാനപ്പെടുത്തി കമ്പനിയില്‍ നിന്ന് യാത്രയാക്കി. ‘നിനക്കൊക്കുമെങ്കില്‍ വാ’ എന്ന ഒഴുക്കന്‍ ഡയലോഗാണ് അവന്‍ അവസാനം പറഞ്ഞതെങ്കിലും ‘ഇത്തവണയും വന്നില്ലെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ എന്റെ വായിലിരിക്കുന്നത് നീ കേള്‍ക്കും’ എന്നാണ് അവനുദ്ദ്യേശിച്ചതെന്ന് എനിക്ക് വളരെ നന്നായി മനസ്സിലാ‍യതുകൊണ്ട് എന്തായാലും വേണ്ടില്ല, പോയേക്കാമെന്ന് ഞാനും തീരുമാനിച്ചു.

പിറ്റേന്ന്, ഏതാണ്ട് പത്തുമണിയോടെ കിടക്കപ്പായയില്‍ നിന്നെണീറ്റുനോക്കിയപ്പോള്‍ സഹമുറിയന്‍ വിനേഷ് റൂമൊക്കെ വൃത്തിയാക്കിവെച്ചിരിക്കുന്നു..! ഇവിടെ ഈ പതിവില്ലാത്തതാണല്ലോ? മൂന്നുനാലുമാസമായി ഒരിക്കല്‍ പോലും ചൂലിന്റെ ഒരു പടം പോലും കണ്ടിട്ടില്ലാത്ത റൂമാണ് ദാ, പൊടിപോലുമില്ലാതെ വൃത്തിയാക്കിവെച്ചിരിക്കുന്നത്...!

“കൊള്ളാമല്ലോഡേയ്, ഇന്നെന്തുപറ്റി?” - ഞാന്‍
“ഓ, ഇന്ന് അമ്മാവന്‍ ഇങ്ങട് വരൂന്ന് പറഞ്ഞിട്ടൊണ്ടടെയ്‌ക്കാ.. അതോണ്ടാ..!”- അവന്‍
“വെറുതെയല്ല..! ഞാനോര്‍ക്കുവേം ചെയ്‌തു..!” - ഞാന്‍

ഊണിന്റെ സമയമാകുമ്പോഴേക്കും തൊമ്മന്റെ വീട്ടിലെത്തണമെന്ന ഉദ്ദ്യേശത്തോടെ ഞാന്‍ കുളിജപകര്‍മ്മങ്ങളും കഴിഞ്ഞ് ‘ചുന്ദരനായി’ പോകാനൊരുങ്ങി. പക്ഷെ, തലേന്ന് ഫോണ്‍‌നമ്പര്‍ എഴുതിവെച്ച കടലാസുകഷ്ണം കാണുന്നില്ല..!

“ഡാ, ഇവിടേരുന്ന കടലാസുകളൊക്കെന്ത്യേ..?”
“ഓ... അതോ.., അതൊക്കെ കൂട്ടീട്ട് ഞാന്‍ കത്തിച്ചുകളഞ്ഞു..!”

മഹാപാപീ..! ഒരിക്കലുമില്ലാത്ത നിന്റെ ക്ലീനിങ്ങ് കണ്ടപ്പോഴേ ഞാന്‍ കരുതി എനിക്കെന്തെങ്കിലും പണി കിട്ടുമെന്ന് എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ചുണ്ടില്‍ ഒരു ചിരി കഷ്ടപ്പെട്ട് ഫിറ്റ് ചെയ്ത് ഞാനവനോട് തൊമ്മന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. ഇന്നലെ വരെ പോകാനായി അരമനസ്സുമാത്രമുണ്ടായിരുന്ന ഞാന്‍, പോകാം എന്ന് തീരുമാനിച്ചതുമുതല്‍ ഉച്ചക്കത്തെ കോഴിക്കറിയുമായുള്ള മല്‍പ്പിടുത്തം ഇതിനോടകം പലതവണ സ്വപ്നം കണ്ടിരുന്നു..! അതുമാത്രമല്ല, അക്കാലത്തെ ആഴ്‌ചയിലെ ഏറ്റവും ദുരിതം പിടിച്ച രണ്ട് ദിവസങ്ങളായിരുന്നു ശനിയും ഞായറും. ആ ദിവസങ്ങളില്‍ മെസ് ഉണ്ടാകില്ല. ഹോട്ടല്‍ ഭക്ഷണം തന്നെ ശരണം. അന്ന് കിട്ടിയിരുന്നത് എണ്ണിച്ചുട്ട അപ്പം പോലെ ആയിരത്തിമുന്നൂറ് ക. വീട്ടുവാടകയും അത്യാവശ്യചിലവും കഴിയുമ്പോള്‍ തന്നെ ഈ കാ തീരും. ഒടുവില്‍ കാശുലാഭിക്കാന്‍ ഒരു വഴി കണ്ടെത്തിയത്, വെള്ളിയും ശനിയും രാത്രി വളരെ വൈകും വരെ ചീട്ടുകളിച്ചോണ്ടിരിക്കുക. അപ്പോള്‍ പിറ്റേന്ന് വൈകി, ഉച്ചയായിട്ടേ എഴുന്നേല്‍ക്കൂ. ഇതിനിടയിലെങ്ങാനും ഉറങ്ങുന്നവനെ ആരെങ്കിലും വിളിച്ചെഴുന്നേല്‍പ്പിച്ചാല്‍ അവന് ഭക്ഷണം വാങ്ങിക്കൊടുക്കേണ്ടത് വിളിച്ചെഴുന്നേല്‍പ്പിച്ചവന്റെ കടമയാണെന്നൊരു അലിഖിതനിയമവും ഞങ്ങളുണ്ടാക്കിയിരുന്നു. ബ്രേക്ക് ഫാസ്റ്റിന്റെ കാശ്‌ അവിടെ ലാഭിക്കുന്നു. പിന്നെ, മൂന്നുപേര്‍ക്കുള്ള പാര്‍സല്‍ ഊണ് വാങ്ങി അഞ്ചുപേര്‍ കഴിക്കുക. ഊണിന്റെ കാശിലും ഇങ്ങനെയിത്തിരി ഇവിടേം ലാഭിക്കുന്നു. അങ്ങനെയൊരു ഞായറാഴ്‌ചയാണ് ഈ സംഭവവും നടക്കുന്നത്. ഇനി അത് ഒഴിവാക്കുന്നതെങ്ങനെ..? തൊമ്മന്റെ വീട് പിറവത്തിനടുത്തെവിടെയോ ആണെന്നുമാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. പിറവത്ത് ബസ്‌സ്റ്റാന്‍ഡിനടുത്തുതന്നെ തൊമ്മന്റെ ഒരു കസിന് ഇന്റര്‍നെറ്റ് കഫേയുണ്ടെന്നും അവിടെ ചെന്നാല്‍ തൊമ്മന്റെ വീട്ടിലേക്കുള്ള വഴി കിട്ടുമെന്നൊക്കെ പറഞ്ഞ് അവനെന്നെ ആശ്വസിപ്പിച്ചു. മുമ്പൊരിക്കല്‍ ഈ പറഞ്ഞ കഫേയില്‍ ഞാനൊരു തവണ പോയതും ഈ പറയുന്ന കസിനെ പരിചയപ്പെട്ടതുമൊക്കെ പെട്ടെന്നെനിക്കോര്‍മ്മ വന്നു. ഹോ, സമാധാനമായി..! ഞാനോര്‍ത്തു ലവന്‍ ആ ഫോണ്‍‌നമ്പര്‍ കളഞ്ഞതോടെ ഇന്നത്തെ പോക്കും മുടങ്ങിയെന്ന്..! അല്ല, അവനെപ്പറഞ്ഞിട്ട് കാര്യമില്ല, ബസ്‌ടിക്കറ്റുകള്‍, ടെയിന്‍ ടിക്കറ്റുകള്‍ അങ്ങനെ ചപ്പും ചവറുമായി കുറെ പേപ്പറുകള്‍ ഉള്ളതിന്റെ ഇടയിലാണ് ഞാനാ കടലാസും സൂക്ഷിച്ചുവെച്ചത്. (ആ ശീലം ഇപ്പോഴും അങ്ങനെ തന്നെ. പ്രധാനപ്പെട്ട പല ഫയലുകളും റീസൈക്കിള്‍ ബിന്നില്‍ നിന്നാണ് ഇപ്പോഴും തപ്പിയെടുക്കാറുള്ളത് ) അങ്ങനെ, ‘തോമസ് മാത്യൂ, പിറവം’ എന്നൊരു അഡ്രസ് മാത്രം കയ്യില്‍ വെച്ചുകൊണ്ട് പനമ്പിള്ളിനഗറില്‍ നിന്നും പിറവത്തേക്ക് ഞാന്‍ വണ്ടികയറി...

ഉച്ചയോടുകൂടി പിറവത്തെത്തിയ ഞാന്‍ നേരത്തെ പറഞ്ഞ കഫേയുടെ മുമ്പിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്..! ഈസ്റ്ററായതിനാല്‍ ആ കഫേ അടച്ചിട്ടിരിക്കുകയായിരുന്നു..! കഫേ മാത്രമല്ല, അതിന്റെ ചുറ്റുവട്ടത്തുള്ള കടകളുടെയെല്ലാം സ്ഥിതിയും തഥൈവ..! ഇനിയെന്തുചെയ്യും..? ഇതിപ്പോള്‍ ഇല്ലത്തൂന്നെറങ്ങ്വേം ചെയ്‌തൂ.. എന്ന അവസ്ഥയായല്ലോ..! ഉച്ചയ്‌ക്ക് ഞാന്‍ കഴിക്കാന്‍ പോകുന്ന ഊണിനെപ്പറ്റി വിനേഷിനോട് ഘോരഘോരം പ്രസംഗിച്ചിട്ടിറങ്ങിയ ഞാന്‍ തിരിച്ചുചെന്നാല്‍ അവന്റെ ആക്കിയ ചിരി കാണേണ്ടിവരുമെന്നുള്ളതുകൊണ്ട് ഇനി തിരിച്ച് റൂമിലേക്ക് പോകാനും മടി. അപ്പോഴാണ് ആ പരിസരത്തെവിടെയോ ഉള്ള വേറൊരു കൂട്ടുകാരന്റെ നമ്പര്‍ ഓര്‍മ്മ വന്നത്. ജിന്‍സെന്നാണ് കക്ഷിയുടെ പേര്. കക്ഷി അടുത്തിടെ അങ്ങോട്ട് താമസം മാറിയതേയുള്ളൂ. മുമ്പ് കോട്ടയത്തെങ്ങോ ആയിരുന്നു. മാര്‍ക്കറ്റിഗ് ഫീല്‍ഡിലായതുകൊണ്ട് കക്ഷിക്ക് മൊബൈലുണ്ട്. കക്ഷിയെ വിളിച്ചാന്‍ ഒരു പക്ഷെ തൊമ്മന്റെ നമ്പര്‍ കിട്ടിയേക്കും. എന്തായാലും വിളിച്ചുനോക്കാം. ഒത്തിരിനടന്ന് ഒരു ബൂത്ത് തപ്പിയെടുത്ത് കക്ഷിയെ വിളിച്ചു.

“തോമസ് മാത്യൂന്റെയാണോ..? എനിക്കറിയാമ്പാടില്ല.. നീയൊരു കാര്യം ചെയ്യ്... വീട്ടിലേക്ക് പോരേ..!” - അവന്റെ മറുപടി ഇങ്ങനെ.

തൊമ്മന്റെ കസിന്റെ കട തുറക്കാതിരുന്നത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ..! ജിന്‍സെങ്കില്‍ ജിന്‍സ്... തൊമ്മനോട് എന്തെങ്കിലുമൊക്കെ ഊടായിപ്പ് പറഞ്ഞുനില്‍ക്കാം. ങ്ഹും, എന്നോടാ കളി..!

“ഡാ, നിന്റെ വീട്ടിലേക്ക് വരുന്നതെങ്ങനാ?” - ഞാന്‍
“അതെളുപ്പമാ... നീ വെള്ളൂര്‍ക്കുള്ള വണ്ടീ കേറി, ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ മുമ്പിലിറങ്ങിയാ മതി. അവിടന്ന് ചെമ്മഞ്ചിയിലേക്ക് ഒരു ഓട്ടോ പിടി, ഓട്ടോ പിടിക്കാനൊന്നൂല്ല, അഞ്ച് - പത്തുമിനിറ്റ് നടക്കാനേള്ളൂ... ചെമ്മഞ്ചിയിലിറങ്ങിയാ ജംഗ്‌ഷന്റടുത്തുതന്നെ വെള്ള പെയിന്റടിച്ച ഒരു വീടുകാണാം... നേരെയങ്ങോട്ട് പോരേ..!” - അവന്‍
“നീ വീട്ടിലാണോ ഉള്ളതിപ്പോ?”
“അല്ലെടാ, ഞാന്‍ ഇത്തിരി കഴിയുമ്പം എത്തിയേക്കാം, അതുകുഴപ്പമില്ല, ഞാന്‍ വീട്ടില്‍ പറഞ്ഞേക്കാം..”

ഹൊ, ഊണിന്റെ സമയമൊക്കെ കഴിയാറായി. ഈസ്റ്ററൊക്കെയല്ലേ? അതൊകൊണ്ട് ഇത്തിരി വൈകിചെന്നാലും ഊണ് തരപ്പെടുമായിരിക്കും എന്നൊക്കെയോര്‍ത്ത് ബസ്സില്‍ കയറുമ്പോള്‍ മനസ്സിലുണ്ടായിരുന്ന തൊമ്മന്റെ വീട്ടിലെ കോഴിക്കറിയെ ജിന്‍സിന്റെ വീട്ടിലെ കോഴിക്കറികൊണ്ട് റീപ്ലേസ് ചെയ്തു. പറഞ്ഞതുപോലെ തന്നെ നേരത്തെ പറഞ്ഞ ഫാക്‌ടറി കണ്ടു. അവിടെയിറങ്ങി ചെമ്മഞ്ചിക്ക് ഓട്ടോയും വിളിച്ചു. ഏയ്, ഞാന്‍ വൈകിയിട്ടൊന്നുമില്ല, ഊണ് തരപ്പെടുകതന്നെ ചെയ്യും... രാവിലെ വെറും വയറ്റില്‍ പനമ്പിള്ളിനഗറില്‍ നിന്നിറങ്ങിയതിന്റെ ക്ഷീണം ഇടയ്‌ക്കിടെ മനസ്സില്‍ തെളിയുന്ന കോഴിക്കാലിന്റെ ‘തിരു’രൂപം കൊണ്ട് മറച്ചുകൊണ്ടായിരുന്നു യാത്ര. അഞ്ചുമിനിറ്റ് നടക്കാനുള്ളതേയുള്ളുവെന്നൊക്കെ പറഞ്ഞിട്ട്, അതിലേറെയായി ഞാന്‍ ഓട്ടോയിലിരിക്കുന്നു..!

“ചേട്ടാ, ചെമ്മഞ്ചിയിലേക്ക് തന്നെയല്ലേ പോകുന്നേ?”
“അതെ, അങ്ങോട്ട് തന്നെ..!”

അധികം താമസിയാതെ ചെമ്മഞ്ചിയെത്തി. ഇനി വെള്ള പെയിന്റടിച്ച വീട് തപ്പിയെടുക്കണം. അവിടെയെങ്ങും ഒരു വീടും കാണാനൊത്തില്ല. ഇനിയെന്ന ചെയ്യും? അവിടെ നിന്ന് പരുങ്ങുമ്പോഴാണ് ഇത്തിരി മാറി ഒരു വല്യപ്പന്‍ എന്നെ സൂക്ഷിച്ചുനോക്കുന്നത് കണ്ടത്. ഇങ്ങേരോടൊന്ന് ചോദിച്ചുനോക്കാം.

“പേരപ്പാ.. ഇവിടെ എവിടാ ഒരു ജിന്‍സിന്റെ വീടുള്ളത്..?”

അങ്ങേര്‍ ഇത്തിരി നേരം കൂടി എന്നെ സൂക്ഷിച്ചുനോക്കി. എന്നിട്ട്,

“മോനേ... ഇന്ന് ഈസ്റ്ററല്ലേ..? എന്നാലും ഇന്നങ്ങനെ ചെയ്യാന്‍ പാടുണ്ടായിരുന്നോ..? അതും എന്നോട്..!”

അതിന് ഞാനിങ്ങേരെ എന്തുചെയ്‌തെന്ന്..!

“ആര് ..?” ഞാന്‍ ചോദിച്ചു.
“എന്റെ മോന്‍... സിബി..! അവനെന്നാലും...”

ഇതും പറഞ്ഞ് പതിയെ എഴുന്നേറ്റ്, റോഡിന്റെ വീതിയും അളന്നുകൊണ്ടുള്ള അങ്ങേരുടെ വരവ് കണ്ടപ്പോള്‍ മനസ്സിലായി. ഇതൊന്നും പറയുന്നത് അങ്ങേരല്ല, അങ്ങേരുടെ ഉള്ളില്‍ കിടക്കുന്ന റമ്മോ ബ്രാണ്ടിയോ ആണ്. ഇനീം ഇവിടെ നിന്നാല്‍ എന്നോട് സ്‌നേഹം കൂടി, ആദ്യം വിളിച്ച ‘മോനേ‘ എന്നതിന്റെ മുമ്പില്‍ വല്ലോമൊക്കെ ചേര്‍ത്ത് ഇങ്ങേര്‍ എന്നെ വിളിച്ചുകൂടാ‍യ്‌കയില്ല. അത്രയ്‌ക്ക് സ്‌നേഹം തല്‍ക്കാലം വേണ്ടെന്ന് വെച്ച് ഞാന്‍ പയ്യെ സ്‌കൂട്ടാകാനായി അതിലെയും ഇതിലെയുമൊക്കെ നോക്കി. അപ്പോഴാണ് ഇത്തിരി മാറി മൂന്നുനാല് അച്ചായന്മാര്‍ കൂടിനിന്ന് കൊച്ചുവര്‍ത്തമാനം പറയുന്നത് കണ്ടത്. ഇനി ഇവരോട് ചോദിച്ചുനോക്കാം. ശബ്‌ദത്തില്‍ മാക്സിമം വിനയം കലര്‍ത്തി ഞാന്‍ ചോദിച്ചു.

“ചേട്ടാ, എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു ജിന്‍സിന്റെ വീടറിയാമോ?”
“ജിന്‍‌സോ..?”

ഇതെന്താ, ഇങ്ങേര് ഈ പേര് ആദ്യമായിട്ട് കേള്‍ക്കുകയാണോ? ഈശ്വരാ, ഇവിടെയും രക്ഷയില്ലേ?

“അതെ, കോട്ടയത്തുനിന്നും ഇങ്ങോട്ട് താമസം മാറിയിട്ട് രണ്ടുമാസത്തോളമേ ആയുള്ളൂ‍..”
“ഓ, തേവക്കാപ്പറമ്പിലെയായിരിക്കും..!”

അവന്റെ വീട്ടുപേരാണെങ്കില്‍ എനിക്കൊട്ടറിയത്തുമില്ല, അവിടെയെങ്ങുമാണേല്‍ ബൂത്തുപോയിട്ടൊരു പെട്ടിക്കട പോലുമില്ല. ഇതാണോ ലെവന്‍ പറഞ്ഞ ‘ചെമ്മഞ്ചി ജംഗ്‌ഷന്‍‘..!’ തേവക്കയോ കോവക്കയോ എന്തുമാകട്ടെ, ഒരു ഏറെറിഞ്ഞുനോക്കാം.

“ങാ, അതുതന്നെ..! അങ്ങോട്ടുപോകുന്നതെങ്ങനാ?”
“ഇതിലേ പോയിട്ട് എടത്തോട്ടുള്ള രണ്ടാമത്തെ വഴി പോയാ ആദ്യം കാണുന്ന വീടാ..”

രക്ഷപ്പെട്ടു..! പക്ഷെ, ഈ പറഞ്ഞ ‘നേരെ പോയിട്ട് ഇടത്തോട്ടുള്ള രണ്ടാമത്തെ വഴി‘ എത്താനായി കുറച്ചുനടക്കേണ്ടിവന്നു. ആദ്യം കണ്ട വീടാണെങ്കിലോ, ഓടിട്ടതും..! വെള്ളയെന്നല്ല, ഒരു പെയിന്റും പൂശാത്തൊരു വീട്. അകത്തുകയറി നോക്കാമെന്നുവിചാരിച്ച് സംശയിച്ചുനിന്നപ്പോള്‍ ഒരു പട്ടി അവിടെ നിന്നും കുരച്ചോണ്ട് വരുന്നു..! ഈസ്റ്ററിന്റെ അന്നെങ്കിലും ഈ പട്ടിയെയൊക്കെ പൂട്ടിയിട്ടുകൂടെ? വെറുതെയല്ല, ഇതിനെയൊക്കെ പട്ടീന്ന് വിളിക്കുന്നത്..! സമയമാണേല്‍ ഏതാണ്ട് മൂന്ന്-മൂന്നരയാകുന്നു, വയറ്റില്‍ നിന്നും കുടല്‍ കരിയുന്ന മണം വന്നുതുടങ്ങി... ഞാന്‍ അവിടെ നിന്നും പതിയെ വലിയാന്‍ തുടങ്ങിയപ്പോള്‍ അതാ, വെള്ളപെയിന്ററിച്ച വീട് റോഡിന്റെ മറുവശത്ത്..! ഹോ, സമാധാനമായി...!

പിന്നെയൊന്നുമാ‍ലോചിച്ചില്ല, നേരെയങ്ങ് കയറിച്ചെന്നു. വീടിന്റെ ഇറയത്തുതന്നെ ജിന്‍സിന്റെ അപ്പച്ചന്‍ കയ്യിലൊരു പ്ലാസ്റ്ററുമിട്ട് ഒരു ബീഡിയും വലിച്ചോണ്ടിരിപ്പുണ്ടായിരുന്നു.

“ജിന്‍സിന്റെ വീടല്ലേ...?”
“അതെയതെ...! വാ വാ, നോക്കിയിരിക്കുകയായിരുന്നു..! കൂട്ടുകാരന്‍ വന്നില്ലേ?”

അതുശരി, അപ്പോള്‍ ജിന്‍സ് ഇതുവരെ തിരിച്ചെത്തീ‍ല്ലല്ലേ?

“ഇല്ലേ? അവനെ ഞാന്‍ വിളിച്ചിരുന്നു, എത്തിയേക്കാമെന്നാ പറഞ്ഞത്..”
“വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയോ?”

ബുദ്ധിമുട്ടിയോ എന്ന്..! എങ്കിലും ഞാന്‍ പറഞ്ഞു.

“ഏയ്, ഇല്ല.. നേരെയിങ്ങു വന്നാല്‍ പോരേ? അധികം ദൂരെയൊന്നുമല്ലല്ലോ?”
“ഇനി തെറ്റിപ്പോകണ്ടെന്നുകരുതിയാ ഇവിടെത്തന്നെ ഇരുന്നത്...! ഇരിക്ക്..! എടിയേ... ”

ജിന്‍സിന്റെ അമ്മച്ചിയും അനിയത്തിയും ഹാജര്‍..! അവരെ നോക്കി ഞാനൊരു ചിരി പാസാക്കി. അവര്‍ തിരിച്ചും. രണ്ടുപേരും ഉടനെ തന്നെ സ്‌കൂട്ടാവുകയും ചെയ്‌തു.

“അപ്പച്ചാ, കൈക്കെന്നാ പറ്റി?”
“ഓ, ഒന്നും പറയേണ്ട മോനേ....”

അപ്പച്ചന്‍ അവിടെ തുടങ്ങി. തരക്കേടില്ലാത്ത ഒരു ‘വധം’ ആണ് അപ്പച്ചനെന്ന് മനസ്സിലാക്കാന്‍ എനിക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. സ്‌കൂട്ടറുമായി പോകും വഴി ഒരു ലോറി എതിരെ വന്നെന്നും, സൈഡ് കൊടുത്തപ്പോള്‍ റോഡിനുപുറത്തേക്ക് മറിഞ്ഞുവീണെന്നുമൊക്കെ പറഞ്ഞങ്ങ് തുടങ്ങി. എങ്ങാനും റോഡിലേക്ക് മറിഞ്ഞുവീണാരുന്നെങ്കില്‍ പണി തീര്‍ന്നേനെയെന്നും അങ്ങനെയൊന്നും സംഭവിക്കാത്തത് കര്‍ത്താവിന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാണെന്നും തുടങ്ങി, ലോറി ഡ്രൈവേഴ്‌സിന്റെ നിയന്ത്രണം വിട്ടുള്ള പാച്ചിലിന്റെയും അപകടമരണങ്ങളുടെയും കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെപ്പറ്റിയും റോഡ് നന്നാക്കാത്ത ഗവണ്‍‌മെന്റിനെപ്പറ്റിയും ഭരണത്തിലെ അഴിമതിയെപ്പറ്റിയും എന്നുവേണ്ട, സൂര്യന് താഴെയുള്ള ഒട്ടുമിക്ക കാര്യങ്ങളെപ്പെറ്റിയും അപ്പച്ചന് പറയാനുള്ളതൊക്കെ ഇതിന്റെ കൂടെ പുറത്തേക്ക് വന്നുതുടങ്ങി. അതിനിടെ എന്റെ നേരെ സിഗരറ്റിന്റെ പാക്കറ്റ് നീട്ടി. വല്ലപ്പോഴുമൊക്കെ വലിക്കുമെങ്കിലും കൂട്ടുകാരന്റെ അപ്പച്ചനല്ലേയെന്നോര്‍ത്ത് ഞാന്‍ പറഞ്ഞു.

“ഞാന്‍ വലിക്കില്ല..!”
“അതുനന്നായി..!”

പിന്നെ, പുകവലി തുടങ്ങിയ കഥയും വലിക്കുന്നതുകൊണ്ടുള്ള ദൂഷ്യങ്ങളുമൊക്കെയായി അപ്പച്ചന്റെ സംസാരവിഷയം. ഇപ്പവരാന്ന് പറഞ്ഞ ജിന്‍സും എത്തിയില്ല. എനിക്കാണെങ്കില്‍ വിശന്നും തുടങ്ങി. അതിന്റെയൊക്കെ മുകളിലാണ് അപ്പച്ചന്റെ ഈ പുരാണം പറച്ചില്‍. എന്തായാലും ഇത്തിരി നേരം കഴിഞ്ഞ് അപ്പച്ചന്‍ അകത്തേക്ക് നോക്കി ഒന്നുവിളിച്ചു.

“എടിയേ... ചായയിങ്ങെടുത്തോ..”
തിരിഞ്ഞ് എന്നെ നോക്കി, “ചായ കുടിക്കുകയല്ലേ..?”

ങും, അല്ലേന്ന്..! ആനയെ കിട്ടിയാല്‍ കഴിക്കാനുള്ള വിശപ്പുണ്ട്. അപ്പോഴാ കുടിക്കുകയല്ലേന്ന്..! ചായ വേണ്ട, ഊണുകഴിച്ചേക്കാം എന്ന് പറയാനോങ്ങിയെങ്കിലും പറഞ്ഞതിങ്ങനെയാണ്.

“ഇത്തിരി കഴിഞ്ഞായാലും മതി..!”

എന്തായാലും ജിന്‍സിന്റെ പെങ്ങള്‍ ചായയുമായി വന്നു, അമ്മച്ചിയും പിറകേയുണ്ടായിരുന്നു. അവള്‍ എന്നെ നോക്കാതെ ചായ തന്നിട്ട് വാതില്‍ വരെ പതിയെയും അവിടുന്നങ്ങോട്ട് റോക്കറ്റ് പോകുന്നപോലെയും സ്‌കൂട്ടായി. കൊണ്ടുവച്ച ചായയും വാഴപ്പഴവും ബിസ്‌ക്കറ്റുമൊക്കെ ഒരു മയത്തില്‍ അകത്താക്കുന്നതിനിടയില്‍ ഞാന്‍ അപ്പച്ചനോട് ചോദിച്ചു.

“വലിയ നാണക്കാരിയാ, അല്ലേ?”
“ഇവളിങ്ങനാ. ഇവടെ അനിയത്തിയൊണ്ട്, ലിന്‍സി. അവള്‍ ജഗജില്ലിയാ..!”
“ആണോ! ഇവരൊക്കെ പഠിക്കുവാണോ?”
“ജിന്‍സി പഠിത്തമൊക്കെ നിര്‍ത്തി, പ്ലസ്‌ടു വരെ പോയി. പിന്നെ, കമ്പൂട്ടറും പഠിച്ചിട്ടൊണ്ട്. ലിന്‍സി പത്തില്‍ പഠിക്കുന്നു. കൂട്ടുകാരന്‍ ഇതൊന്നും പറഞ്ഞില്ലാരുന്നോ?”
“ഇല്ല, ഞാന്‍ ചോദിച്ചിട്ടില്ല, അതുകൊണ്ടായിരിക്കും..!”
“ആയിരിക്കും..”
“ജിന്‍സിനെ ഇതുവരെ കണ്ടില്ലല്ലോ?” വാച്ചിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“ജിന്‍സിയാ ഇപ്പോള്‍ വന്നത്..!” അപ്പച്ചന്‍ എന്നെ നോക്കി ഒരു കള്ളച്ചിരിയും.
“അല്ല, ജിന്‍സ് ....”

എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നിത്തുടങ്ങി. എന്റെ പരുങ്ങിക്കളി കണ്ടപ്പോള്‍ അപ്പച്ചനും ഒരു സംശയം.

“അല്ല, ജോണ്‍‌സണെന്നല്ലേ മോന്റെ പേരു പറഞ്ഞത്?”

ജോണ്‍സണോ..! ഞാനോ..! അതിന് ഇതിയാന്‍ എന്നോട് ഇതുവരെ പേരുചോദിച്ചില്ലല്ലോ?

“അല്ല, എന്റെ പേര് ബൈജുന്നാ...!”
“അപ്പോ....”

അപ്പച്ചന്‍ എന്നെയൊന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് എന്റെ നേരെ ചാരി പതുക്കെ ചോദിച്ചു :

“അല്ല, ഇങ്ങോട്ടുതന്നെയല്ലേ വന്നത്?”

ഇയാളുടെ ഭാവാഭിനയം കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി, ഈശ്വരാ..! ഇങ്ങേര്‍ നോര്‍മല്‍ അല്ലേ? ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു.

“അതെ, ഞാന്‍ ജിന്‍സിനെ വിളിച്ചാരുന്നു. അവന്‍ ഇപ്പോള്‍ എത്തിയേക്കാമെന്ന് പറഞ്ഞിട്ടുണ്ട്..”
“അതുശരി..!”

അപ്പച്ചന്റെ ചുണ്ടിലൊരു ചിരിയൊക്കെ കണ്ടുതുടങ്ങി, ഞാനാണെങ്കില്‍ ഇത്തിരി വിയര്‍ക്കാനും

“എവിടുന്നാ വരുന്നത്?” അപ്പച്ചന്റെ അടുത്ത ചോദ്യം
“എറണാകുളത്തൂന്ന്..” എന്റെ സ്വരത്തില്‍ ചെറിയൊരു വിറയല്‍ കലര്‍ന്നിരുന്നോ എന്നൊരു സംശയം...
“അതുശരി..!”

അപ്പച്ചന്‍ പിന്നെയും ചിരിച്ചു. പിന്നെയും പിന്നെയും...!

ഈശ്വരാ, ഇങ്ങനെയുള്ള കാര്യം ജിന്‍സ് പറഞ്ഞിട്ടില്ലല്ലോ? ഇങ്ങനത്തെ കാര്യമൊക്കെ വെറുതെ പറയേണ്ട കാര്യമില്ലല്ലോ എന്നോര്‍ത്തായിരിക്കും. എന്നാലും ഇത് ചതിയായിപ്പോയി ജിന്‍സേ..! അപ്പോള്‍ അപ്പച്ചന്‍ എന്റെ നേരെ നോക്കി അനുനയത്തില്‍ പറഞ്ഞു.

“അതേ, ഇന്ന് ജിന്‍സിയെ, നേരത്തെ ചായേമായി വന്നില്ലേ, അവളെ പെണ്ണുകാണാന്‍ ഒരു കൂട്ടര്‍ വരാമെന്ന് പറഞ്ഞിരുന്നു. ചെറുക്കനും ചെറുക്കന്റെ കൂട്ടുകാരനും. അവരാണെന്നോര്‍ത്താണ് ഞങ്ങളിരുന്നത്..!”

അപ്പോള്‍ ഇവിടെ നടന്നത്..? എന്റെ ആദ്യ പെണ്ണുകാണല്‍ ചടങ്ങ്..! അതും വീട്ടുകാരും കൂട്ടുകാരും, എന്തിന് ഞാന്‍ പോലുമറിയാതെ..! ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഞാന്‍..! എങ്കിലും ജഗദീഷ് സ്റ്റൈലില്‍ ഒരു മറുപടി ഞാന്‍ കൊടുത്തു.

“അതുപിന്നെ... എനിക്ക് .. വീടുമാറിപ്പോയതായിരിക്കും...!”

ഇതോടെ എന്റെ വിയര്‍ക്കല്‍ സമ്പൂര്‍ണ്ണമായി, വിശപ്പും കെട്ടടങ്ങി. കോഴിക്കാലുപോയിട്ട് കോഴിപ്പൂട പോലും വേണ്ടാ, എങ്ങനെയും സ്‌കൂട്ടായാല്‍ മതിയെന്നായി. എങ്കിലും ജിന്‍സിന്റെ വീടറിയാമെന്നും തപ്പിയെടുത്തുതരാമെന്ന് അദ്ദേഹം ഉറപ്പു തന്നു. മാത്രവുമല്ല, അദ്ദേഹത്തിന്റെ പത്താം ക്ലാസുകാരിയായ മകള്‍ ലിന്‍സിയെ എന്നെ അവിടെ വരെ കൊണ്ടാക്കാന്‍ പറഞ്ഞ് എന്റെ കൂടെ അയക്കുകയും ചെയ്‌തു. സംഭവിച്ചതെന്തെന്നാല്‍, അവിടെ രണ്ട് ചെമ്മഞ്ചിയുണ്ട്. ഒരെണ്ണം ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ അടുത്തും മറ്റൊന്ന് കുറച്ചകലെ മലമുകളിലും. എന്നെ ചതിച്ചത് ഓട്ടോക്കാരനാണ്, അങ്ങേര്‍ എന്നെ കൊണ്ടാക്കിയത് മലമുകളിലെ ‘രണ്ടാം ചെമ്മഞ്ചി’യിലായിരുന്നു. ‘ജിന്‍സിന്റെ വീട്’ എന്ന് ചോദിച്ചത് ‘ജിന്‍സീന്റെ വീട്’ എന്ന് അപ്പച്ചന്‍ തെറ്റിദ്ധരിച്ചത് അടുത്ത പ്രശ്നം. എങ്കിലും അപ്പച്ചാ, ഇടയ്ക്ക് എപ്പോഴെങ്കിലും ഈ മോനേ വിളി മാറ്റി ജോണ്‍‌സാ എന്നുവിളിച്ചാരുന്നെങ്കില്‍...! ലിന്‍സിയുടെ കൂടെ ജിന്‍സിന്റെ വീട്ടിലേക്ക് പോകും വഴി ലിന്‍സി എന്നെ കാര്യമായിട്ട് കളിയാക്കിക്കൊണ്ടേയിരുന്നു, അല്ല, കാര്യമായി ആക്കിക്കൊണ്ടിരുന്നു. എവള്‍ ജഗജില്ലിയാണെന്ന് അപ്പച്ചന്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോള്‍ എനിക്ക് മനസ്സിലാ‍യി.! ഒടുവില്‍‍ ലിന്‍സിയോട് താങ്ക്സും പറഞ്ഞ് ജിന്‍സിന്റെ വീട്ടിലെത്തി അവനോട് ഞാന്‍ ആദ്യം പറഞ്ഞതിങ്ങനെയായിരുന്നു.. “എന്നാലുമെന്റെ ജിന്‍സേ...!”

Tuesday, July 3, 2007

ചില ജാപ്പനീസ് വിശേഷങ്ങള്‍ - രണ്ടാം ഭാഗം അഥവാ റിമോട്ട് കണ്‍‌ട്രോള്‍ കാര്‍

കഴിഞ്ഞ കഥയിലെ മോഹന്‍ തന്നെയാണ് ഇതിലെയും “ഞാന്‍” :)

റിമോട്ട് കണ്‍‌ട്രോള്‍ കാര്‍

ജപ്പാനില്‍ നിന്ന് കട്ടേം പടോം മടക്കി പോരാറായ സമയം. ഒരു ശനിയാഴ്‌ച ദിവസം വൈകിട്ട് ടോറന്റില്‍ നിന്നും വലിച്ചെടുത്ത പഴയ ഏതോ സിനിമയും കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു നാട്ടില്‍ നിന്നൊരു ഫോണ്‍‌കോള്‍ :

“ഹലോ....?”
“ഡേയ്, ഇത് ഞാനാ, പ്രശാന്ത്... എന്നാ ഒണ്ട് അവിടെ വിശേഷം..? ജോലിയൊക്കെ സുഖമായിരിക്കുന്നോ..?”
“ങ്ഹ, നീയോ..? ഇവിടെ വിശേഷം.... ഞാന്‍ കഴിഞ്ഞ വീക്കെന്‍‌ഡില്‍ ...”
“മതി മതി, വിശേഷമൊക്കെ പിന്നെ പറയാം, നീയെന്നാ വരുന്നെ..?”
“അടുത്ത ശനിയാഴ്‌ച...”
“ഡേയ്, നീ അവിടുന്ന് വരുമ്പോ എനിക്കൊരു റിമോട്ട് കണ്‍‌ട്രോള്‍ കാറും വാങ്ങിച്ചോണ്ട് വരണേ..! മറക്കല്ലേ...! എന്നാല്‍ വെക്കട്ടെ..? അപ്പോ ശരി, ബൈ..!”

നാട്ടില്‍ കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാരനാണ്. ഒരു മിനിറ്റിനകം അവന്‍ എല്ലാം പറഞ്ഞുതീര്‍ത്തു..! ഐ.എസ്.ഡിയാണേ..! അവനാണേല്‍ വയസ്സ് പത്തുമുപ്പതായി, ഇപ്പോഴും കാറും പീപ്പിയും ബലൂണുമൊക്കെ വെച്ചാണ് കളി..! ഇത്തിരി നൊസ്സുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു ചങ്ങാതി.! എന്തായാലും വാങ്ങിയേക്കാം. ഇനി നാട്ടില്‍ ചെന്നിട്ട് അവനോടെന്ത് പറയും..? ഇപ്പോള്‍ തന്നെ വാങ്ങിയില്ലേല്‍ ചിലപ്പോള്‍ മറന്നേക്കും. ഉടനെ തന്നെ സോപ്പുവാങ്ങിയാല്‍ ചീപ്പ് ഫ്രീ എന്ന പോലെ, അപ്പാര്‍ട്ട്മെന്റിന്റെ കൂടെ കിട്ടിയ സൈക്കിള്‍ കാലിന്റെയിടയില്‍ ഫിറ്റ് ചെയ്‌ത് നേരെ വിട്ടു അടുത്ത ‘യോദോബാഷി’യിലേക്ക്. ഗുണനിലവാരമുള്ള ഇലക്‌ടോണിക്സ് സാധനങ്ങള്‍‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി ഒട്ടുമിക്ക എന്തും കിട്ടുന്ന ജപ്പാനിലെ പ്രശസ്തമായ ഒരു ഗ്രൂപ്പാണ് ഈ പറഞ്ഞ ‘ഷി‘. ഏഴാമത്തെ നിലയിലാണ് ഇമ്മാതിരി കുന്ത്രാണ്ടങ്ങളൊക്കെയുള്ളത്. അവിടെയെത്തി പരതുന്നതിനിടെ ഏതാണ്ട് കാറിന്റെയും റിമോട്ടിന്റെയും പടങ്ങളുള്ള കുറെ പെട്ടികള്‍ കണ്ടെങ്കിലും അതിന്റെയൊക്കെയുള്ളിലുള്ളത് എന്താണെന്ന് യാതൊരുറപ്പുമില്ലായിരുന്നു. പെട്ടീടെ പുറത്ത്എഴുതിപ്പിടിപ്പിച്ചിരിക്കുന്നതൊക്കെയാവട്ടെ, കട്ടജാപ്പനീസിലും! പുറമേയുള്ള പടം കണ്ട് സാധനം വാങ്ങി, മുമ്പൊരു പറ്റ് പറ്റിയതാണ്.

അന്ന് വാങ്ങാന്‍ പോയത് കാറും ജീപ്പുമൊന്നുമല്ലായിരുന്നു. പുട്ട്, ദോശ എന്നിവയൊക്കെ അരികൊണ്ടുമാത്രമല്ല, ഗോതമ്പുകൊണ്ടും വലിയ കുഴപ്പമില്ലാതെ ഉണ്ടാക്കാനൊക്കും എന്ന വെളിപാടുണ്ടായ ദിവസം, ഗോതമ്പെങ്കില്‍ ഗോതമ്പ്, വാങ്ങിനോക്കാമെന്ന് കരുതി അടുത്ത കണ്‍‌വീനിയിലേക്ക് വിട്ടു. പുറമേയുള്ള, ഗോതമ്പോ ചോളമോ എന്ന് തിരിച്ചറിയാനാകാത്ത പടവും, ഇളം തവിട്ടുനിറത്തിലുള്ള പൊടിയും കണ്ട്, ഗോതമ്പാണെന്ന വിശ്വാസത്തോടെ, അതും വാങ്ങി പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോളാണ് ഇത്തിരി കൂടി തരിരൂപത്തിലുള്ള വേറൊരു സംഭവം കണ്ടത്. അതിന്റെ പുറത്തും ഇതേ പടമുണ്ടായിരുന്നു. ഇതില്‍ ഏതായിരിക്കും നല്ല ഗോതമ്പുപൊടി? സംശയം വേണ്ട, രണ്ടും ഓരോ കിലോ വാങ്ങിയേക്കാം. തരിഗോതമ്പുപൊടികൊണ്ടുണ്ടാക്കുന്ന പുട്ടും, നല്ല പൊടിഗോതമ്പുകൊണ്ടുണ്ടാക്കുന്ന ദോശയുമൊക്കെ സ്വപ്‌നം കണ്ട് വീട്ടിലേക്ക് നടന്നു. അത്താഴമുണ്ടാക്കാറായപ്പോള്‍ ആദ്യത്തെ കൂട് പൊട്ടിച്ച് ഒരിത്തിരി നാക്കില്‍ വെച്ച് നോക്കി. ഒന്ന് ഞെട്ടി! നല്ല മധുരം! ഈശ്വരാ..! ഇങ്ങനെയും ഗോതമ്പുപൊടിയോ..? അപ്പോള്‍ അടുത്തതോ..? അതും പൊട്ടിച്ചുനോക്കി. അതിനും നല്ല മധുരം! പണി പാളിയെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..? പിന്നീടൊരിക്കല്‍ ഒരു ജാപ്പനീസ് ചങ്ങാതി വഴിയറിഞ്ഞു ഇവ രണ്ടും ചോളം കൊണ്ടുണ്ടാക്കുന്ന ഒരു തരം പഞ്ചസാരയാണെന്ന്! എന്നിട്ട് ഈ രണ്ടുകിലോ ‘ഗോതമ്പുപഞ്ചസാര’ തീര്‍ക്കാനായി എന്തോരും ചായയും കാപ്പിയുമാ ഞാന്‍ ഉണ്ടാക്കിക്കുടിക്കേണ്ടിവന്നത്..!

ചൂടുവെള്ളത്തില് വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ. ഇങ്ങനെയൊരു മുന്‍ അനുഭവം സ്വന്തമായുള്ളതുകൊണ്ട് ഇനിയും റിസ്‌ക്കെടുക്കാന്‍ വയ്യ, ആരെയെങ്കിലും വിളിച്ചുചോദിക്കാം. ആദ്യം മുന്നില്‍ വന്നുപെട്ടയാളോട് മുന്‍‌അനുഭവം വെച്ച് ഇംഗ്ലീഷില്‍ത്തന്നെ ചോദിക്കാമെന്നു വിചാരിച്ചു. അല്ലെങ്കിലും റിമോട്ട് കണ്‍‌ട്രോള്‍ എന്നതിന്റെ ജാപ്പനീസ് എനിക്കറിയില്ലായിരുന്നു.

“റിമോത്തോ കന്ത്‌റോളാ xxxxx കുറുമാ അരിമാസ്‌കാ ...?”

‘കുറുമ’ എന്നുവെച്ചാല്‍ കാറ്‌. (സത്യമായും ഈ വാക്കിന് നമ്മുടെ കുറുമാനുമായോ മട്ടന്‍‌ കുറുമ, ചിക്കന്‍ കുറുമ എന്നിവയുമായോ അമ്മച്ചിയാണേ, യാതൊരു ബന്ധവുമില്ലേ..) ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ഇവിടെ വല്ലാതെ മാറ്റമുണ്ട്. ട് എന്നതില്‍ അവസാനിക്കുന്ന വാക്കൊക്കെ ‘തോ’ എന്നതിലും ഡ് എന്നതിലവസാ‍ാനിക്കുന്നതൊക്കെ ‘ദോ’ എന്നതിലുമാണ് ഈ അണ്ണന്മാര്‍ അവസാനിപ്പിക്കുന്നത്. അതുപോലെ തന്നെ ‘ട’ യൊക്കെ ‘ത’യും ‘ഡ’യൊക്കെ ‘ദ’യും ആയെങ്കിലും മാത്രമേ അത് ജപ്പാനിലെ ഇംഗ്ലീഷ് ആകൂ..! മാത്രവുമല്ല സ്‌പീഡൊക്കെ വല്ലാതെ കുറച്ചുപറയുകയും വേണം. അങ്ങനെ റിമോട്ട് കണ്‍‌ട്രോള്‍ ഉപയോഗിച്ച് ഓടുന്ന കാറുണ്ടോ എന്ന് ചോദിച്ചതാണ് ഈ കണ്ടത്..!

ഇത് കേട്ട കക്ഷി എന്നെ പകച്ചുനോക്കി. ഞാനും ഒന്ന് പകച്ചു. കാറ്‌ വാങ്ങാന്‍ വന്ന ഞാന്‍ ഇവിടുന്ന് കാറിക്കൂവി പോകേണ്ടിവരുമോ..? ഏയ്, ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് കക്ഷിയ്‌ക്ക് മനസ്സിലാകാഞ്ഞിട്ടായിരിക്കും. പിന്നേ, ഭാഷയൊന്നും ഇല്ലാതിരുന്ന കാലത്തും ആശയവിനിമയം നടത്തിയിരുന്നതല്ലേ? ങ്ഹും, എന്നോടാ കളി..! ആത്മവിശ്വാസത്തിന്റെ കച്ചിത്തുരുമ്പില്‍ പിടിച്ചുതൂങ്ങി ഞാന്‍ വീണ്ടും തുടങ്ങി.

“റിമോത്തോ.... കന്ത്‌റോളാ.... കുറുമാ... ഉവിഷ്...!” റിമോട്ട് ഇടതുകൈവെള്ളയില്‍ വലതുകൈയിലെ വിരലുകള്‍ കൊണ്ട് റിമോട്ട് ഞെക്കുന്നതുപോലെയും, വലതുകൈപ്പത്തി വായുവില്‍ കമഴ്ത്തിവെച്ച്, ഇത്തിരി പിന്നോട്ടുവളച്ച് വേഗത്തില്‍ മുന്നോട്ടുനീക്കി കാറോടുന്നതുമൊക്കെ ഭംഗിയായി ഞാന്‍ അവതരിപ്പിച്ചുകാണിച്ചു. അന്നത്തെ എന്റെ അവതരണം ഏതെങ്കിലും ചാ‍നലുകാര്‍ കണ്ടിരുന്നെങ്കില്‍ എനിക്ക് ബധിരര്‍ക്കുള്ള വാര്‍ത്തവായിക്കുന്ന പോസ്റ്റിലേക്ക് ഒരു ജോലി ഉറപ്പായിരുന്നു..! ചുളിവുകള്‍ നിവര്‍ന്നുവരുന്ന അങ്ങേരുടെ നെറ്റി കണ്ടതോടെ എന്റെ കഥകളി ഏറ്റെന്ന് എനിക്കു മനസ്സിലായി. ആശ്വാസം ഒരു ദീര്‍ഘനിശ്വാസത്തിന്റെ രൂപത്തില്‍ പുറത്തുവരാന്‍ തുടങ്ങുകയായിരുന്നു, അപ്പോഴാണ് എന്റെ കരണക്കുറ്റിയ്‌ക്ക് വീക്കുന്നതുപോലെ മൂപ്പരുടെ ചോദ്യം!

“യൂ മീന്‍, റിമോട്ട് കണ്‍‌ട്രോള്‍ കാര്‍..?” അതും നല്ല വൃത്തിയുള്ള ആംഗലേയ ഉച്ചാരണത്തോടെ തന്നെ..! ഇനി ഞാനെന്തുപറയാ‍ന്‍? പുറത്തേക്ക് വരാന്‍ റെഡിയായി നിന്ന ആശ്വാ‍സത്തെ വെള്ളം തൊടാതെ വിഴുങ്ങി, ആദ്യം കിട്ടിയ റിമോട്ട് കണ്‍‌ട്രോള്‍ കാറുമായി എത്രയും വേഗത്തില്‍ സ്ഥലം കാലിയാക്കിയെടുത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ?

(തുടരും...)

ചില ജാപ്പനീസ് വിശേഷങ്ങള്‍ - ഒന്നാം ഭാഗം അഥവാ ഇതുമൊരു ദണ്ഢിയാത്ര

എന്റെ അടുത്ത കൂട്ടുകാരിലൊരാളാണ് മോഹന്‍. ഈയുള്ളവന്‍ ജപ്പാനിലായിരുന്ന സമയത്ത് ടിയാനും അവിടെത്തന്നെ കുറെക്കാലം ഉണ്ടായിരുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ അബദ്ധങ്ങള്‍ എങ്ങനെ ഒപ്പിച്ചെടുക്കാം എന്നതില്‍ ഒരു ഗവേഷണം നടത്തുന്ന രീതിയിലായിരുന്നു ഞങ്ങളുടെ അവിടുത്ത ഒന്നരവര്‍ഷത്തെ ജീവിതം. അധികവും ഭാഷ അറിയാത്തതുകൊണ്ടുള്ള പ്രശ്‌നങ്ങളായിരുന്നു. പിന്നെ, ഒരാശ്വാസമുള്ളത് എനിക്കൊരു പറ്റു് പറ്റുമ്പോള്‍ കൂട്ടുകാര്‍ക്കും മിനിമം ഒന്നെങ്കിലും പറ്റുമായിരുന്നു എന്നതായിരുന്നു.

എനിക്ക് പറ്റിയ പറ്റൊക്കെ പിറകേ വരും. ആദ്യം മോഹന് പറ്റിയ രണ്ടുമൂന്നെണ്ണം എഴുതട്ടെ. എഴുതാനും വായിക്കാനും സുഖത്തിനായി ഇതിലെ ഞാന്‍ എന്ന കഥാപാത്രമായി മോഹനെ അവരോധിക്കുകയാണ്. എന്നാല്‍ ദാ പിടിച്ചോ.

ഇതുമൊരു ദണ്ഢിയാത്ര

ഇന്നെന്തായാലും വേണ്ടില്ല, വൈകിട്ട് ചിക്കന്‍‌കറി തന്നെ. ഉറപ്പിച്ചു. മിക്കവാറും കറി ഉണ്ടാക്കിക്കഴിഞ്ഞാണ് കറിക്ക് പേരിടുന്നത്. അത് പണ്ടേയുള്ള ശീലമാണ്. പഠിക്കുന്ന സമയത്ത് ഞാനുണ്ടാക്കിയിരുന്ന സാമ്പാറിന് “ത്രീ ഇന്‍ വണ്‍ കറി“ എന്നൊരു വിശേഷണവും കൂട്ടുകാര്‍ കല്പിച്ചുതന്നിരുന്നു. കാരണം വേറൊന്നുമല്ല, സാമ്പാറുണ്ടാക്കി അടുപ്പത്തുനിന്നും വാങ്ങിവെച്ച് അത് ഇളക്കാതെ മുകളില്‍ നിന്നും കോരിയെടുത്താല്‍ രസം കിട്ടും! നടുക്കുനിന്നാണെങ്കിലോ സാമ്പാര്‍ കിട്ടും! ഇനി അടിയില്‍ നിന്നാണെങ്കിലോ കിട്ടുന്നത് നല്ലൊന്നാന്തരം പരിപ്പുകറി! അതുപോലെ ഇന്നും ചിക്കന്‍ കറിയാണ് ഉണ്ടാക്കാന്‍ പ്ലാനെങ്കിലും ഉണ്ടാക്കിക്കഴിയുമ്പോള്‍ അറിയാം എന്ത് പേരിടണമെന്ന്.

കണ്‍‌വീനി എന്ന ഓമനപ്പേരിലറിയപ്പെടുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ചിക്കനും മറ്റുസാധനങ്ങളുമൊക്കെ ഒരു വിധത്തില്‍ തപ്പിയെടുത്തു. കറിയിലിടേണ്ട ഉപ്പുമാത്രം എവിടെയും കണ്ടില്ല. ആരോടെങ്കിലും ചോദിച്ചുനോക്കാം. അപ്പോഴാണോര്‍ത്തത് - ഉപ്പിന് ജാപ്പനീസില്‍ എന്തുപറയും? അറിയാമായിരുന്നല്ലൊ? ഇതാണ് കുഴപ്പം, ആവശ്യമുള്ളപ്പോള്‍ വേണ്ട വാക്ക് കിട്ടില്ല. അതാണ് ‘നിഹോന്‍‌ഗോ’യുടെ കുഴപ്പം..! വേണ്ട സമയത്ത് നിഹോന്‍ “ഗോ“ ചെയ്‌തുകളയും! ഇവിടെയാണേല്‍ ഇവിടെ ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല. ‘യെസ്, നോ‘ ഈ രണ്ടുവാക്കുകള്‍മാത്രം ചിലപ്പോള്‍ ഏറ്റേക്കും... ങാ, സാരമില്ല. ഈ ഭാഷയൊക്കെ എന്നാ ഉണ്ടായത്! അറിയാവുന്ന അരയും മുറിയുമൊക്കെ വെച്ച് ഒരു പിടി പിടിച്ചുനോക്കാം. രണ്ടും കല്‍പ്പിച്ച് ആ കടയില്‍ത്തന്നെയുള്ള അടുത്തകണ്ട ഒരു ജീവനക്കാരനോട് ഒരു വിധത്തില്‍ ഇങ്ങനെയെങ്ങാണ്ട് പറഞ്ഞൊപ്പിച്ചു.

“സുമിമാസേന്‍... സാത്തോ തോ ഒനാജി xxxxxxxxxxxxxxxxxxx.........”

‘സുമിമാസേന്‍’ എന്നുവെച്ചാല്‍ ‘എക്‌സ്‌ക്യൂസ് മീ’, ‘സാത്തോ‘ എന്നുവെച്ചാല്‍ പഞ്ചസാര, ‘ഒനാജി’ എന്നുവെച്ചാല്‍ ‘പോലെ’. അതായത് ‘എക്സ്‌ക്യൂസ് മീ, പഞ്ചസാര പോലെയുള്ള കറിയിലൊക്കെ ഇടുന്ന സാധനമുണ്ടോ‘ എന്നാണ് ഞാന്‍ ചോദിച്ചൊപ്പിക്കാന്‍ ശ്രമിച്ചത്. ഇനി പറയുന്നതൊക്കെ ശരിക്കും ജാപ്പനീസിലായിരുന്നു, തല്‍ക്കാലത്തേക്ക് മലയാളത്തിലെഴുതുന്നു. കാരണം മറ്റൊന്നുമല്ല, ജാപ്പനീസില്‍ എഴുതിയാല്‍ നിങ്ങള്‍ക്കും മനസ്സിലാകില്ല, എനിക്കും മനസ്സിലാകില്ല, എന്തിന് ജപ്പാന്‍ കാരനെ വായിച്ചുകേള്‍പ്പിച്ചാല്‍ അങ്ങേര്‍ക്കുപോലും ചിലപ്പോള്‍ മനസ്സിലാക്കാന്‍ പറ്റണമെന്നില്ല..!

അല്‍പ്പനേരം ആലോചിച്ചുനിന്ന ശേഷം അദ്ദേഹം കറിയിലൊക്കെ ഇടുന്ന ഒരു തരം മസാലപ്പൊടി കൊണ്ടുവന്നു.

“അയ്യോ ഇതല്ല, വേറെ..“ എന്ന് ഞാനും.
“‘ഇത് കറിയിലിടുന്നതാണ് ..!” എന്ന് കടക്കാരന്റെ മറുപടി.

എവനാളുകൊള്ളാമല്ലോ! കറിയിലിടുന്ന എന്തെങ്കിലും കിട്ടിയാല്‍ പോരല്ലോ? ഉപ്പിന് ഉപ്പുതന്നെ വേണ്ടേ..?

“അതേയ്, വേറെ നിറത്തിലുള്ളതാണ് ..!”
“ഓ, ഇപ്പപ്പിടികിട്ടി..!”

ഇത്തവണ കടക്കാരന്‍ മുങ്ങിപ്പൊങ്ങിയത് വേറൊരു നിറത്തിലുള്ള മസാലപ്പൊടിയുമായാണ്..! ഇതെന്തൊരു കഷ്‌ടമാണെന്ന് നോക്കണേ..! ഈ കടയില്‍ മസാലപ്പൊടികള്‍ മാത്രമേയുള്ളോ? ഇനി എന്തുപറഞ്ഞൊപ്പിക്കും? അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ കടക്കാരന്റെ വക ഒരു ചോദ്യം..

“ഈ പറയുന്ന സാധനത്തിന്റെ ടേസ്റ്റ് എന്താണ്..?”

ഈശ്വരാ..! ഉപ്പിന്റെ ടേസ്റ്റെന്താണെന്ന് ചോദിച്ചാല്‍ ഉപ്പെന്നുതന്നെയല്ലേ പറയാന്‍ പറ്റൂ...! ഡോ മനുഷ്യാ, അതറിയാമായിരുന്നെങ്കില്‍ ഞാനീ പെടാപാട് പെടുമായിരുന്നോ..? എന്തെങ്കിലും പറഞ്ഞൊപ്പിക്കാന്‍ കുറെ ശ്രമിച്ചുനോക്കി. അവസാനം “അറിയില്ല” എന്നും പറഞ്ഞ് കൈമലര്‍ത്തിക്കാണിച്ചു. “സുമിമാസേന്‍.. നായി ദേസ്‌നേ..!” (ക്ഷമിക്കണം, ഇവിടെ ഇല്ലാട്ടോ..!) എന്ന് രണ്ട് കയ്യും കൂട്ടി കുരിശിന്റെ ആകൃതിയില്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ പിടിച്ച് വിനീതമായി മൊഴിഞ്ഞെങ്കിലും, അണ്ണാക്കിലേക്ക് വെക്കാനായി വാങ്ങുന്ന സാധനത്തിന്റെ ടേസ്റ്റ് പോലും അറിയാത്ത എവനൊക്കെ എന്തോന്ന് കുരിശെഡേയ് എന്നായിരിക്കും അങ്ങേര്‍ ഉദ്ദ്യേശിച്ചതെന്ന് ആ നോട്ടത്തില്‍ നിന്നും ഞാനൂഹിച്ചു.

ഉപ്പില്ലാത്ത സൂപ്പര്‍മാര്‍ക്കറ്റോ? ഞാനും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇന്നിനി ചിക്കന്‍കറി വെച്ചില്ലേലും വേണ്ടില്ല, ഉപ്പുവാങ്ങീട്ടേ പോണുള്ളൂ. തൊട്ടപ്പുറത്തുനിന്ന വേറൊരു ജീവനക്കാരനെ ചാക്കിട്ടു. കക്ഷിയോടും ഈ നമ്പരൊക്കെ ഇട്ടുനോക്കി. മൂപ്പരും നേരത്തെ വന്ന ആള്‍ കൊണ്ടുവന്ന മസാലപ്പൊടിയൊക്കെ അതേ ഓര്‍ഡറില്‍ത്തന്നെ കൊണ്ടുവന്നുനിരത്തി..! ഇതെങ്ങനെ ഈ ഓര്‍ഡര്‍ പോലും ലെവന്മാര്‍ ഇത്ര കൃത്യമായി ഓര്‍ത്തിരിക്കുന്നു..?

ഇനി എന്തുപറഞ്ഞൊപ്പിക്കും... ങ്ഹാ, വേറൊരു നമ്പരിട്ടുനോക്കാം.

“അതേ, വെളുത്ത നിറത്തിലുള്ള പൊടിയാണ്..!”

ഇത്തിരി നേരം അങ്ങേരെന്നെ സൂക്ഷിച്ചുനോക്കി. എനിക്കൊരു സംശയം, ഈശ്വരാ, ഇനി ഇപ്പറഞ്ഞതില്‍ വല്ല പ്രശ്‌നവുമുണ്ടോ? ഇത്തിരി ഉപ്പും മുളകുമൊക്കെ കൂട്ടി വല്ലതും കഴിക്കാമെന്നോര്‍ത്തത് ഇത്ര വലിയ അപരാധമോ? അതോ വെള്ള എന്നതിനുപകരം ഞാനുപയോഗിച്ച വാക്ക് ഇവരുടെ ഭാഷയിലെ വല്ല കടുത്ത വാക്കുമാണോ..? ഒരു നിമിഷം തേന്മാവിന്‍ കൊമ്പത്തിലെ ലേലു അല്ലൂ വിളിച്ച് കരയുന്ന മോഹന്‍ലാലിന്റെ ഭാഗം ഞാനിവിടെ അഭിനയിക്കുന്ന, അല്ല അനുഭവിക്കുന്ന അവസ്ഥ ഞാനോര്‍ത്തുനോക്കി. അതിന് ലേലു അല്ലൂ എന്നതിന്റെ ജാപ്പനീസ് പോലും എനിക്കറിയാന്‍ പാടില്ല. ഇങ്ങനെ നൂറുകൂട്ടം ചിന്തകള്‍ തലയില്‍ അക്കുത്തിക്കുത്താനവരമ്പത്ത് കളിച്ചോണ്ടിരിക്കുമ്പോഴാണ് എന്നെ തളര്‍ത്തിക്കൊണ്ടുള്ള കക്ഷിയുടെ ചോദ്യം..!

“യു മീന്‍ സോള്‍ട്ട്..?”

“.....”

ശേഷം ചിന്ത്യം. ഒന്നും മിണ്ടാതെ തലയും കുനിച്ച് അയാള്‍ വെച്ചുനീട്ടിയ ഉപ്പിന്‍‌കൂട് വിലപോലും നോക്കാതെ വാങ്ങി ഞാന്‍ സ്ഥലം കാലിയാക്കി എന്നത് പറയാതെ തന്നെ ഊഹിക്കാമല്ലോ. അതോടുകൂടി ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചു. ആദ്യം ഇംഗ്ലീഷ് വാക്ക് പറഞ്ഞുനോക്കുക, ഏറ്റില്ലെങ്കില്‍ മതി നിഹോന്‍‌ഗോ കൊണ്ടുള്ള അഭ്യാസം. ഇംഗ്ലീഷ് പറഞ്ഞിട്ടും പറ്റിയ പറ്റാണ് അടുത്തത്..

(തുടരും...)